29 C
Trivandrum
Saturday, April 26, 2025

യു.ഡി.എഫ്. സർക്കാരിൻ്റെ കാലത്തുണ്ടായ ചീത്തപ്പേര് മാറ്റാൻ പൊലീസ്; ഷൈനിനെ കുടുക്കിയത് ഈ ജാഗ്രത

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: 10 വർഷം മുമ്പുണ്ടായ ലഹരിക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടിട്ട് കേവലം 2 മാസം കഴിഞ്ഞപ്പോഴാണ് മറ്റൊരു ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലാകുന്നത്. പൊലീസിൻ്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയായിരുന്നു ആദ്യ കേസിൽ ഷൈൻ അടക്കമുള്ളവരെ കോടതി വെറുതെ വിട്ടതെങ്കിൽ, ഇത്തവണ ഒരു സാധ്യതയും ഉപയോഗിക്കാതെ പോകരുത് എന്ന തീരുമാനത്തിലായിരുന്നു പൊലീസ്. ആദ്യ കേസിൽ ലഭിച്ച പേരുദോഷം മാറ്റാൻ രണ്ടാമത്തെ കേസിൽ വലിയ തയാറെടുപ്പുകൾ അവർ നടത്തിയിരുന്നു.

ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് 2015 ജനുവരി 31നാണ് കലൂർ–കടവന്ത്ര റോഡിലെ അപ്പാർട്ട്മെൻ്റിലെ ഫ്ലാറ്റിൽ പൊലീസ് നടത്തിയ റെയ്ഡിൽ ഷൈനും 4 വനിതാ മോഡലുകളും അറസ്റ്റിലായത്. കേരളത്തിൽ റിപ്പോർട്ട് ചെയ്ത ആദ്യ കൊക്കെയ്ൻ കേസായിരുന്നു അത്. 8 ഗ്രാം കൊക്കെയ്ൻ ഇവരിൽ നിന്നു പിടിച്ചെടുത്തു എന്നായിരുന്നു കേസ്. പിന്നീട്, ഇവർക്ക് കൊക്കെയ്ൻ വിതരണം ചെയ്ത നൈജീരിയൻ സ്വദേശി, 2 ചെന്നൈ സ്വദേശികൾ തുടങ്ങിയവരും അറസ്റ്റിലായി. എന്നാൽ 10 വർഷത്തിനു ശേഷമുണ്ടായ വിധിയിൽ എല്ലാവരേയും വിട്ടയച്ചു. വനിതാ മോഡലുകളെ പരിശോധിക്കുമ്പോൾ ഗസറ്റഡ് റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥർ ഉണ്ടായിരിക്കണമെന്ന നിയമം പാലിക്കപ്പെട്ടില്ല എന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിധി.

ഇത്തവണ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോൾ അദ്ദേഹത്തിനെതിരെ കേസുകളൊന്നുമില്ലായിരുന്നു. എന്നാൽ വൈകിട്ടോടെ എൻ.ഡി.പി.എസിലെ വകുപ്പ് 27 (ലഹരി ഉപയോഗം), 29 (1) (ഗൂഢാലോചന), ബി.എൻ.എസിലെ വകുപ്പ് 238 (തെളിവു നശിപ്പിക്കൽ) കുറ്റങ്ങൾ ചുമത്തി ഷൈന്‍ അറസ്റ്റിലായി. താൻ രാസലഹരിയായ മെത്താംഫെറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ടായിരുന്നു എന്നാണ് ഷൈൻ പൊലീസിന് നൽകിയ മൊഴി. ഒപ്പം കഴിഞ്ഞ വർഷം 12 ദിവസത്തോളം ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു എന്നും വെളിപ്പെടുത്തി.

ഷൈനിൻ്റെ കരിയറിൻ്റെ തുടക്കത്തിലായിരുന്നു കൊക്കെയ്ൻ കേസ് ഉണ്ടായത്. എന്നാൽ അതിനെ മറികടന്ന് മലയാള സിനിമയിൽ മികച്ച കരിയർ ഉണ്ടാക്കിയെടുക്കാൻ ഷൈനിനു സാധിച്ചു. അസാധാരണ പെരുമാറ്റങ്ങളും മറ്റുംകൊണ്ട് പലപ്പോഴും മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്ന ഷൈൻ, ലഹരിമരുന്ന് ഉപയോഗിക്കുന്നതുകൊണ്ടാണ് ഇത്തരത്തിൽ പെരുമാറുന്നത് എന്നുവരെ ആക്ഷേപങ്ങളുണ്ടായിരുന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks