Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: 2016ൽ ജമ്മു കശ്മീരിലെ ഉറി ഭീകരാക്രമണത്തിനുശേഷം ചേര്‍ന്നൊരു യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇങ്ങനെ പറഞ്ഞു -‘രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല’. ആ പറഞ്ഞത് 9 വർഷങ്ങൾക്കു ശേഷം പ്രാവർത്തികമാവുകയാണ്. മുമ്പ് ഭീകരാക്രമണങ്ങളുണ്ടായപ്പോഴും ഇരു രാജ്യങ്ങൾക്കിടയിൽ യുദ്ധമുണ്ടായപ്പോൾപ്പോലും എടുക്കാതിരുന്ന കടുത്ത നടപടിയാണ് മോദി സർക്കാർ സ്വീകരിച്ചിരിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന് പങ്കുണ്ടെന്ന് വ്യക്തമായതോടെ ഇന്ത്യ സ്വീകരിച്ച കടുത്ത നടപടികളിൽ പ്രധാനപ്പെട്ടതാണ് സിന്ധുനദീജല കരാർ മരവിപ്പിച്ച തീരുമാനം. ഇന്ത്യയുടെ നീക്കം പാകിസ്താനിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
പാകിസ്താനിലെ 24 കോടിയോളം ജനങ്ങളുടെ ജീവനാഡിയാണ് സിന്ധുനദി. അതിനാൽത്തന്നെയാണ് ഇന്ത്യന്‍ നീക്കത്തോട് വൈകാരികമായി പാകിസ്താന്‍ പ്രതികരിച്ചത്. സിന്ധു നദീജല കരാർ പാലിക്കാതെ വന്നാൽ സാമ്പത്തികവും കാർഷികവുമായി കനത്ത ആഘാതമാണ് പാകിസ്താനു പ്രധാനമായും ഉണ്ടാവുക. പാകിസ്താൻ്റെ പഞ്ചാബ്, സിന്ധ് പ്രവിശ്യകളെ കാര്യമായി ബാധിക്കും. ആകെ ഒഴുകുന്ന ജലത്തിൻ്റെ 80 ശതമാനവും പാകിസ്താനാണ് ലഭിക്കുന്നത്. ഇവയുപയോഗിച്ച് ജലസേചനം, കൃഷി, കുടിവെള്ളം തുടങ്ങിയ ആവശ്യങ്ങൾ പാകിസ്താൻ നിറവേറ്റുന്നു. നദീതടത്തിൻ്റെ മുകൾഭാഗത്തുള്ള രാജ്യം എന്ന നിലയിൽ പാകിസ്താനിലേക്കുള്ള നദികളിലെ ജലപ്രവാഹം നിയന്ത്രിക്കാൻ ഇന്ത്യക്കു കൂടുതൽ സാധിക്കും. പടിഞ്ഞാറൻ നദികളിൽനിന്നുള്ള വെള്ളത്തെ വളരെയധികം ആശ്രയിക്കുന്ന പാകിസ്താൻ്റെ കാർഷിക, വൈദ്യുതി മേഖലകൾ പ്രതിസന്ധിയിലാവുകയും കുടിവെള്ള ക്ഷാമത്തിനും ഭക്ഷ്യ അരക്ഷിതാവസ്ഥയ്ക്കും കാരണമാകുകയും ചെയ്യും. ഇതിനെല്ലാം ഉപരിയായി സാമ്പത്തിക നഷ്ടവും നേരിടേണ്ടി വരും. പാകിസ്താൻ്റെ ദേശീയ വരുമാനത്തിൻ്റെ 23 ശതമാനമാണ് കൃഷിയിൽനിന്ന് ലഭിക്കുന്നത്. അനിയന്ത്രിതമായ ജല ഉപയോഗമുണ്ടായാൽ വെള്ളപ്പൊക്കത്തിലേക്കും പലയിടത്തെയും മണ്ണില്‍ ഉപ്പിൻ്റെ അളവു വർധിക്കുന്നതുപോലെയുള്ള പരിസ്ഥിതി പ്രശ്നങ്ങളിലേക്കും നയിക്കാം. പ്രദേശത്തെ ഉപജീവനമാർഗങ്ങളെയും ഇതു ദോഷകരമായി ബാധിക്കും.
