Follow the FOURTH PILLAR LIVE channel on WhatsApp
റായ്പുര്‍: ഛത്തീസ്ഗഢില്‍ രണ്ടിടത്തുണ്ടായ ഏറ്റുമുട്ടലുകളില്‍ 30 മാവോവാദികളെ സുരക്ഷാസേന വധിച്ചു. ബസ്തര്‍ ഡിവിഷൻ്റെ ഭാഗമായ ബിജാപുര്‍, കങ്കര്‍ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്.
ഒരു സുരക്ഷാ സൈനികന്‍ ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ചു. ജില്ലാ റിസര്‍വ് ഗാര്‍ഡിലെ അംഗമായ സുരക്ഷാ സൈനികനാണ് ജീവൻ നഷ്ടമായത്
കലാപബാധിതമായ ബിജാപൂരിൽ 26 മാവോയിസ്റ്റുകളും കാങ്കറിൽ 4 പേരും കൊല്ലപ്പെട്ടതായി ബസ്തർ റേഞ്ച് ഐ.ജി. പി.സുന്ദർരാജ് മാധ്യമങ്ങളോടു പറഞ്ഞു. ബിജാപൂരിലെ ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് 26 മൃതദേഹങ്ങളും എ.കെ. 47, എസ്.എൽ.ആർ., ഇൻസാസ് എന്നിവയുൾപ്പെടെ ഓട്ടോമാറ്റിക്, സെമി ഓട്ടോമാറ്റിക് ആയുധങ്ങളും സ്ഫോടകവസ്തുക്കളും സുരക്ഷാ സേന കണ്ടെടുത്തതായി അദ്ദേഹം അറിയിച്ചു.
ബിജാപുര്‍, ദന്തേവാഡ ജില്ലകളുടെ അതിര്‍ത്തിയിലുള്ള വനപ്രദേശത്ത് സുരക്ഷാ സേനകളുടെ സംയുക്ത സംഘം മാവോവാദികള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെ രാവിലെ 7നാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. മാവോവാദി നേതാക്കള്‍ പ്രദേശത്ത് ഒളിവില്‍ കഴിയുന്നുവെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍.
ഗംഗലൂർ പ്രദേശത്ത് സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ പലതവണ വെടിവെപ്പ് നടന്നു. മേഖലയിൽ മാവോവാദികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
കങ്കർ ജില്ലയിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ 4 മാവോവാദികൾ കൊല്ലപ്പെട്ടു. കങ്കർ, നാരായൺപൂർ ജില്ലകളുടെ അതിർത്തിയിലുള്ള വനങ്ങളിൽ നിന്ന് 4 മൃതദേഹങ്ങൾ കണ്ടെടുത്തതായി കങ്കർ എസ്.പി. കല്യാൺ എലെസേല പറഞ്ഞു.
ഈ വര്‍ഷം ഇതുവരെ 81ലേറെ മാവോയിസ്റ്റുകളാണ് ഛത്തീസ്ഗഢിൽ മാത്രം ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടത്. ഫെബ്രുവരി 9ന് ബിജാപുരിലുണ്ടായ ഏറ്റുമുട്ടലില്‍ 31 മാവോവാദികളെ വധിച്ചിരുന്നു. 2 സുരക്ഷാ ഉദ്യോഗസ്ഥരും അന്ന് വീരമൃത്യു വരിച്ചു. 18 നക്സലുകള്‍ ഇവിടെ നിന്നും അറസ്റ്റിലാവുകയും ചെയ്തിരുന്നു.