29 C
Trivandrum
Wednesday, July 30, 2025

രാജാവ് പടിയിറങ്ങി; വിരാട് കോഹ്ലി ടെസ്റ്റ് മതിയാക്കി

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡൽഹി: ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചാണ് താരം വിരമിക്കൽ വിവരം പ്രഖ്യാപിച്ചത്. ഇത് എളുപ്പമല്ലെന്നും ടെസ്റ്റ് ക്രിക്കറ്റ് താന്‍ പ്രതീക്ഷിച്ചതിലേറെ തനിക്ക് തിരിച്ചുതന്നെന്നും കോഹ്ലി പോസ്റ്റിൽ പറഞ്ഞു. മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്ക് പിന്നാലെയാണ് കോഹ്ലിയും ടെസ്റ്റ് ക്രിക്കറ്റിൻ്റെ പടിയിറങ്ങുന്നത്.

ഹൃദയസ്പർശിയായ കുറിപ്പോടെയാണ് ഇതിഹാസ താരം ടെസ്റ്റ് ക്രിക്കറ്റില്‍നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ടെസ്റ്റ് ക്രിക്കറ്റിനോട് തനിക്കുള്ള വൈകാരിക ബന്ധം വ്യക്തമാക്കിയ കോഹ്ലി എല്ലാവരോടും നന്ദി പറയുകയും നിറഞ്ഞ ഹൃദയത്തോടെയാണ് താന്‍ പടിയിറങ്ങുന്നതെന്നും കുറിച്ചു.

ആദ്യമായി ബാഗി ബ്ലൂ ധരിച്ചിട്ട് 14 വര്‍ഷമായി. സത്യസന്ധമായി പറഞ്ഞാല്‍, ഈ ഫോര്‍മാറ്റ് എന്നെ ഇവിടംവരെയുള്ള യാത്രയില്‍ എത്തിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. അതെന്നെ പരീക്ഷിച്ചു, എന്നെ രൂപപ്പെടുത്തി, ജീവിതകാലം മുഴുവന്‍ ഞാന്‍ ഓര്‍ക്കുന്ന പാഠങ്ങള്‍ പഠിപ്പിച്ചു,’ പോസ്റ്റില്‍ പറയുന്നു.

വെള്ളവസ്ത്രത്തില്‍ കളിക്കുമ്പോള്‍ വ്യക്തിപരമായ എന്തോ ഒന്ന് അതിലുണ്ട്. നിശ്ശബ്ദമായ കഠിനാധ്വാനം, നീണ്ട ദിവസങ്ങള്‍, ആരും കാണാത്തതും എന്നാല്‍ എന്നെന്നേക്കുമായി നിങ്ങളോടൊപ്പം തങ്ങിനില്‍ക്കുന്നതുമായ ചെറിയ നിമിഷങ്ങള്‍. ഞാന്‍ ഈ ഫോര്‍മാറ്റില്‍ നിന്ന് വിട്ടുനില്‍ക്കുമ്പോള്‍, അത് എനിക്ക് എളുപ്പമുള്ള ഒന്നല്ല, പക്ഷേ അത് ശരിയാണെന്ന് തോന്നുന്നു. എൻ്റെ കഴിവിൻ്റെ പരമാവധി ഞാന്‍ നല്‍കി, ഞാന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ അത് എനിക്ക് തിരികെ നല്‍കുകയും ചെയ്തു.

