29 C
Trivandrum
Sunday, April 20, 2025

ബി.ജെ.പിക്കും യു.ഡി.എഫിനും തിരിച്ചടി; എസ്.എഫ്.ഐ.ഒ. കേസിൽ തുടർനടപടി ഹൈക്കോടതി തടഞ്ഞു

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകളുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കും കരിമണൽ കമ്പനിയായ സി.എം.ആർ.എലുമായും ബന്ധപ്പെട്ട എസ്.എഫ്.ഐ.ഒ. റിപ്പോർട്ടിന്മേലുള്ള തുടർനടപടികൾ നിർത്തി വയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. എറണാകുളം അഡീഷണൽ സെഷൻസ് കോടതി മുമ്പാകെയുള്ള കേസിലാണ് 2 മാസത്തേക്ക് തുടർനടപടികൾ തടഞ്ഞ് ജസ്റ്റിസ് ടി.ആർ.രവിയുടെ അവധിക്കാല ബെഞ്ച് ഉത്തരവിട്ടത്. വേനലവധിക്കു ശേഷം കോടതി ചേരുമ്പാഴായിരിക്കും ഇനി ഹർജി പരിഗണിക്കുക. സി.എം.ആർ.എൽ. ആണ് സെഷൻസ് കോടതി തീരുമാനം ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്.

സി.എം.ആർ.എൽ. എം.‍ഡി. ശശിധരൻ കർത്ത, വീണ വിജയൻ, കമ്പനി ഉദ്യോഗസ്ഥർ അടക്കമുള്ളവരെ പ്രതികളാക്കിയാണ് എസ്.എഫ്.ഐ.ഒ. റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. ചെയ്യാത്ത സേവനത്തിന് വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിന് സി.എം.ആർ.എൽ. 2.70 കോടി രൂപയോളം നൽകിയെന്നാണ് എസ്.എഫ്.ഐ.ഒ. കുറ്റപത്രത്തില്‍ പറയുന്നത്. സി.എം.ആർ.എല്ലിൽനിന്നു വിവിധ സ്ഥാപനങ്ങളും രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കും 133 കോടി രൂപയോളം കൈമാറിയതായി കണ്ടെത്തിയിരുന്നു. ഈ വിഭാഗത്തിലാണ് എക്സാലോജിക്കും ഉൾപ്പെടുന്നത്. കുറ്റപത്രം സ്വീകരിച്ച് സൂക്ഷ്മപരിശോധന നടത്തി നമ്പറിട്ട ശേഷം പ്രതിപ്പട്ടികയിലുള്ളവർക്ക് നോട്ടിസ് അയയ്ക്കാൻ സെഷൻസ് കോടതി നടപടി തുടങ്ങാനിരിക്കെയാണ് ഹൈക്കോടതി ഇടപെടൽ.

തങ്ങളെ കേൾക്കാതെയാണ് സെഷൻസ് കോടതിയുടെ നടപടി എന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സി.എം.ആർ.എൽ. ഹൈക്കോടതിയെ സമീപിച്ചത്. കമ്പനി നിയമപ്രകാരമാണ് എസ്.എഫ്.ഐ.ഒ. റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. അന്വേഷണ റിപ്പോർട്ടിനൊപ്പം അത് ഒരു പരാതിയായാണ് നൽകിയിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത നിലവിൽ വന്നിട്ടുള്ള സാഹചര്യത്തിൽ പ്രതിയാക്കപ്പെട്ടവർക്കുമേൽ കുറ്റം ചാർത്തുന്നതിനു മുമ്പ് അവരെ കേൾക്കണം. കോടതി ഇതൊരു പൊലീസ് റിപ്പോർട്ടായിട്ടാണ് പരിഗണിച്ചിരിക്കുന്നത്. എന്നാൽ ഇത് പരാതിയാണ്. എസ്.എഫ്.ഐ.ഒ. സമർപ്പിച്ചത് പൊലീസ് റിപ്പോർട്ട് ആണെങ്കിൽ എല്ലാ കേസുകളിലും ആ രീതി ഉണ്ടാകണം. ചില കേസുകളിൽ മാത്രം പൊലീസ് റിപ്പോർട്ടായി പരിഗണിക്കാമെന്ന നിലപാട് ശരിയല്ല. കോടതി കമ്പനി നിയമം അനുസരിച്ചാണ് കേസിൻ്റെ തുടർ നടപടികൾ പരിഗണിച്ചിരിക്കുന്നത്. എന്നാൽ ബി.എൻ.എസിലെ വകുപ്പുകൾ ഈ കേസിൽ ബാധകമാണ്. അതിനാൽ കേസിലെ തുടർനടപടികൾ റദ്ദാക്കണം എന്നാണ് സി.എം.ആർ.എൽ വാദിച്ചത്.

സി.എം.ആർ.എൽ. നിലപാട് കേന്ദ്ര സർക്കാർ എതിർത്തെങ്കിലും ഹർജി ഫയലിൽ സ്വീകരിക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് 2 മാസത്തേക്കു തുടർനടപടികൾ നിർത്തി വെയ്ക്കാനും തൽസ്ഥിതി തുടരാനും നിർദേശിച്ചത്. കോടതി നടപടികൾക്കു പുറമെ ഇ.ഡിയും ഈ കേസ് അന്വേഷിക്കുന്നുണ്ട്. ഇ.ഡിക്ക് ഇതിലെ കുറ്റപത്രം നൽകാനും സെഷൻസ് കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks