29 C
Trivandrum
Wednesday, January 21, 2026

പാക് ഗ്രൂപ്പുകൾ നടത്തിയത് 15 ലക്ഷത്തിലധികം സൈബർ ആക്രമണങ്ങൾ; 99.99 ശതമാനവും പാളി

Follow the FOURTH PILLAR LIVE channel on WhatsApp 

മുംബൈ: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയിലെ വെബ്സൈറ്റുകള്‍ ലക്ഷ്യമിട്ട് പാക് ഹാക്കിങ് ഗ്രൂപ്പുകള്‍ നടത്തിയത് 15 ലക്ഷത്തിലധികം സൈബര്‍ ആക്രമണങ്ങള്‍. എന്നാല്‍ ഇതില്‍ 150 എണ്ണം മാത്രമാണ് വിജയിച്ചത്. 99.99 ശതമാനം സൈബര്‍ ആക്രമണങ്ങളും പരാജയപ്പെട്ടുവെന്നാണ് അധികൃതര്‍ കണ്ടെത്തിയിട്ടുള്ളത്. പാകിസ്താൻ്റെ ഭാഗത്തുനിന്നുള്ള ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെല്ലാം ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തിരുന്നു. പാക് ഭീകരത്താവളങ്ങളില്‍ ഇന്ത്യന്‍ സൈന്യം കനത്ത നാശംവിതയ്ക്കുകയും ചെയ്തു. പിന്നാലെയാണ് പാക് ഗ്രൂപ്പുകളുടെ സൈബര്‍ ആക്രമണങ്ങളും ഫലം കണ്ടില്ലെന്ന തരത്തിലുള്ള വിവരങ്ങള്‍ പുറത്തുവന്നത്.

ഭീകരര്‍ക്കെതിരെ ഇന്ത്യന്‍ സായുധ സേന നടത്തിയ സൈനിക ഓപ്പറേഷൻ്റെ ഭാഗമായി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മഹാരാഷ്ട്രയിലെ നോഡല്‍ സൈബര്‍ ഏജന്‍സി പാകിസ്താന്‍ ഹാക്കിങ് ഗ്രൂപ്പുകള്‍ നടത്തിയ സൈബര്‍ യുദ്ധം വിശദീകരിച്ചിട്ടുണ്ട്. ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ്, സ്റ്റേറ്റ് ഇൻ്റലിജന്‍സ് ഡിപ്പാര്‍ട്ട്മെൻ്റ് ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന ഏജന്‍സികള്‍ക്കും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ബംഗ്ലാദേശ്, പാകിസ്താന്‍, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍, ഇന്‍ഡോനീഷ്യ എന്നിവിടങ്ങളില്‍ നിന്നാണ് സൈബര്‍ ആക്രമണങ്ങളുടെ ഉത്ഭവമെന്ന് മഹാരാഷ്ട്ര സൈബര്‍ എ.ഡി.ജി.പി. യശസ്വി യാദവ് പറഞ്ഞു.

റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന 7 ഹാക്കിങ് ഗ്രൂപ്പുകള്‍ ഇവയാണ്: പാകിസ്താന്‍ ആസ്ഥാനമായുള്ള ആപ്ട് 36, പാകിസ്താന്‍ സൈബര്‍ ഫോഴ്സ്, ടീം ഇന്‍സെയ്ന്‍ പി.കെ., മിസ്റ്റീരിയസ് ബംഗ്ലാദേശ്, ഇന്‍ഡോ ഹാക്ക്‌സ് സെക്, സൈബര്‍ ഗ്രൂപ്പ് ഹോക്‌സ് 1337, നാഷണല്‍ സൈബര്‍ ക്രൂ (പാകിസ്താന്‍ അനുകൂല ഗ്രൂപ്പ്). ഈ ഗ്രൂപ്പുകള്‍ ചേര്‍ന്ന് ഏകദേശം 15 ലക്ഷം ടാര്‍ഗെറ്റഡ് സൈബര്‍ ആക്രമണങ്ങള്‍ ഇന്ത്യന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ നടത്തിയതായി അധികൃതര്‍ പറയുന്നു.

ഇന്ത്യയും പാകിസ്താനും സൈനിക നടപടികള്‍ നിര്‍ത്തിവെക്കാന്‍ ധാരണയിലെത്തിയ ശേഷവും രാജ്യത്തെ സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ അയല്‍രാജ്യങ്ങളില്‍ നിന്നും ബംഗ്ലാദേശില്‍നിന്നും പശ്ചിമേഷ്യന്‍ മേഖലയില്‍ നിന്നും സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനുശേഷം ഇന്ത്യയിലെ സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ ലക്ഷ്യമാക്കിയുള്ള സൈബര്‍ ആക്രമണങ്ങള്‍ കുറഞ്ഞു. എന്നാല്‍ പൂര്‍ണ്ണമായി നിലച്ചില്ല എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.

സൈബര്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ അധികൃതര്‍ തള്ളിക്കളഞ്ഞിട്ടുമുണ്ട്. പ്രധാന വിമാനത്താവളങ്ങളുടെയും തിരഞ്ഞെടുപ്പ് കമ്മീഷൻ്റെയും വെബ്സൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായി എന്ന തരത്തില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാന രഹിതമാണ്. മാല്‍വെയര്‍ കാമ്പെയ്നുകള്‍, ഡിസ്ട്രിബ്യൂട്ടഡ് ഡിനയല്‍ ഓഫ് സര്‍വീസ് (DDoS) ആക്രമണങ്ങള്‍, ജി.പി.എസ്. സ്പൂഫിങ് എന്നീ രീതികള്‍ ഉപയോഗിച്ചായിരുന്നു സൈബര്‍ ആക്രമണം. ഇത്തരം ആക്രമണങ്ങള്‍ തടഞ്ഞതായും ഇന്ത്യയുടെ നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

വിപുലമായ രീതിയില്‍ തെറ്റായ പ്രചാരണങ്ങള്‍നടത്തിക്കൊണ്ടുള്ള പാക് ഗ്രൂപ്പുകളുടെ ഹൈബ്രിഡ് യുദ്ധ തന്ത്രവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇന്ത്യയുടെ ബാങ്കിങ് സംവിധാനം ഹാക്ക് ചെയ്തു, വൈദ്യുതി തടസ്സങ്ങള്‍ ഉണ്ടാക്കി തുടങ്ങിയ തെറ്റായ അവകാശവാദങ്ങള്‍ അവര്‍ ഉന്നയിച്ചിരുന്നു. ഇന്ത്യയുടെ പവര്‍ ഗ്രിഡിന് നേരെ ആക്രമണം നടത്തി, വൈദ്യുതി തടസ്സങ്ങള്‍, ഉപഗ്രഹ ജാമിങ്, നോര്‍ത്തേണ്‍ കമാന്‍ഡിൻ്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തല്‍, തുടങ്ങിയ വ്യാജ പ്രചാരണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. അതിനിടെ, ഇന്ത്യ-പാകിസ്താന്‍ സൈനിക സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച 5,000ലധികം തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും മഹാരാഷ്ട്ര സൈബര്‍ സുരക്ഷാ വിഭാഗം തിരിച്ചറിഞ്ഞ് നീക്കം ചെയ്തു.

Recent Articles

Related Articles

Special

Enable Notifications OK No thanks