കളിയോടും, കളിക്കളത്തില്‍ ഒപ്പമുണ്ടായിരുന്നവരോടും, ഈ യാത്രയില്‍ എന്നെ ശ്രദ്ധിച്ച ഓരോ വ്യക്തിയോടുമുള്ള കൃത്യജ്ഞതയോടെ നിറഞ്ഞ ഹൃദയത്തോടെയാണ് ഞാന്‍ പടിയിറങ്ങുന്നത്. എൻ്റെ ടെസ്റ്റ് കരിയറിലേക്ക് ഞാന്‍ എപ്പോഴും ഒരു പുഞ്ചിരിയോടെ തിരിഞ്ഞുനോക്കും -കോഹ്ലി കുറിച്ചു.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോഹ്ലിയുടെ വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ ക്രിക്കറ്റ് ലോകത്ത് നിലനില്‍ക്കുന്നുണ്ടായിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് ടീം നായകസ്ഥാനത്ത് തൻ്റെ പിൻഗാമിയായ രോഹിത് ശര്‍മയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് കോഹ്ലിയും പടിയിറക്കത്തിനുള്ള തീരുമാനം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചത്. രോഹിതിൻ്റെ അപ്രതീക്ഷിത വിരമിക്കലിന് പിന്നാലെയുള്ള കോഹ്ലിയുടെയും പടിയിറക്കം ഇന്ത്യന്‍ ക്രിക്കറ്റിനെ കാര്യമായി ബാധിക്കുമെന്ന് മനസ്സിലാക്കിയ ബി.സി.സി.ഐ. സമ്മര്‍ദം ചെലുത്തിയെങ്കിലും കോഹ്ലി തീരുമാനം മാറ്റിയില്ല. ഇംഗ്ലണ്ട് പര്യടനത്തിൽ കളിക്കണമെന്നാണ് സെലക്ടർമാർ ആവശ്യപ്പെട്ടിരുന്നതെങ്കിലും അതിന് കാത്തുനിൽക്കാതെ കോഹ്ലി ടെസ്റ്റിൽ നിന്ന് പടിയിറങ്ങാനുള്ള തീരുമാനമെടുക്കുകയായിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് വിരാട് കോഹ്ലി. റെഡ്‌ ബോള്‍ ക്രിക്കറ്റിലും കോഹ്ലിയുടെ പ്രകടനങ്ങള്‍ക്ക് സമാനതകളില്ല. കോഹ്ലി ഇന്ത്യന്‍ ക്രിക്കറ്റിലെ ബ്രാന്‍ഡായി വളര്‍ന്ന പതിറ്റാണ്ടുകളാണ് കടന്നുപോയത്. ടെസ്റ്റിലെ ഇന്ത്യന്‍ ടീമിൻ്റെ നായകസ്ഥാനത്തുവരെയെത്തിയ കോഹ്ലി അവിടെയും റെക്കോഡ് സ്വന്തമാക്കി. ടെസ്റ്റില്‍ ഇന്ത്യയെ ഏറ്റവും കൂടുതല്‍ വിജയങ്ങളിലേക്ക് നയിച്ച നായകനായി കോഹ്ലി മാറി.ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ നാലാമത്തെ താരമാണ് കോഹ്ലി. സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗാവസ്‌കര്‍ എന്നിവരാണ് പട്ടികയില്‍ മുന്നില്‍.

2011ൽ വെസ്റ്റ് ഇൻഡീസിനെതിരേയായിരുന്നു ടെസ്റ്റിൽ വിരാടിൻ്റെ അരങ്ങേറ്റം. 2014 മുതല്‍ 2019 വരെയുള്ള കാലഘട്ടമാണ് വിരാട് കോലിയെന്ന ടെസ്റ്റ് ക്രിക്കറ്റര്‍ ലോകത്തിന് മുന്നില്‍ നിറഞ്ഞുനില്‍ക്കാന്‍ തുടങ്ങുന്നത്. 2014ല്‍ തിരിച്ചടിയോടെയാണ് കോഹ്ലിയുടെ തുടക്കം. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 5 ടെസ്റ്റിലും കോഹ്ലി പരാജയപ്പെട്ടു. ഒരു അരസെഞ്ചുറിപോലും താരത്തിന് നേടാനായില്ല. വിദേശ മണ്ണില്‍ കോഹ്ലിക്ക് കളിക്കാനാവില്ലെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നു. എന്നാല്‍ ഓസീസിനെതിരായ അടുത്ത പരമ്പരയില്‍ തന്നെ കോഹ്ലിയുടെ മറുപടിയെത്തി. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രാഫിയില്‍ ഉഗ്രന്‍ തിരിച്ചുവരവാണ് താരം നടത്തിയത്. 2 സെഞ്ചുറിയുള്‍പ്പെടെ 692 റണ്‍സ്.

