29 C
Trivandrum
Saturday, April 26, 2025

വീണ പറയുന്നു: സേവനം നൽകാതെ പണം കൈപ്പറ്റിയെന്ന് മൊഴി നൽകിയെന്നത് വ്യാജവാർത്ത

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: സേവനം നൽകാതെ കൊച്ചിൻ മിനറൽസ് ആൻഡ് റൂടൈൽ ലിമിറ്റഡിൽ (സി.എം.ആർ.എൽ.) നിന്ന്‌ പണം കൈപ്പറ്റിയെന്ന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൽ (എസ്.എഫ്.ഐ.ഒ.) താൻ മൊഴി നൽകിയെന്ന വാർത്തകൾ തള്ളി മുഖ്യമന്ത്രിയുടെ മകൾ ടി.വീണ. ഇപ്പോൾ നടക്കുന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് അവർ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

താന്‍ എസ്.എഫ്.ഐ.ഒയ്ക്ക് ഇത്തരത്തിലുള്ള മൊഴി നല്‍കിയിട്ടില്ല. വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നു. ഈ അന്വേഷണവുമായി ബന്ധപ്പെട്ട് മൊഴി നല്‍കി എന്നത് വസ്തുതയാണ്. പക്ഷേ, പ്രചരിക്കുന്നത് സത്യമല്ലെന്നും വീണ അറിയിച്ചു.

‘ഇത്തരം ചില വാർത്തകൾ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇപ്പോൾ ചിലർ പ്രചരിപ്പിക്കുന്ന തരത്തിൽ ഒരു മൊഴിയും ഞാൻ നൽകിയിട്ടില്ല. ഞാൻ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ മൊഴി നൽകുകയും അത് അവർ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്. പക്ഷേ, ഞാനോ എക്‌സാലോജിക് സൊല്യൂഷൻസോ സേവനങ്ങൾ നൽകാതെ സി.എം.ആർ.എല്ലിൽനിന്ന് എന്തെങ്കിലും പണം കൈപ്പറ്റി എന്ന തരത്തിലുള്ള ഏതെങ്കിലും മൊഴി അവിടെ നൽകിയിട്ടില്ല. വാസ്തവവിരുദ്ധമാണ് ഇത്തരം പ്രചാരണങ്ങളെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്നു’- വീണ വാർത്താക്കുറിപ്പിൽ പറഞ്ഞു.

വീണയുടെ പേരില്‍ ഇല്ലാത്ത വാര്‍ത്തയാണ് പ്രചരിക്കുന്നതെന്ന് അവരുടെ ഭർത്താവ് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ ഓഫീസില്‍ തയ്യാറാക്കുന്ന ഇത്തരം വാര്‍ത്തകള്‍ സത്യമല്ല. കേസ് കോടതിയില്‍ നടക്കുന്നുണ്ടെന്ന് റിയാസ് പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks