Follow the FOURTH PILLAR LIVE channel on WhatsApp
പാലക്കാട്: റാപ്പര്‍ വേടനെതിരെ അധിക്ഷേപപരാമര്‍ശവുമായി ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി.ശശികല. വേടന്മാരുടെ തുണിയില്ലാച്ചാട്ടങ്ങള്‍ക്കുമുമ്പിലാണ് സമാജം അപമാനിക്കപ്പെടുന്നതെന്ന് ശശികല പറഞ്ഞു. പാലക്കാട്ട് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശശികല.
‘പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങൾക്ക് തനതായ എന്തെല്ലാം കലാരൂപങ്ങളുണ്ട്? റാപ്പ് സംഗീതമാണോ ഇവിടുത്തെ പട്ടികജാതി- പട്ടികവിഭാഗക്കാരുടെ തനതായ കലാരൂപം? ഗോത്രസംസ്‌കൃതി അതാണോ? അവരുടെ വ്യക്തിത്വം ഉറപ്പിക്കേണ്ടത് അതുവഴിയാണോ? പട്ടികജാതി- പട്ടിക വര്‍ഗ വികസന വകുപ്പിൻ്റെ ഫണ്ട് ചെലവഴിച്ച് പാലക്കാട്ട് ഒരു പരിപാടി നടത്തുമ്പോള്‍ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗവുമായി പുലബന്ധം പോലുമില്ലാത്ത റാപ്പ് മ്യൂസിക്കാണോ അവിടെ കേറേണ്ടത്?’-സര്‍ക്കാരിൻ്റെ വാര്‍ഷികാഘോഷത്തിൻ്റെ ഭാഗമായി പട്ടികജാതി-പട്ടികവര്‍ഗ വകുപ്പും സാംസ്‌കാരിക വകുപ്പും ചേര്‍ന്ന് പാലക്കാട് സംഘടിപ്പിച്ച പരിപാടിയെ പരാമര്‍ശിച്ച് അവര്‍ പറഞ്ഞു.
‘വേടന്മാരുടെ തുണിയില്ലാച്ചാട്ടങ്ങള്‍ക്കു മുമ്പിലാണ് സമാജം അപമാനിക്കപ്പെടുന്നത്. കഞ്ചാവോ***ള്‍ പറയുന്നതേ കേള്‍ക്കൂ എന്ന ഭരണത്തിൻ്റെ രീതി മാറ്റണം. വേദിയില്‍ എത്തിച്ച് അതിൻ്റെ മുന്നില്‍ പതിനായിരങ്ങള്‍ തുള്ളേണ്ടി വരുന്ന, തുള്ളിക്കേണ്ടി വരുന്ന ഗതികേട്, ആടിക്കളിക്കെടാ കുഞ്ചിരാമാ ചാടിക്കളിക്കെടാ കുഞ്ചിരാമാ എന്ന് പറഞ്ഞ്, കുഞ്ചിരാമന്മാരെ ചാടിക്കളിപ്പിക്കുകയും ചുടുചോറ് വാരിപ്പിക്കുകയും ചെയ്യുന്ന സംവിധാനങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായെന്ന് ഭരണകൂടത്തിന് മുന്നില്‍ കെഞ്ചാനല്ല, ആജ്ഞാപിക്കാനാണ് ഹിന്ദു ഐക്യവേദി എത്തിയിരിക്കുന്നത്’ -അവര്‍ കൂട്ടിച്ചേര്‍ത്തു.