Follow the FOURTH PILLAR LIVE channel on WhatsApp
ദോഹ: ദോഹ ഡയമണ്ട് ലീഗിലെ ജാവലിനിൽ കരിയറിലാദ്യമായി 90 മീറ്റർ ദൂരം താണ്ടിയിട്ടും നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം മാത്രം. ആദ്യമായി തന്നെ 90 മീറ്റർ കടന്ന ജർമൻ താരം ജൂലിയൻ വെബർ ഒന്നാം സ്ഥാനവും കൊണ്ടു പോയി.
പുതിയ പരിശീലകൻ യാൻ സെലസ്‌നിക്കു കീഴിൽ അമ്പരപ്പിക്കുന്ന പുരോഗതിയാണ് 27കാരനായ സാധ്യമായത്. ദോഹയിൽ ആദ്യ ത്രോയിൽതന്നെ നീരജിൻ്റെ ഫോം വ്യക്തമായിരുന്നു. രണ്ടും അഞ്ചും ത്രോകൾ ഫൗളായി. മൂന്നാമത്തേ ത്രോ 90 കടന്നപ്പോൾ അവസാനത്തേത് മോശമായി. നീരജിൻ്റെ ഏറുകൾ 88.44, x, 90.23, 80.56, x, 88.20 എന്നിങ്ങനെയായിരുന്നു.
ജൂലിയൻ വെബർ അവസാന ത്രോയിലാണ് ഞെട്ടിച്ചത്. 83.82, 85.57, 89.06, 88.05, 89.94, 91.06 എന്നിങ്ങനെയാണ് വെബറുടെ ഏറുകൾ. നീരജിനെ പോലെ വെബറും ആദ്യമായാണ് 90 മീറ്റർ മറികടക്കുന്നത്.
2022ൽ സ്‌റ്റോക്ക്‌ഹോം ഡയമണ്ട് ലീഗിൽ നേടിയ 89.94 മീറ്ററായിരുന്നു നീരജിൻ്റെ ഇതുവരെയുള്ള മികച്ച ദൂരം. അതായിരുന്നു നിലവിലെ ദേശീയ റെക്കോഡ്. ടോക്യോ ഒളിമ്പിക്‌സിൽ സ്വർണം നേടിയപ്പോൾ മറികടന്നത് 87.58 മീറ്റർ. കഴിഞ്ഞവർഷം പാരിസ് ഒളിമ്പിക്‌സിൽ 89.45 മീറ്റർ എറിഞ്ഞാണ് വെള്ളി സ്വന്തക്കിയത്.
ദോഹയിൽ മത്സരിക്കാനുണ്ടായിരുന്ന മറ്റൊരു ഇന്ത്യൻ താരമായ കിഷോർകുമാർ ജെനയുടെ പ്രകടനം നന്നായില്ല. 68.07 മീറ്ററായിരുന്നു തുടക്കം. രണ്ടാമത്തെ ഏറിൽ താണ്ടിയ 78.60 മീറ്റർ ജെനയെ എട്ടാമതെത്തിച്ചു.
വനിതകളുടെ 3000 മീറ്റർ സ്‌റ്റീപ്പിൾചേസിൽ പാരുൾ ചൗധരി ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി. ഒമ്പത് മിനിറ്റ് 13.39 സെക്കൻഡിൽ ആറാംസ്ഥാനമാണ് നേടിയത്. പുരുഷന്മാരുടെ 5000 മീറ്ററിൽ ഗുൽവീർ സിങ് ഒമ്പതാം സ്ഥാനത്തായി.