ഉടമ്പടി നിര്‍ത്തലാക്കുന്നതോടെ ഇന്ത്യക്കും പല ഗുണങ്ങളുണ്ട്. ഉടമ്പടിയില്ലെങ്കിൽ ഇന്ത്യക്കു നിയന്ത്രണങ്ങളോ പരിമിതികളോ ഇല്ലാതെ ജലം ഉപയോഗിക്കാം എന്ന സ്വാതന്ത്ര്യം ലഭിക്കും. ഊർജ സ്രോതസ് വർധിപ്പിക്കാൻ ജലവൈദ്യുത പദ്ധതികൾ വഴി സാധ്യമാകും. അണക്കെട്ടുകളും നിർമിക്കാനാകും. പ്രദേശത്ത് ഇന്ത്യ നടപ്പിലാക്കുന്ന പദ്ധതികളുടെ വിവരങ്ങൾ പാകിസ്താനുമായി പങ്കുവെയ്ക്കേണ്ടി വരില്ല, അനുവാദങ്ങളോ ഔപചാരികതകളോ ഒഴിവാക്കാം. എന്നാൽ, ഇരു രാജ്യങ്ങളിലെയും അതിര്‍ത്തി മേഖലകളിലെ ജീവിതത്തെ സാരമായി ബാധിക്കും. രാജ്യാന്തര തലത്തിൽ വിമർശനങ്ങളുണ്ടായേക്കാം. നയതന്ത്ര ബന്ധങ്ങൾ സങ്കീർണമാക്കുകയും ചെയ്തേക്കാം.
സിന്ധു നദീജല കരാര്‍ മരവിപ്പിക്കുമെന്ന ഇന്ത്യയുടെ തീരുമാനം നിയമവിരുദ്ധമായ നീക്കമാണെന്ന് പാകിസ്താന്‍ പറയുന്നു. ജലം പാകിസ്താൻ്റെ സുപ്രധാന ദേശീയ താല്പര്യമാണെന്നും 24 കോടി ജനങ്ങളുടെ ജീവനാഡിയാണെന്നും പാകിസ്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. ലോകബാങ്ക് അടക്കമുള്ള ആഗോള സംഘടനകള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ സിന്ധു നദീജല കരാറില്‍ നിന്ന് ഇന്ത്യയ്ക്ക് ഏകപക്ഷീയമായി പിന്മാറാന്‍ കഴിയില്ലെന്നും ഈ നീക്കത്തെ നിയമപരമായി ചോദ്യം ചെയ്യുമെന്നുമാണ് പാക് നിലപാട്.
ഇന്ത്യ സ്വീകരിച്ച നടപടികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി ഷാബാസ് ഷെരീഫിൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ സുരക്ഷാ സമിതി യോഗത്തിന് ശേഷമാണ് പാകിസ്താന്‍ നടപടികള്‍ വ്യക്തമാക്കി പ്രസ്താവനയിറക്കിയത്. ‘ലോകബാങ്ക് മധ്യസ്ഥത വഹിച്ച, ഇരു രാജ്യങ്ങള്‍ക്കും ബാധകമായ അന്താരാഷ്ട്ര കരാറാണിത്. ഏകപക്ഷീയമായി റദ്ദാക്കാന്‍ കരാറില്‍ വ്യവസ്ഥയില്ല. ജലം പാകിസ്താൻ്റെ സുപ്രധാന ദേശീയ താല്പര്യവും 24 കോടി ജനങ്ങളുടെ ജീവനാഡിയുമാണ്. ജലലഭ്യത എന്തു വിലകൊടുത്തും സംരക്ഷിക്കും. പാകിസ്താനവകാശപ്പെട്ട ജലത്തിൻ്റെ ഒഴുക്ക് തടയാനോ വഴിതിരിച്ചുവിടാനോ ഉള്ള ഏതൊരു ശ്രമവും യുദ്ധപ്രഖ്യാപനമായി കണക്കാക്കുകയും പൂര്‍ണ്ണ ശക്തിയോടെ പ്രതികരിക്കുകയും ചെയ്യും’-പ്രസ്താവനയില്‍ പറഞ്ഞു.
