29 C
Trivandrum
Saturday, April 26, 2025

സി.പി.എമ്മിനെ നയിക്കാൻ എം.എ.ബേബി

Follow the FOURTH PILLAR LIVE channel on WhatsApp 

മധുര: സി.പി.എം. ജനറൽ സെക്രട്ടറിയായി എം.എ.ബേബിയെ മധുരയിൽ ചേർന്ന 24ാം പാർട്ടി കോൺഗ്രസ് തിരഞ്ഞടുത്തു. പുതിയ കേന്ദ്ര കമ്മിറ്റിയുടെ ആദ്യയോഗമാണ് ജനറൽ സെക്രട്ടറിയെയും 18 അംഗ പൊളിറ്റ് ബ്യൂറോയേയും തിരഞ്ഞെടുത്തത്. പി.ബിയിൽ 8 പേർ പുതുമുഖങ്ങളാണ്.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബിയുടെ പേര് നിർദ്ദേശിച്ചത് പി.ബി. അംഗം മുഹമ്മദ് സലീമാണ്. അശോക് ധവാലെ പിന്താങ്ങി. പാർട്ടി കോൺഗ്രസ് ബേബിയെ സെക്രട്ടറിയായി തിരഞ്ഞെടുത്തതായി പിണറായി വിജയൻ സമ്മേളനത്തെ അറിയിച്ചു.

2012ലെ 20ാം പാർട്ടി കോൺഗ്രസിലാണ് എം.എ.ബേബി സി.പി.എം. പൊളിറ്റ് ബ്യൂറോയിൽ എത്തിയത്. വിദ്യാർഥി പ്രസ്ഥാന ഘട്ടം മുതൽ പലതവണ ജയിൽവാസം അനുഭവിച്ചു. അടിയന്തരാവസ്ഥകാലത്ത് ക്രൂരമായ പൊലീസ് മർദനത്തിന് ഇരയായി ജയിലിലടക്കപ്പെട്ടു.

1974ൽ എസ്.എഫ്.ഐ. കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1975ൽ എസ്.എഫ്.ഐ. കേരള ഘടകം പ്രസിഡൻ്റായി. 1979ൽ അഖിലേന്ത്യാ പ്രസിഡൻ്റായി. 1987ൽ ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡൻ്റായി.

1977ൽ സി.പി.എം. കൊല്ലം ജില്ലാ കമ്മിറ്റിയംഗം. 1984ൽ സി.പി.എം. കേരള സംസ്ഥാന കമ്മിറ്റിയംഗം. 1989ൽ സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം. 1992ൽ സി.പി.എം. കേന്ദ്ര സെക്രട്ടേറിയറ്റംഗം, 1997ൽ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം.

1986 മുതൽ രാജ്യസഭാംഗമായിരുന്നു. രാജ്യസഭയിൽ ഏറ്റവും പ്രായംകുറഞ്ഞ അംഗങ്ങളിൽ ഒരാളായിരുന്നു. അന്ന് രാജ്യസഭയിലെ പാനൽ ഓഫ് ചെയർമാൻ അംഗവും തുടർന്ന് സബോർഡിനേറ്റ് ലെജിസ്ളേഷൻ കമ്മിറ്റി അധ്യക്ഷനുമായി. 1998വരെ രാജ്യസഭാംഗമായി തുടർന്നു.

2006 – 2011 കാലഘട്ടത്തിൽ വി.എസ്.അച്യുതാനന്ദൻ മന്ത്രിസഭയിൽ കേരള വിദ്യാഭ്യാസ- സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്നു. കൊല്ലം കുണ്ടറയിൽ നിന്നാണ് നിയമസഭയിൽ എത്തുന്നത്. 2011 ൽ കുണ്ടറയിൽ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

2015ലെ വിശാഖപട്ടണം പാർട്ടി കോൺഗ്രസ് മുതൽ 3 തവണയായി സീതാറാം യെച്ചൂരിയാണ് പാർട്ടി ജനറൽ സെക്രട്ടറി. 2018ൽ ഹൈദരബാദിലും 2022ൽ കണ്ണൂരിലുമാണ് പാർട്ടി കോൺഗ്രസ് ചേർന്നത്. കഴിഞ്ഞ വർഷം യെച്ചൂരിയുടെ അകാല മരണത്തിന് പിന്നാലെ പ്രകാശ് കാരാട്ട് പൊളിറ്റ് ബ്യൂറോ കോ-ഓർഡിനേറ്ററായി ചുമതലയേറ്റു. ഇതിനു പിന്നാലെയാണ് മധുര പാർട്ടി കോൺഗ്രസിൽ എം.എ.ബേബി പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്ത് എത്തുന്നത്.

Recent Articles

Related Articles

Special

Enable Notifications OK No thanks