Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: കളമശ്ശേരി ഗവ.പോളിടെക്നിക് കോളേജ് മെൻസ് ഹോസ്റ്റലിൽ കഴിഞ്ഞദിവസം രാത്രി നടന്നത് വൻ കഞ്ചാവ് വേട്ട. ഹോളി ആഘോഷത്തിനായി എത്തിച്ച രണ്ട് കിലോഗ്രാം കഞ്ചാവാണ് കളമശ്ശേരി പൊലീസും ഡാന്‍സാഫ് ടീമും ചേർന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഹോസ്റ്റൽ മുറിയിലെ ഷെൽഫിൽ പോളിത്തീൻ ബാഗിൽ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവ്. മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി.
ഹോളി ആഘോഷത്തിനായി വൻതോതിൽ കഞ്ചാവ് എത്തിച്ചിട്ടുണ്ട് എന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധനക്കെത്തിയത്. രാത്രി 9 മണിയോടെ ആരംഭിച്ച മിന്നൽ പരിശോധന പുലർച്ചെ 4 മണിയോടെയാണ് അവസാനിച്ചത്. പൊലീസ് നടത്തിയ പരിശോധനക്കിടെ കഞ്ചാവ് തൂക്കുന്നതിനുള്ള ത്രാസും കണ്ടെത്തിയിട്ടുണ്ട്.
കൊല്ലം സ്വദേശിയായ ആകാശിൻ്റെ മുറിയില്‍നിന്ന് 1.9 കിലോ കഞ്ചാവും ആലപ്പുഴ സ്വദേശിയായ ആദിത്യന്‍, കൊല്ലം സ്വദേശിയായ അഭിരാജ് എന്നിവരുടെ മുറിയിൽനിന്ന് 9 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. 3 വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, 3 ആൺകുട്ടികൾ ഇവിടെനിന്ന് ഓടി രക്ഷപ്പെട്ടു. അവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.