സിന്ധു നദീതടത്തിലൂടെ ഒഴുകുന്ന 6 പ്രധാന നദികളുടെ ഉപയോഗം നിയന്ത്രിക്കുന്നതു സംബന്ധിച്ച് 1960ൽ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടാക്കിയ ഉടമ്പടിയാണ് സിന്ധു നദീജല ഉടമ്പടി. സിന്ധു നദീതടം ഇന്ത്യക്കും പാകിസ്താനും ഇടയിൽ വിഭജിക്കപ്പെട്ടാണുണ്ടായിരുന്നത്. ടിബറ്റിൽ ഉദ്ഭവിച്ച് ഇന്ത്യയിലൂടെയും പാകിസ്താനിലൂടെയും ഒഴുകി അഫ്ഗാനിസ്ഥാനിലെയും ചൈനയിലെയും ചില മേഖലകളിലൂടെ സഞ്ചരിക്കുന്ന നദികളാണ് ഇവ. വിഭജനത്തിനുപിന്നാലെ 1948ൽ ഇന്ത്യ പാകിസ്താനിലേക്കുള്ള ജലത്തിൻ്റെ ഒഴുക്ക് താൽക്കാലികമായി നിർത്തിവെച്ചു. പാകിസ്താൻ വിഷയം ഐക്യരാഷ്ട്രസഭയിൽ (യു.എൻ.) ഉയർത്തി. യു.എന്നാണ് ലോക ബാങ്കിനെ മധ്യസ്ഥതയ്ക്കായി ഏർപ്പെടുത്തിയത്. നീണ്ട 9 വര്‍ഷത്തെ ചര്‍ച്ചകൾക്കൊടുവിൽ ലോക ബാങ്കിൻ്റെ മധ്യസ്ഥതയിലായിരുന്നു സിന്ധു നദീജല ഉടമ്പടി. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവും പാകിസ്താൻ പ്രസിഡൻ്റ് അയൂബ് ഖാനും ചേർന്ന് ഒപ്പുവച്ചത്.
സിന്ധു നദീതടത്തിലെ പ്രധാന കിഴക്കൻ–പടിഞ്ഞാറൻ നദികളെ ഇരു രാജ്യങ്ങൾക്കുമിടയിൽ വിഭജിച്ചുകൊണ്ടാണ് ഈ ഉടമ്പടി നിലവിൽ വന്നത്. ഇതുപ്രകാരം, കിഴക്കുനിന്നുള്ള സത്‌ലജ്, രവി, ബിയാസ് എന്നീ നദികളിലെ വെള്ളം പ്രധാനമായും ഇന്ത്യക്കും, പടിഞ്ഞാറുനിന്നുള്ള ഝലം, സിന്ധു, ചെനാബ് നദികളിലെ വെള്ളത്തിനുള്ള അവകാശം പ്രധാനമായും പാകിസ്താനുമാണ്. രണ്ടു രാജ്യങ്ങളുടെ ജലത്തിൻ്റെ ആവശ്യകതയ്ക്കും കൃഷിക്കും ഈ സഹകരണം ഏറെ പ്രധാനവും സഹായകവുമാണ്. കാർഷിക–ഗാർഹിക–വ്യാവസായിക ഉപയോഗത്തിനും ജലവൈദ്യുത ഉത്പാദനത്തിനും ഈ നദികളിലെ വെള്ളം ഉപയോഗിക്കുന്നതിനു നിയന്ത്രണങ്ങൾ ഈ ഉടമ്പടിയിലുണ്ട്. ജലത്തിൻ്റെ ഉപഭോഗമില്ലാത്ത ജലവൈദ്യുതോത്പാദനം, ജലഗതാഗതം എന്നീ ഉപയോഗങ്ങൾക്കും ചില നിയന്ത്രണങ്ങളോടെ കൃഷിക്കും ഇന്ത്യക്ക് പടിഞ്ഞാറൻ നദികൾ പരിമിതമായി ഉപയോഗിക്കാം.
