Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: പുതിയ സംസ്ഥാന പൊലീസ് മേധാവിക്കായുള്ള പട്ടികയിൽ എ.ഡി.ജി.പി. എം.ആർ.അജിത് കുമാറും. സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അയച്ച മുതിർന്ന 6 ഉദ്യോഗസ്ഥരുടെ പട്ടികയിലാണ് അജിത് കുമാറിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിക്കുന്ന ഒഴിവിലാണ് മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറിയിരിക്കുന്നത്.
റോഡ് സേഫ്റ്റി കമ്മീഷണർ നിധിൻ അഗർവാളാണ് പട്ടികയിൽ ഏറ്റവും സീനിയർ. വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. മനോജ് എബ്രഹാം, എസ്.പി.ജി. അഡീഷണൽ ഡയറക്ടർ സുരേഷ് രാജ് പുരോഹിത്, ബറ്റാലിയൻ എ.ഡി.ജി.പി. എം.ആർ.അജിത് കുമാർ, ഇൻ്റലിജൻസ് ബ്യൂറോ അഡീഷണൽ ഡയറക്ടർ റവാഡ ചന്ദ്രശേഖർ എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
30 വർഷം ഐ.പി.എസ്. സർവീസ് പൂർത്തിയാക്കുന്നവരെയാണ് സംസ്ഥാന പൊലീസ് മേധാവിമാരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്. 2025 ജൂണിലാണ് ഷെയ്ഖ് ദർവേഷ് സാഹിബ് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്. അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഷെയ്‌ഖ് ദർവേശ് സാഹേബ് ജൂലൈ ഒന്നിന് വിരമിക്കുന്ന ഒഴിവിലേക്കാവും ഡി.ജി.പി. റാങ്കോടെ അജിത് കുമാറിന് സ്ഥാനക്കയറ്റം നൽകുക.