29 C
Trivandrum
Saturday, April 26, 2025

ഷൈൻ ടോം ചാക്കോയ്ക്കെതിരെ ഒരു നടി കൂടി; വിൻസി പറഞ്ഞത് ശരിവെച്ച് അപർണ ജോൺസ്

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: നടി വിൻസി അലോഷ്യസിൻ്റെ പിന്നാലെ നടൻ ഷൈൻ ടോം ചാക്കോക്കെതിരെ പരാതിയുമായി പുതുമുഖ നടി അപർണ ജോൺസ്. സൂത്രവാക്യം സിനിമയുടെ സെറ്റിൽവെച്ച് തന്നോടും ഷൈൻ മോശമായി പെരുമാറിയെന്ന് അപർണ ജോൺസ് വെളിപ്പെടുത്തി.

വിന്‍സി സഹപ്രവര്‍ത്തകയെന്ന് പറഞ്ഞ നടി ഞാനാണ്. വിന്‍സി കഴിഞ്ഞ ദിവസങ്ങളില്‍ പങ്കുവെച്ച അതേ അനുഭവങ്ങളാണ് എനിക്കും പറയാനുള്ളത്. സീനെടുക്കാന്‍ നില്‍ക്കുമ്പോഴും പ്രാക്ടീസ് ചെയ്യുമ്പോഴും ബ്രേക്കെടുത്ത് മാറി നില്‍ക്കുമ്പോഴുമെല്ലാം വളരെ രൂക്ഷമായ ലൈംഗികച്ചുവയോടെയാണ് ഷൈന്‍ സംസാരിച്ചത്. തുടര്‍ച്ചയായി അങ്ങനെ സംസാരിച്ചത് അസഹ്യമായിരുന്നു. ഇങ്ങനെ അശ്ലീലം പറഞ്ഞയാളുടെ കൂടെ അതിന് ശേഷം സ്‌ക്രിപ്റ്റിലെ ഡയലോഗ് പറയുകയും ഒന്നിച്ചഭിനയിക്കുകയും ചെയ്യുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു. -അപര്‍ണ പറഞ്ഞു.

ഇത് എൻ്റെ ആദ്യ സിനിമയാണ്. ഞാന്‍ കേരളത്തില്‍ ജീവിക്കുന്നയാളല്ല. ഓസ്‌ട്രേലിയയിലാണ് കുറച്ചുനാളായി ജീവിക്കുന്നത്. ഇൻ്റേണല്‍ കമ്മിറ്റി എന്നൊരു സംവിധാനമുണ്ട് എന്നും ഇത്തരം സംഭവങ്ങളുണ്ടായാല്‍ അവരോട് പരാതി പറയാമെന്നുമുള്ള കാര്യത്തില്‍ എനിക്ക് ധാരണയില്ലായിരുന്നു. സെറ്റില്‍ എനിക്ക് അടുപ്പമുണ്ടായിരുന്ന ഒരു വനിതാ ആര്‍ട്ടിസ്റ്റുണ്ടായിരുന്നു. ഈ പ്രശ്‌നങ്ങള്‍ അവരോട് പറഞ്ഞു. അവര്‍ അതിന് പരിഹാരമുണ്ടാക്കിത്തന്നു. അതിനാല്‍ പരാതി നല്‍കി മുന്നോട്ട് പോകാന്‍ ഉദ്ദേശിച്ചില്ല.

ഷൈന്‍ എന്നോട് ഇത്തരത്തില്‍ പെരുമാറാനുള്ള സാഹചര്യം ഒഴിവാക്കപ്പെടുകയാണ് ഉണ്ടായത്. അടുത്തദിവസങ്ങളില്‍ ഷൂട്ട് ചെയ്യാനുള്ള എൻ്റെ ഷെഡ്യൂള്‍ മാറ്റം വരുത്തി എൻ്റെ സീനുകള്‍ വേഗം തീര്‍ത്ത് എന്നെ സേഫാക്കി, കംഫര്‍ട്ടാക്കി, ഹാപ്പിയാക്കി വിടുകയാണ് ചെയ്തത്.

ഷൈന്‍ ടോം ചാക്കോയുടെ പെരുമാറ്റം അബ്‌നോര്‍മലായിരുന്നു. തീരെ കോമണ്‍ സെന്‍സ് ഇല്ലാത്ത വ്യക്തിയുടേത് പോലെയായിരുന്നു സംസാരവും പെരുമാറ്റവും ശരീരഭാഷയുമെല്ലാം. അത് വളരെ പ്രകടമായിരുന്നു. അത് ലഹരി ഉപയോഗിച്ചതുകൊണ്ടാണോ മറ്റെന്തെങ്കിലും രോഗാവസ്ഥയാണോ എന്ന് അറിയില്ല. അതുകൊണ്ട് ലഹരി ഉപയോഗിച്ചു എന്ന് എനിക്ക് പറയാന്‍ കഴിയില്ല. എന്നാല്‍ എനിക്ക് മോശം അനുഭവമുണ്ടായി -അപര്‍ണ ജോണ്‍സ് പറഞ്ഞു.

ഇങ്ങനെയുള്ള ഒരാളോട് ലോജിക്കലായോ സെന്‍സിബിളായോ എങ്ങനെ സംസാരിക്കണമെന്ന് എനിക്കറിയില്ല. അങ്ങനെ ഞാന്‍ സംസാരിച്ചാല്‍, ഈ വ്യക്തി എങ്ങനെ പ്രതികരിക്കുമെന്നും അത് ആ സിനിമയെ എങ്ങനെ ബാധിക്കുമെന്നും എനിക്ക് ആശങ്കയുണ്ടായിരുന്നു. ഒരുപാട് പേരുടെ അധ്വാനമുള്ള നല്ല സിനിമയാണ് അത്. ഒരുപാട് പേരുടെ സ്വപ്‌നമാണ്. ഷൈനിനോട് ഞാന്‍ നേരിട്ട് സംസാരിച്ചില്ലെങ്കിലും ഞാന്‍ മിണ്ടാതിരുന്നില്ല. ഞാനത് മറ്റൊരാളോട് പറയുകയും ഉടന്‍ തന്നെ അതിന് പരിഹാരമുണ്ടാകുകയും ചെയ്തു -അപര്‍ണ പറഞ്ഞു.

ഷൈന്‍ ടോം ചാക്കോ വെളുത്ത നിറത്തിലുള്ള പൊടി തുപ്പുന്നത് കണ്ടുവെന്ന് നേരത്തേ വിന്‍സി പറഞ്ഞിരുന്നു. ഇക്കാര്യം അപര്‍ണ ജോണ്‍സ് സ്ഥിരീകരിച്ചു. ഷൈന്‍ വെളുത്ത നിറത്തിലുള്ള പൊടി തുപ്പുന്നത് താനും കണ്ടിട്ടുണ്ട്. എന്നാല്‍ അത് എന്ത് പൊടിയാണെന്ന കാര്യം തനിക്ക് ഉറപ്പിച്ചുപറയാന്‍ കഴിയില്ലെന്ന് അപർണ വ്യക്തമാക്കി.

Recent Articles

Related Articles

Special

Enable Notifications OK No thanks