Follow the FOURTH PILLAR LIVE channel on WhatsApp
ചെന്നൈ: നമ്മുടെയെല്ലാം തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുന്ന വാളാണ് മണ്ഡല പുനർനിർണയമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. വടക്കേ ഇന്ത്യയിൽ മുൻതൂക്കം ലഭിക്കുമെന്നതു കൊണ്ടാണ് ബി.ജെ.പി. മണ്ഡല പുനർനിർണയവുമായി മുന്നോട്ടുപോവുന്നത്. കൂടിയാലോചനകളില്ലാതെ ബി.ജെ.പി. അവരുടെ തീരുമാനത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുന്നുവെന്നും പിണറായി ചൂണ്ടിക്കാട്ടി. മണ്ഡല പുനര്‍നിര്‍ണയ നീക്കത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ വിളിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലപുനർനിർണയനത്തിലുള്ള കേന്ദ്ര സർക്കാരിൻ്റെ നടപടികൾ ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെയും ജനാധിപത്യത്തെയും അസ്ഥിരപ്പെടുത്തുന്നതാണ്. കേന്ദ്രനീക്കം അംഗീകരിക്കാനാവില്ല. രാജ്യത്തിൻ്റെ ജനാധിപത്യം ഇല്ലാതാക്കുന്ന രാഷ്ട്രീയ നീക്കമാണ് നടക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പാർലമെൻ്ററി പ്രാതിനിധ്യം ഇല്ലാതാക്കുകയാണ് കേന്ദ്രം എന്നും കേരള മുഖ്യമന്ത്രി പറഞ്ഞു.

ഒരു വശത്ത് ജനസംഖ്യാ വിസ്‌ഫോടനം ഫലപ്രദമായി നേരിട്ടതിന് കേന്ദ്ര സര്‍ക്കാര്‍ ഞങ്ങളെ പ്രശംസിക്കുന്നു, മറുവശത്ത് നിങ്ങളുടെ ജനസംഖ്യ കുറവാണെന്ന് പറഞ്ഞ് അവര്‍ ഞങ്ങള്‍ക്ക് ലഭിക്കേണ്ട വിഹിതം വെട്ടിക്കുറയ്ക്കുന്നു. 1976ലെ ജനസംഖ്യാ നിയന്ത്രണനയം മുഴുവന്‍ രാജ്യത്തിനും വേണ്ടിയായിരുന്നു, എന്നാല്‍ കേരളം പോലുള്ള ചുരുക്കം ചില സംസ്ഥാനങ്ങള്‍ മാത്രമേ ഫലപ്രദമായി നടപ്പിലാക്കിയിട്ടുള്ളൂ -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നമ്മുടെ പാർലമെൻ്ററി പ്രാതിനിധ്യവും രാജ്യത്തിൻ്റെ സമ്പത്തിലെ വിഹിതവും കുറഞ്ഞാൽ ലഭിക്കേണ്ട ന്യായമായ ഫണ്ടിൻ്റെ വിഹിതവും അത് ആവശ്യപ്പെടാനുള്ള അവകാശവും ഒരേസമയം നഷ്ടപ്പെടുന്ന സാഹചര്യമാണ് കേന്ദ്രം ഒരുക്കുന്നത്. ഈ പ്രശ്നത്തിൻ്റെ ഗൗരവം തിരിച്ചറിഞ്ഞാണ് കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ഒഡീഷ, പശ്ചിമ ബംഗാൾ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ ഇപ്പോൾ പ്രതിഷേധത്തിൽ ഒന്നിക്കുന്നത്. സംയുക്ത പ്രവർത്തക സമിതി രൂപവത്കരിച്ച് ഏകോപിത ചെറുത്തുനിൽപ്പിന് തുടക്കം കുറിക്കാനാണ് ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. ധനനയങ്ങൾ മുതൽ ഭാഷാനയങ്ങൾ, സാംസ്കാരിക നയങ്ങൾ, പ്രാതിനിധ്യ നിർണ്ണയം വരെയുള്ള കേന്ദ്ര സർക്കാരിൻ്റെ നടപടികൾ ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെയും ജനാധിപത്യ ചട്ടക്കൂടിനെയും അസ്ഥിരപ്പെടുത്തുന്നതാണ്. ഇത് പാസാക്കാൻ അനുവദിക്കില്ല.
നികുതിയിലടക്കം കേന്ദ്രവിഹിതം കുറയാന്‍ കാരണമാകും. ഇപ്പോള്‍ തന്നെ കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളുടെ വിഹിതം വെട്ടിക്കുറിച്ചിട്ടുണ്ട്. കേന്ദ്രനീക്കത്തിനെതിരെ ഒറ്റക്കെട്ടായി പോരാടേണ്ട സമയമാണിത്. ഫെഡറിലസം രാജ്യത്തിൻ്റെ അടിസ്ഥാന ശിലയാണ്- പിണറായി പറഞ്ഞു. യോഗം സംഘടിപ്പിച്ചതിന് സ്റ്റാലിനോട് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.

ജനാധിപത്യവും ഫെഡറലിസവും സംരക്ഷിക്കാനായാണ് ഈ പോരാട്ടമെന്നും മണ്ഡല പുനര്‍നിര്‍ണയം തെക്കന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തെ ബാധിക്കുമെന്നും അതുകൊണ്ടാണ് ഒന്നിച്ചു എതിര്‍ക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. സംസ്ഥാനങ്ങളുടെ ശക്തി കുറയ്ക്കുക എന്നത് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. മണ്ഡല പുനര്‍നിര്‍ണയത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകള്‍ക്ക് വ്യക്തതയില്ല. 2 വര്‍ഷമായി മണിപ്പുര്‍ കത്തുകയാണ്. അവരുടെ ശബ്ദം പാര്‍ലമെൻ്റില്‍ എത്തുന്നില്ല. കാരണം അവര്‍ക്ക് അംഗബലമില്ല. ജനസംഖ്യാടിസ്ഥാനത്തില്‍ മണ്ഡലം പുനര്‍നിര്‍ണയിക്കുന്നത് നീതിയല്ല- സ്റ്റാലിന്‍ പറഞ്ഞു.
യോഗത്തില്‍ 13 പാര്‍ട്ടികളുടെ പ്രതിനിധികളാണ് പങ്കെടുത്തത്. തൃണമൂല്‍, വൈ.എസ്.ആർ. കോൺഗ്രസ് പാര്‍ട്ടികളുടെ പ്രതിനിധികള്‍ എത്തിയില്ല. പിണറായി വിജയനെ കൂടാതെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരളാ കോൺഗ്രസ് -എം. നേതാവ് ജോസ് കെ.മാണി എം.പി., മുസ്ലിം ലീഗ് നേതാവ് പി.എം.എ.സലാം, ആർ.എസ്.പി. നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി., കോരള കോൺഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് എം.പി. എന്നിവരും കേരളത്തിൽ നിന്ന് യോഗത്തിനെത്തി.