നദികളിൽ ഒഴുക്കു തടസ്സപ്പെടുത്താത്ത രീതിയിൽ വേണം ജലവൈദ്യുതി പദ്ധതികൾ നടപ്പിലാക്കാൻ. ജലസംഭരണികൾ എങ്ങനെ നിറയ്ക്കണം, പ്രവർത്തിപ്പിക്കണം എന്നതിനെക്കുറിച്ചുള്ള പ്രവർത്തന നിയന്ത്രണങ്ങളും സിന്ധു നദീജല കരാറിൽ ഉണ്ട്. ഉടമ്പടി നിർത്തിവെച്ചതോടെ ഇവ ഇനി ബാധകമല്ല. പാകിസ്താനിൽ ഉൾപ്പെടുന്ന താഴ്വരയിലെ വിതയ്ക്കൽ സമയത്ത് ഡാം തുറന്നാൽ കൃഷി അസാധ്യമാവും. നദികളിലെ വെള്ളപ്പൊക്ക ഡാറ്റ പങ്കിടുന്നത് ഇന്ത്യ ഇതോടെ നിർത്തിയാലും പാകിസ്താൻ പ്രതിസന്ധി നേരിടും. ലാഹോർ, കറാച്ചി, മുൾട്ടാൻ തുടങ്ങിയ പ്രധാന നഗരങ്ങൾക്ക് കുടിവെള്ളത്തിനും വ്യാവസായിക ആവശ്യങ്ങൾക്കും സിന്ധുതടത്തിൽ നിന്നുള്ള നദികളിലെ വെള്ളമാണ് പാകിസ്താൻ പ്രയോജനപ്പെടുത്തുന്നത്. നദിയുടെ ഒഴുക്ക് തടസ്സപ്പെടുന്നത് നഗരങ്ങളിലും പ്രതിസന്ധിയുണ്ടാക്കുമെന്നു ചുരുക്കം.
കരാറുമായി ബന്ധപ്പെട്ട വിവര കൈമാറ്റം, പ്രശ്നപരിഹാരം തുടങ്ങി കാര്യങ്ങൾക്കായി പെർമനൻ്റ് ഇന്‍ഡസ് കമ്മീഷൻ എന്ന പേരിൽ ഒരു സ്ഥിരം കമ്മീഷനും രൂപവത്കരിച്ചിട്ടുണ്ട്. കരാർ മരവിപ്പിച്ചതോടെ ഈ കമ്മീഷൻ അപ്രസക്തമായി. കരാറിൽ നിന്നു പിൻമാറുന്നതോടെ അവ്യവസ്ഥിതമായി വെള്ളം ഒഴുക്കിക്കൊണ്ട് പാകിസ്താൻ്റെ കാർഷിക, ജലസേചന മേഖലകളിൽ വൻ നാശം സൃഷ്ടിക്കാൻ ഇന്ത്യക്ക് കഴിയും. വിതയും വിളവെടുപ്പും ജലലഭ്യതയുമായി ബന്ധപ്പെട്ടുള്ള പരമ്പരാഗത കൃഷി സമ്പ്രദായം തന്നെ കീഴ്മേൽ മറിയും.
പുല്‍വാമ ആക്രമണത്തിന് ശേഷം മോശമായ ഇന്ത്യാ- പാക് ബന്ധം അതിലേറെ വഷളായിരിക്കുന്ന സാഹചര്യമാണ് പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഉണ്ടായത്. അതിര്‍ത്തി കടന്നുള്ള ഭീകരവാദം പാകിസ്താന്‍ അവസാനിപ്പിക്കുന്നതുവരെ കരാര്‍ മരവിപ്പിക്കുമെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.