Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: കേരള പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡിന് (കെ.പി.പി.എൽ.) സംസ്ഥാന സർക്കാർ സഹായമായി 25 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. ഖാദി തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാനായി 2.44 കോടി രൂപയു അനുവദിച്ചിട്ടുണ്ട്.
കെ.പി.പി.എൽ. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ നൽകേണ്ട വിഹിതത്തിൽ നിന്നാണ് 25 കോടി ലഭ്യമാക്കുന്നത്. കമ്പനിക്കായി ഈവർഷം ബജറ്റിൽ വകയിരുത്തിയിരുന്ന തുകയിൽ ബാക്കിയുള്ള 4 കോടിയും അധിക ധനാനുമതിയായി 21 കോടിയുമാണ് ഇപ്പോൾ അനുവദിച്ചത്.
കേന്ദ്ര സർക്കാർ പൊതുമേഖല സ്ഥാപനമായിരുന്ന ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിൻ്റ് ലിമിറ്റഡ് വിറ്റഴിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് ടെണ്ടറിൽ പങ്കെടുത്താണ് സംസ്ഥാനം ഏറ്റെടുത്തത്. തുടർന്ന് കേരള പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡ് എന്ന പേരിൽ പുനരുദ്ധരിച്ചു. നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൻ്റെ ഉത്തരവ് പ്രകാരം 129.89 കോടി രൂപ സംസ്ഥാന സർക്കാർ കമ്പനിയുടെ പുനരുദ്ധാരണത്തിന് നൽകേണ്ടിയിരുന്നത്. അതിൽ 106 കോടി രൂപ ഇതിനകം ലഭ്യമാക്കി.
ഖാദി നൂല്‍നൂല്‍പ്പുകാര്‍ക്കും നെയ്ത്തുകാര്‍ക്കും ഉത്പാദക ബോണസും ഉല്‍സവ ബത്തയുമടക്കം വിതരണം ചെയ്യാനാണ് ഇപ്പോൾ അനുവദിച്ച 2.44 കോടി രൂപ ഉപയോഗിക്കുക. 12,500 തൊഴിലാളികൾക്ക് ആനുകൂല്യം ലഭിക്കും. ബജറ്റില്‍ 5.60 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. നേരത്തെ 3.16 കോടി രൂപ അനുവദിച്ചു. അതിൻ്റെ ബാക്കിയാണ് ഇപ്പോള്‍ അനുവദിച്ചത്.