Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് തിരിച്ചടി. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിൻ്റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. കേസിൻ്റെ വിചാരണ അന്തിമഘട്ടത്തിലെന്ന് നിരീക്ഷിച്ചു കൊണ്ടാണ് ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, പി.കൃഷ്ണകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ദിലീപിൻ്റ ഹർജി തള്ളിയത്. നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയതിനെതിനെ തുടര്‍ന്നാണ് ദിലീപ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
കേസില്‍ നിഷ്പക്ഷ അന്വേഷണത്തിന് കേന്ദ്ര ഏജന്‍സി വേണമെന്ന് ആവശ്യപ്പെട്ട് 4 വര്‍ഷം മുമ്പാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, കേസിൻ്റെ വിചാരണക്കിടെ കോടതി ദിലീപിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേസിൻ്റെ നടപടിക്രമങ്ങള്‍ നീട്ടുന്നതിനായാണ് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടുന്നതെന്ന് കോടതി നിരീക്ഷിച്ചു. കേസിൻ്റെ വിചാരണ ഏത് ഘട്ടത്തിലാണെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. കേസിൻ്റെ അന്തിമവാദം കേട്ടതിന് ശേഷമാണ് കോടതി ദിലീപിൻ്റെ ആവശ്യം തള്ളുകയും ഹര്‍ജി തീര്‍പ്പാക്കുകയും ചെയ്തത്.
കേസ് ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് പ്രതിക്ക് ആവശ്യപ്പെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് നേരത്തെ ദിലീപിൻ്റെ ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയത്.
നടിയെ ആക്രമിച്ച കേസിൻ്റെ അന്തിമവാദം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടരുകയാണ്. ഈ മാസം 11നു തന്നെ വാദം പൂർത്തിയാക്കണം എന്നാണ് പ്രോസിക്യൂഷനും പ്രതിഭാഗത്തിനും വിചാരണ കോടതി നൽകിയിട്ടുള്ള നിർദേശം. ഇതിനിടയിലാണ് സി.ബി.ഐ. അന്വേഷണ ആവശ്യം തള്ളിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവും വന്നത്.
2017 ഫെബ്രുവരി 17നാണ് ഷൂട്ടിങ്ങിനു ശേഷം തൃശ്ശൂരിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെടുന്നതും ഇതിൻ്റെ ദൃശ്യങ്ങൾ പകർത്തപ്പെടുന്നതും. പള്‍സർ സുനി കേസിൽ ഒന്നാം പ്രതിയും ദിലീപ് എട്ടാം പ്രതിയുമാണ്. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്താൻ ദിലീപ് ഒന്നര കോടി രൂപയ്ക്ക് തനിക്ക് ക്വട്ടേഷൻ തന്നതാണെന്ന് അവകാശപ്പെട്ട് പൾസർ സുനി അടുത്തിടെ രംഗത്തെത്തിയിരുന്നു.