Follow the FOURTH PILLAR LIVE channel on WhatsApp
ലണ്ടൻ: യൂറോപ്യൻ യൂണിയൻ്റെ ഡിജിറ്റൽ മത്സര നിയമങ്ങൾ ലംഘിച്ചതിന് ആപ്പിളിനും മെറ്റയ്ക്കും കോടിക്കണക്കിന് യൂറോ പിഴ. ആപ്പ് സ്റ്റോറിന് പുറത്ത് ലഭ്യമായ ചെലവ് കുറഞ്ഞ ആപ്പുകൾ തിരഞ്ഞെടുക്കുന്നതിൽ ഉപയോക്താക്കളെ തടസ്സപ്പെടുത്തിയതിന് ആപ്പിളിന് 50 കോടി യൂറോ (4840 കോടി രൂപ) യൂറോപ്യൻ കമ്മീഷൻ പിഴ ചുമത്തി.
പരസ്യങ്ങൾ ഒഴിവാക്കാൻ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉപയോക്താക്കളിൽ നിന്ന് പണം ഈടാക്കിയതിനാണ് മെറ്റയ്ക്ക് 20 കോടി യൂറോ (1936.52 കോടി രൂപ) പിഴ വിധിച്ചത്. ഇരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെയും മാതൃ കമ്പനിയാണ് മെറ്റ.
ജൂൺ അവസാനത്തോടെ ആപ്പ് സ്റ്റോറിൽ കൂടുതൽ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെടുന്ന ഉത്തരവും ആപ്പിളിന് ലഭിച്ചു. ഇത് പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ ദൈനംദിന പിഴ ചുമത്താനും കമ്മീഷന് അധികാരമുണ്ട്. മെറ്റ കഴിഞ്ഞ വർഷം അവസാനം നടപ്പാക്കിയ മാറ്റങ്ങളും കമ്മിഷൻ പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം നിലവിൽ വന്ന ഡിജിറ്റൽ മാർക്കറ്റ് ആക്ട് (ഡി.എം.എ.) കമ്പനികൾ പാലിക്കുന്നുണ്ടോ എന്നറിയാൻ യൂറോപ്യൻ കമ്മീഷൻ്റെ ഒരു വർഷത്തെ അന്വേഷണത്തിന് ശേഷമാണ് പിഴ വിധിച്ചത്.