Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: മുനമ്പം ഭൂമിപ്രശ്നത്തില്‍ സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യൽ കമ്മീഷന് തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. മുനമ്പം ഭൂമി പ്രശ്നത്തിൽ നിയോഗിച്ച സി.എൻ.രാമചന്ദ്രൻ നായർ കമ്മീഷൻ്റെ നിയമനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, എസ്.മനു എന്നിവരുടെ ഉത്തരവ്.
അതേസമയം, കമ്മീഷൻ റിപ്പോർട്ടിന്മേൽ തല്ക്കാലം നടപടി എടുക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. അപ്പീൽ വേനലവധിക്ക് ശേഷം ജൂണ്‍ 16ന് വീണ്ടും പരിഗണിക്കും.
വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നമായതിനാൽ വഖഫ് ട്രിബ്യൂണലിന് മാത്രമേ ഈ കാര്യത്തിൽ ഇടപെടാൻ സാധിക്കൂ എന്നു ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിൾ ബെഞ്ച് കമ്മീഷൻ നിയമനം റദ്ദാക്കിയത്. സർക്കാർ വേണ്ടത്ര പഠനം നടത്താതെയും വസ്തുതകൾ പരിശോധിക്കാതെയുമായിരുന്നു കമ്മീഷനെ നിയമിച്ചത് എന്നും സിംഗിൾ ബെഞ്ച് വിധിച്ചിരുന്നു. ഇതിനെതിരെയാണ് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
മുനമ്പത്തെ ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ മാത്രമാണ് കമ്മീഷനെ നിയമിച്ചത് എന്നാണ് സർക്കാർ വാദം. കമ്മീഷന് ജുഡീഷ്യൽ അധികാരങ്ങളില്ല. കമ്മീഷൻ ശുപാർശകൾ അംഗീകരിക്കണമെന്ന് നിർബന്ധമില്ല എന്നും സർക്കാർ വ്യക്തമാക്കി. വിഷയത്തിൽ പൊതുതാത്പര്യമുണ്ടെന്നും ക്രമസമാധാന പ്രശ്നം എന്ന നിലയിലും കമ്മീഷൻ്റെ പ്രവർത്തനം ആവശ്യമാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതോടൊപ്പം, കമ്മീഷൻ്റെ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ തയാറാണെന്നും സർക്കാർ വ്യക്തമാക്കി.
മുനമ്പം വിഷയത്തിൽ കമ്മീഷനെ നിയമിച്ച് വിഷയം പരിഹരിക്കാനുള്ള സർക്കാർ ശ്രമത്തിനേറ്റ തിരിച്ചടിയായിരുന്നു ഇത് റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ്. മുനമ്പത്ത് അതിനു പിന്നാലെ സമരം ശക്തമാവുകയും ചെയ്തു. ഇതിനിടെ വഖഫ് ഭേദഗതി ബിൽ പാസാക്കി ബി.ജെ.പിയും മുനമ്പത്ത് ചുവടുറപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സർക്കാരിന് താത്കാലിക ആശ്വാസമെന്ന നിലയിൽ ഡിവിഷൻ ബെഞ്ച് ഉത്തരവ് എത്തുന്നത്.
മുനമ്പം നിവാസികളെ ഉൾപ്പെട കണ്ട ശേഷം റിപ്പോർട്ട് തയാറാക്കാൻ ഒരുങ്ങുന്നതിനിടെ ആയിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ് ഉണ്ടായത്. തുടർന്ന് കമ്മീഷൻ പ്രവർത്തനം താത്കാലികമായി നിർത്തിയിരുന്നു.