Follow the FOURTH PILLAR LIVE channel on WhatsApp
ഇംഫാൽ: രാജ്യത്തെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ തന്ത്രപരമായ ലക്ഷ്യത്തിനായി 10 ഉപഗ്രഹങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ.വി.നാരായണൻ. മണിപ്പുരിലെ ഇംഫാലിൽ ഞായറാഴ്ച നടന്ന കേന്ദ്ര കാർഷിക സർവകലാശാലയുടെ ബിരുദദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ഊർജസ്വലമായ ബഹിരാകാശശക്തിയായി മാറുകയാണെന്നും 2040 ആകുമ്പോഴേക്കും ആദ്യത്തെ ബഹിരാകാശനിലയം ഉണ്ടാകുമെന്നും നാരായണൻ പറഞ്ഞു. രാജ്യത്തിൻ്റെ സുരക്ഷ ഉറപ്പാക്കണമെങ്കിൽ ഉപഗ്രഹങ്ങൾ വഴി സേവനംനൽകണം. നമ്മുടെ 7000 കിലോമീറ്റർ നീളമുള്ള കടൽത്തീരവും വടക്കൻഭാഗം മുഴുവനും തുടർച്ചയായി നിരീക്ഷിക്കണം. ഉപഗ്രഹ-ഡ്രോണുകൾ ഇല്ലാതെ നമുക്ക് അത് നേടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനവും വായുമലിനീകരണവും പഠിക്കാനും കാലാവസ്ഥാ നിരീക്ഷണത്തിനുമായി ജി 20 രാജ്യങ്ങൾക്കായി ഐ.എസ്.ആർ.ഒ. ഉപഗ്രഹം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് നാരായണൻ ചൂണ്ടിക്കാട്ടി. ഇന്ത്യയും യു.എസും സംയുക്തമായി വിലയേറിയതും നൂതനവുമായ ഒരു എർത്ത്-ഇമേജിങ് ഉപഗ്രഹം നിർമിക്കുമെന്നും അത് രാജ്യത്തുനിന്ന് വിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു.































