Follow the FOURTH PILLAR LIVE channel on WhatsApp
ചേർത്തല: ഉപയോഗിക്കുന്ന വാക്കുകളിൽ കൂടുതല്‍ ശ്രദ്ധയും അവധാനതയും എസ്.എൻ.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പുലര്‍ത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഉപദേശം. മലപ്പുറത്തെക്കുറിച്ച് വെള്ളാപ്പള്ളി നടത്തിയ വിവാദപ്രസംഗത്തെ പരാമർശിക്കുകയായിരുന്നു അദ്ദേഹം. എസ്.എൻ.ഡി.പി.യോഗം ജനറല്‍ സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശൻ 30 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ എസ്.എൻ.ഡി.പി.യോഗം ചേര്‍ത്തല യൂണിറ്റ് സംഘടിപ്പിച്ച സ്വീകരണപരിപാടിയിലാണ് മുഖ്യമന്ത്രി ഇതു പറഞ്ഞത്.
ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എതിരേയാണ് വെള്ളാപ്പള്ളിയുടെ പരാമർശമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിലുള്ള യാഥാര്‍ഥ്യംവച്ച് ഒരു കാര്യം പറഞ്ഞതാണ്. പറഞ്ഞത് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എതിരായിരുന്നു. ആ രാഷ്ട്രീയ പാര്‍ട്ടിയെ സംരക്ഷിക്കാന്‍ താത്പര്യമുള്ളവരെല്ലാം കൂടി അതിനെതിരേ രംഗത്തുവന്നു. അടുത്തകാലത്ത് നിര്‍ഭാഗ്യകരമായ ചില വിവാദങ്ങള്‍ ഉയര്‍ന്നുവന്നു. എന്നാല്‍, വെള്ളാപ്പള്ളിയെ അറിയാവുന്നവര്‍ക്കെല്ലാം അറിയാം അദ്ദേഹം ഏതെങ്കിലും മതത്തിന് എതിരായി നിലപാട് സ്വീകരിച്ച ചരിത്രമുള്ള ആളല്ലെന്ന്. എല്ലാ ഘട്ടത്തിലും വിവിധ മതങ്ങളുമായി യോജിച്ചുകൊണ്ടുള്ള ഒട്ടേറെ കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വ്യക്തിപരമായി തന്നെ നേതൃത്വം വഹിച്ച ആളാണ് വെള്ളാപ്പള്ളി. എന്നാലും തെറ്റിദ്ധാരണകള്‍ പരത്താനുള്ള അവസരം അദ്ദേഹത്തിൻ്റെ പ്രസംഗത്തിൻ്റെ ഭാഗമായി വന്നു.
ഏതെങ്കിലും തരത്തിലുള്ള കുറവ് അദ്ദേഹത്തിൻ്റെ ഭാഗത്തുനിന്ന് വന്നു എന്നതുകൊണ്ടല്ല. ഇതാണ് നാട്. ഏതിനേയും വക്രീകരിക്കാന്‍ നോക്കുന്ന കാലമാണ്. ഏതിനേയും തെറ്റായി ചിത്രീകരിക്കാന്‍ നോക്കുന്ന കാലമാണ്. അദ്ദേഹം തന്നെ പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്, രാഷ്ട്രീയപ്രസ്ഥാനത്തിന് എതിരെ പറഞ്ഞ കാര്യമാണെന്ന്. അത് ഒരു രാഷ്ട്രീയ പാര്‍ട്ടിയോട് പ്രത്യേക വിരോധമോ മമതയോ വെച്ചുകൊണ്ടുപറഞ്ഞതല്ല. നിലവിലുള്ള യാഥാര്‍ഥ്യംവച്ച് ഒരു കാര്യം പറഞ്ഞതാണ്. പറഞ്ഞത് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എതിരായിരുന്നു. ആ രാഷ്ട്രീയപാര്‍ട്ടിയെ സംരക്ഷിക്കാന്‍ താത്പര്യമുള്ളവരെല്ലാം കൂടി അതിനെതിരേ രംഗത്തുവന്നു -മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനമാണെന്നുമാണ് വെള്ളാപ്പള്ളി നടേശന്‍ മുമ്പ് പറഞ്ഞത്. മലപ്പുറത്ത് ഈഴവര്‍ക്കായി ഒന്നുമില്ലെന്നും വെറും തൊഴിലുറപ്പ് മാത്രമേയുള്ളൂവെന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ തകര്‍ന്നടിഞ്ഞത് ഇവിടുത്തെ പിന്നാക്കക്കാരുടെ സ്വപ്‌നങ്ങളാണെന്നും വെള്ളാപ്പള്ളി നടേശന്‍ അന്ന് പറഞ്ഞിരുന്നു.