ടെസ്റ്റില്‍ ഇന്ത്യയുടെ നെടുംതൂണായി മാറിയതിന് പിന്നാലെ നായകനായുള്ള വരവായിരുന്നു ക്രിക്കറ്റ് ലോകം കണ്ടത്. എം.എസ്.ധോണിയുടെ പടിയിറക്കത്തിന് പിന്നാലെ കോഹ്ലി രാജ്യത്തെ നയിക്കാനിറങ്ങി. ധോണി അടയാളപ്പെടുത്തിയ നേട്ടങ്ങളുടെ ഒരു വലിയ കൂമ്പാരമുണ്ടായിരുന്നു കോഹ്ലിക്ക് മുന്നില്‍. പിന്‍ഗാമിയായി എത്തുമ്പോള്‍ വെല്ലുവിളികളും സമ്മര്‍ദങ്ങളും. എന്നാല്‍ തെല്ലും ആശങ്കയില്ലാതെയാണ് കോഹ്ലി ടെസ്റ്റില്‍ ഇന്ത്യയെ പടനയിച്ചിറങ്ങിയത്. ലങ്കയ്‌ക്കെതിരായ പര്യടനം മുതല്‍ കോഹ്ലിയെന്ന നായകന്‍ റെഡ്‌ ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയെ പിടിച്ചുയര്‍ത്തി. ബാറ്റിങ്ങില്‍ ഉയര്‍ന്നും താഴ്ന്നുമാണ് ഇന്ത്യയുടെ സൂപ്പര്‍താരം മുന്നോട്ടുപോയത്. പക്ഷേ നായകനെന്ന നിലയില്‍ ഏവരെയും കോഹ്ലി ഞെട്ടിച്ചു.

2016 ല്‍ ടെസ്റ്റ് നായകനെന്ന നിലയിലും ടെസ്റ്റ് ബാറ്ററെന്ന നിലയിലും തിളങ്ങുന്ന പ്രകടനമാണ് കോഹ്ലി കാഴ്ചവെച്ചത്. ടീമിനെ ഒന്നടങ്കം കോഹ്ലി പ്രചോദിപ്പിച്ചു. തിരിച്ചടികളില്‍ വീര്യത്തോടെ മുന്നേറുന്ന ശൈലി. ആക്രമണോത്സുകമായ ബാറ്റിങ് ശൈലി പോലെ കോഹ്ലിയിലെ കളിക്കാരനും നായകനും അല്‍പ്പം വീറോടെയാണ് എതിരാളികളെ നേരിട്ടത്. 2016ല്‍ 1215 റണ്‍സാണ് കോഹ്ലി അടിച്ചെടുത്തത്. ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയെ ഒന്നാമതുമെത്തിച്ചു. വിന്‍ഡീസിനെതിരേയും കിവീസിനെതിരേയും ഇരട്ട സെഞ്ചുറി, ലോകക്രിക്കറ്റിലെ മികച്ച ബൗളര്‍മാരെ സധൈര്യം നേരിടുന്ന ബാറ്ററായി അയാള്‍ പരിവര്‍ത്തനം ചെയ്യപ്പെടുന്ന കാഴ്ചയാണ് കണ്ടത്. സ്റ്റീവ് സ്മിത്തിനും ജോ റൂട്ടിനും കെയ്ൻ വില്ല്യംസണിനും ഒപ്പം ചേര്‍ന്ന് ലോകക്രിക്കറ്റിലെ ഫാബ് ഫോറിലുമെത്തി കോഹ്ലി.

