Follow the FOURTH PILLAR LIVE channel on WhatsApp
ചെന്നൈ: തമിഴ്‌നാട്ടില്‍ കെ.അണ്ണാമലൈക്ക് പകരം നൈനാര്‍ നാഗേന്ദ്രന്‍ ബി.ജെ.പി. പ്രസിഡൻ്റാകും. ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തി നൈനാര്‍ പത്രിക നല്‍കി. വെള്ളിയാഴ്ച വൈകുന്നേരം 4 മണി വരെയായിരുന്നു ഈ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്‍കാനുള്ള സമയം. പത്രിക നല്‍കിയത് നൈനാര്‍ നാഗേന്ദ്രന്‍ മാത്രമാണ്.
സംസ്ഥാന ബി.ജെ.പി അധ്യക്ഷ സ്ഥാനത്തുനിന്ന് അണ്ണാമലൈയെ നീക്കണമെന്ന് എ.ഐ.എ.ഡി.എം.കെ ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എങ്കിൽ മാത്രമേ ബി.ജെ.പിയുമായി സഖ്യത്തിനുള്ളൂ എന്നായിരുന്നു അവരുടെ നിലപാട്.
സംസ്ഥാന പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് പാര്‍ട്ടിയുടെ 10 വര്‍ഷത്തെ പ്രാഥമികാംഗത്വം വേണമെന്നാണ് വ്യവസ്ഥ. എന്നാല്‍ നൈനാര്‍ നാഗേന്ദ്രന് വേണ്ടി ഇക്കാര്യത്തില്‍ ഇളവ് നല്‍കി. എ.ഐ.എ.ഡി.എം.കെ. പ്രവര്‍ത്തകനായിരുന്ന നൈനാര്‍ 2017ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
ബി.ജെ.പിയുടെ നിയമസഭാ കക്ഷി നേതാവായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. തേവര്‍ സമുദായാംഗമാണ് എന്നുള്ളതാണ് നൈനാരെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത്.