29 C
Trivandrum
Saturday, April 26, 2025

വേദനയായി ജിത്തു; ഒഴുക്കിൽപ്പെട്ട 2 കൂട്ടുകാരെ രക്ഷിച്ച 12കാരൻ മുങ്ങിമരിച്ചു

Follow the FOURTH PILLAR LIVE channel on WhatsApp 

തൃശ്ശൂര്‍: ഒഴുക്കിൽപ്പെട്ട 2 കൂട്ടുകാരെ രക്ഷിക്കാൻ സ്വജീവൻ ബലിയർപ്പിച്ച ജിത്തു നാടിൻ്റെ വേദനയായി. പഴയന്നൂർ ഗായത്രിപ്പുഴയില്‍ ചീരക്കുഴി റെഗുലേറ്ററിനു താഴെയാണ് ഒഴുക്കില്‍പ്പെട്ട് ഈ 12 വയസുകാരന്‍ മരിച്ചത്. പാലക്കാട് പുതുശ്ശേരി സ്വദേശി മനോജിൻ്റെയും ജയശ്രീയുടെയും മകന്നാണ് ജിത്തു എന്ന വിശ്വജിത്ത്.

അച്ഛൻ്റെ നാടായ പുതുശ്ശേരിയില്‍ പഠിക്കുകയായിരുന്ന വിശ്വജിത്ത് കഴിഞ്ഞ ദിവസമാണ് അമ്മവീടായ ലക്കിടിയിലെത്തിയത്. വേനലവധി ആഘോഷിക്കാന്‍ മുതിര്‍ന്നവരും കുട്ടികളുമടങ്ങുന്ന പത്തോളം പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3 മണിയോടെ അവൻ ചീരക്കുഴിയിലെത്തിയത്.

സുഹൃത്തുകളോടൊപ്പം പുഴയിലിറങ്ങി കളിക്കുന്നതിനിടെ പഴയലക്കിടി നാലകത്ത് കാസിമിൻ്റെ മകന്‍ അബുസഹദാണ് (12)ആദ്യം ഒഴുക്കില്‍പ്പെട്ടത്. രക്ഷിക്കാന്‍ ശ്രമിച്ച ഹനീഫയുടെ മകന്‍ കാജാ ഹുസൈനും (12) ഒഴുക്കില്‍പ്പെട്ടു. ഇരുവരെയും രക്ഷിച്ച് പുഴയിലുണ്ടായിരുന്ന പാറയോടടുപ്പിച്ച ശേഷമാണ് വിശ്വജിത്ത് ഒഴുക്കില്‍പ്പെട്ടത്.

സംഘത്തിലുണ്ടായിരുന്ന കാസിം പുഴയിലിറങ്ങി 3 കുട്ടികളെയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും 2 പേരെ മാത്രമെ കരക്കെത്തിക്കാനായുള്ളു. 2 ദിവസം മുന്‍പുണ്ടായ വേനല്‍ മഴയില്‍ ഗായത്രിപുഴയില്‍ വെള്ളത്തിൻ്റെ അളവ് വര്‍ദ്ധിച്ചതോടെ റെഗുലേറ്ററിൻ്റെ ഷട്ടറുകള്‍ തുറന്നിരുന്നതിനാല്‍ പുഴയില്‍ ഒഴുക്കുണ്ടായിരുന്നു.

വിവരം അറിഞ്ഞെത്തിയ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ചീരക്കുഴി പാറപ്പുറം സ്വദേശി പ്രദീപ് കുട്ടിയെ മുങ്ങിയെടുത്തു. ഉടന്‍ പഴയന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ശ്രീനന്ദയാണ് വിശ്വജിത്തിൻ്റെ സഹോദരി.

Recent Articles

Related Articles

Special

Enable Notifications OK No thanks