2017 ലും മിന്നും ഫോം തുടര്‍ന്ന കോഹ്ലി ആ വര്‍ഷവും ആയിരത്തിലധികം റണ്‍സെടുത്തു. ഓസ്‌ട്രേലിയയെ ഇന്ത്യ 4-0ന് തൂത്തുവാരുന്നതിലും നിര്‍ണായകമായിരുന്നു കോഹ്ലിയുടെ പ്രകടനം. സെഞ്ചുറികളും ഡബിള്‍ സെഞ്ചുറികളും ആ ബാറ്റില്‍ നിന്ന് ഒഴുകി. ആ വര്‍ഷം സ്വന്തം മണ്ണിലായിരുന്നു കോഹ്ലി നിറഞ്ഞുനിന്നതെങ്തില്‍ 2018ല്‍ വിദേശമണ്ണിലും കോഹ്ലി വിശ്വരൂപം കാട്ടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും കോഹ്ലി വേറിട്ടുനിന്നു. ഓസീസിനെതിരേയും ഇംഗ്ലണ്ടിനെതിരേയും വിരാട് കോഹ്ലിയെന്ന ആധുനിക ക്രിക്കറ്റിലെ ഇതിഹാസത്തിന്റെ മറുപടിയുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരേ രണ്ട് സെഞ്ചുറിയടക്കം 593 റണ്‍സ്. പിന്നാലെ ഓസീസിലും ജയം. ഓസ്‌ട്രേലിയയില്‍ ഒരു ടെസ്റ്റ് ജയിക്കുന്ന ഏഷ്യയിലെ തന്നെ ആദ്യ നായകനായി കോഹ്ലി മാറി. 2019ല്‍ കരിയര്‍ ബെസ്റ്റായ 254 റണ്‍സടക്കം പിറന്നു. ഓസീസും വിന്‍ഡീസും പ്രോട്ടീസുമെല്ലാം ഇന്ത്യക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു. നായകനെന്ന നിലയില്‍ കൂടി തിളങ്ങുന്ന പ്രകടനം കാഴ്ചവെച്ച വര്‍ഷമായിരുന്നു അത്.

ഒടുക്കം 2022ലാണ് കോഹ്ലി നായകസ്ഥാനത്തുനിന്ന് പടിയിറങ്ങിയത്. 2014ല്‍ എം.എസ് ധോനിയില്‍ നിന്ന് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത കോഹ്ലി 68 ടെസ്റ്റുകളില്‍ ടീമിനെ നയിച്ചു. 40 എണ്ണത്തില്‍ ടീം ജയിക്കുകയും ചെയ്തു. 58.82 ആണ് കോഹ്ലിയുടെ ടെസ്റ്റിലെ വിജയശതമാനം.

‘ഏഴു വര്‍ഷത്തെ കഠിനാധ്വാനവും സ്ഥിരോത്സാഹവുമാണ് ടീമിനെ ശരിയായ ദിശയില്‍ കൊണ്ടുപോയത്. തികച്ചും സത്യസന്ധമായിട്ടാണ് ഞാന്‍ എന്റെ ജോലി ചെയ്തത്. ഒരു ഘട്ടത്തില്‍ എല്ലാം അവസാനിപ്പിച്ചേ തീരൂ, ഇപ്പോള്‍ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ അതിനുള്ള സമയമെത്തിയിരിക്കുകയാണ്.’ – കോഹ്ലി അന്ന് കുറിച്ചു. പിന്നാലെ 3 വർഷത്തിനിപ്പുറം കൂടി കളിച്ച് പടിയിറങ്ങുമ്പോൾ ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യൻ റൺവേട്ടക്കാരിൽ നാലാമനായി കോഹ്ലി മാറിയിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗാവസ്‌കര്‍ എന്നിവരാണ് പട്ടികയില്‍ മുന്നില്‍.

ഈ വർഷം ഓസ്‌ട്രേലിയക്കെതിരേ ബോർഡർ-ഗാവസ്‌കർ ട്രോഫിയിലാണ് അവസാനമായി കളിച്ചത്. ടെസ്റ്റിൽ 14 സീസണുകളിലായി ഇന്ത്യൻ കുപ്പായമണിയുന്ന കോഹ്ലി 123 ടെസ്റ്റുകളിൽ കളിച്ചാണ് 9230 റൺസ് നേടിയത്. 30 സെഞ്ചുറികൾ കോഹ്ലിയുടെ അക്കൗണ്ടിലുണ്ട്. 7 എണ്ണം ഇരട്ടസെഞ്ചുറികൾ. ടെസ്റ്റിൽ കോഹ്ലി സൃഷ്ടിക്കുന്ന വിടവ് അത്ര പെട്ടെന്നൊന്നും ഇന്ത്യക്ക് നികത്താനാകില്ല. ലോകകപ്പ് വിജയത്തിനുശേഷം ട്വൻ്റി-20 ക്രിക്കറ്റിൽനിന്ന് കോഹ്ലി വിരമിച്ചിരുന്നു. ഇനി ഏകദിനത്തിൽ മാത്രമാണ് താരത്തെ കാണാനാവുക.

Recent Articles

Related Articles

Special

Enable Notifications OK No thanks