Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: മുനമ്പം വിഷയത്തിന് പരിഹാരം കാണാൻ കോടതിയെ സമീപിക്കണമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു. വഖഫ് ട്രൈബ്യൂണലിൻ്റെ അധികാരങ്ങളിലും ഘടനയിലും നിയമഭേദഗതിയിലൂടെ മാറ്റം വരുത്തിയിട്ടുണ്ട്. അതിനാല്‍ ട്രൈബ്യൂണല്‍ ഉത്തരവ് എതിരായാലും മുനമ്പത്തെ ജനങ്ങള്‍ക്ക് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാനാവും. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ നിയമ വഴിയിലൂടെ തന്നെ പരിഹാരം കാണണമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
മുനമ്പത്തെ ഭൂമി കൈമാറ്റം ചെയ്യപ്പെട്ടു. ഇത് വഖഫിന് എതിരാണ്. ഹൈക്കോടതി ഉത്തരവിനെതിരെ പുതിയ നിയമ പ്രകാരം സുപ്രീംകോടതിയെ സമീപിക്കാം. സംസ്ഥാന സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കണം. സര്‍വേ കമ്മീഷണര്‍ എടുത്ത മുഴുവന്‍ നടപടികളും എറണാകുളം ജില്ലാ കലക്ടര്‍ പുനഃപരിശോധിക്കണം. സര്‍ക്കാര്‍ ഇതിന് നിര്‍ദേശം നല്‍കണമെന്ന് റിജിജു കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മുനമ്പത്ത് യു.ഡി.എഫും എല്‍.ഡി.എഫും വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കരുത്. മുസ്ലീം വിഭാഗക്കാര്‍ കോണ്‍ഗ്രസിൻ്റെയും കമ്മ്യൂണിസ്റ്റിൻ്റെയും വോട്ട് ബാങ്ക് ആകരുത്. ബി.ജെ.പിയുടെ പേരു പറഞ്ഞ് ഭയപ്പെടുത്താനാണ് ഇവര്‍ ശ്രമിക്കുന്നത്. എന്നാല്‍ കേരള ജനതയെ എത്രകാലം തെറ്റിദ്ധരിപ്പിക്കാനാകുമെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. നിഷ്പക്ഷതയ്ക്കും, നീതി ഉറപ്പാക്കാനും വേണ്ടിയാണ് മേല്‍നോട്ട അധികാരം കലക്ടര്‍ക്ക് നല്‍കിയതെന്ന് റിജിജു പറഞ്ഞു.
വഖഫ് നിയമം മുസ്ലിങ്ങള്‍ക്ക് എതിരല്ലെന്നും മുനമ്പം ഇനി രാജ്യത്ത് എവിടെയും ആവര്‍ത്തിക്കില്ലെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. മുനമ്പത്ത് നീതി ഉറപ്പാക്കും. ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുള്ള നിയമ ഭേദഗതിയല്ല ഇത്. നിയമ ഭേദഗതി നടത്തിയില്ലാരുന്നില്ലെങ്കില്‍ ഏതു ഭൂമിയും വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ നിയമ ഭേദഗതിക്ക് തയാറായതെന്നും കിരണ്‍ റിജിജു പറഞ്ഞു.
വഖഫ് നിയമത്തില്‍ മുസ്ലിങ്ങള്‍ക്കെതിരായ നീക്കം കേന്ദ്രം നടത്തുന്നു എന്ന പ്രചാരണമാണ് ചിലര്‍ നടത്തുന്നത്. ഇത് തെറ്റാണ്. വര്‍ഷങ്ങളായുള്ള തെറ്റ് തിരുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ എന്ന നിലയിലാണ് നിര്‍ണായക നടപടി സ്വീകരിച്ചത്. സ്വന്തം ഭൂമിയുടെ ഉടമസ്ഥാവകാശം നഷ്ടപ്പെട്ട ആയിരക്കണക്കിന് ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുകയാണ് ചെയ്തതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.