Follow the FOURTH PILLAR LIVE channel on WhatsApp
പത്തനംതിട്ട: ശബരിമലയിൽ നടൻ മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ നടത്തി മോഹൻലാൽ. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയത്. ഭാര്യ സുചിത്രയുടെ പേരിലും നടൻ വഴിപാട് അർപ്പിച്ചു.
പമ്പയിൽ എത്തിയ മോഹൻലാലിനെ ദേവസ്വം ബോർഡ് അധികൃതർ സ്വീകരിച്ചു. പമ്പാഗണപതി ക്ഷേത്രത്തിൽ അദ്ദേഹം മാലയിട്ടു കെട്ടുനിറച്ചു. പമ്പ ഗണപതിയെ തൊഴുത് തേങ്ങയുടച്ച ശേഷം നീലിമല പരമ്പരാഗത പാത വഴിയാണ് ചൊവ്വാഴ്ച വൈകീട്ട് സന്നിധാനത്തേക്ക് എത്തിയത്. ദീപാരാധന സമയത്തോട് അടുത്ത് ശ്രീകോവിലിനു മുന്നിലെത്തി ദർശനം നടത്തി. തുടർന്ന് മേൽശാന്തിയെയും തന്ത്രിയെയും സന്ദർശിച്ചു.
മോഹൻലാലിനൊപ്പം അദ്ദേഹത്തിൻ്റെ സുഹൃത്ത് കെ.മാധവനും ദർശനത്തിനായി എത്തിയിരുന്നു. പടിപൂജ അടക്കമുള്ള ചടങ്ങുകളിൽ പങ്കെടുക്കും. ബുധനാഴ്ച പുലർച്ചെ നട തുറന്ന ശേഷമാകും മലയിറങ്ങുക.
മാർച്ച് 27നാണ് മോഹൻലാൽ നായകനാവുന്ന ചിത്രം എമ്പുരാൻ്റെ റിലീസ്. അതിൻ്റെ കൂടി ഭാഗമായാണ് ശബരിമല ദർശനം. സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വത്തിലാണ് മോഹൻലാൽ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്.