Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂയോർക്ക്: ആശങ്കകൾക്ക് വിരാമം. നീണ്ട 9 മാസത്തെ കാത്തിരിപ്പിനൊടുവിൽ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് മടങ്ങുകയാണ്. സ്പെയ്സ് എക്സിൻ്റെ ഡ്രാഗൺ പേടകത്തിൽ മാർച്ച് 16ന് ഇരുവരും ഭൂമിയിലെത്തുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.
ഭൂമിയിലുള്ള ആളുകൾക്ക് നമ്മൾ എപ്പോൾ തിരിച്ചുവരുമെന്ന് കൃത്യമായി അറിയില്ല എന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. അവർക്ക് ഇത് ഒരുപക്ഷേ നമ്മളെക്കാൾ കൂടുതൽ പ്രയാസമനുഭവപ്പെടുന്ന കാര്യമായിരിക്കാം – അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള വിടവാങ്ങൽ പ്രസംഗത്തിൽ സുനിത വില്യംസ് പറഞ്ഞു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൻ്റെ കമാൻഡർഷിപ്പ് റഷ്യൻ കോസ്മോനോട്ട് അലക്സിസ ഓവ്ചിനിന് സുനിത വില്യംസ് കൈമാറി. ബഹിരാകാശ രംഗത്ത് യുഎസ്-റഷ്യ സഹകരണത്തിൻ്റെ വിളംബരം കൂടിയായ ചടങ്ങിൽ സുനിത വില്യംസ് വൈകാരികമായി പറഞ്ഞത് നിങ്ങളെ എനിക്ക് മിസ്സ് ചെയ്യും എന്നാണ്.
2024 ജൂൺ 5നാണ് ഫ്ലോറിഡയിലെ കേപ് കനവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്ന് സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും വഹിച്ചുകൊണ്ട് ബോയിങ്ങിൻ്റെ സ്റ്റാർലൈനർ പേടകം പറന്നുയർന്നത്. 8 ദിവസത്തേക്ക് എന്ന് പറഞ്ഞ് തുടങ്ങിയ ആ യാത്ര ചില സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് 10 മാസത്തോളം നീണ്ടത് അപ്രതീക്ഷിതമായിരുന്നു. പക്ഷേ മനുഷ്യൻ്റെ ബഹിരാകാശ ദൗത്യങ്ങളിൽ അവിസ്മരണീയമായ ഒരേടായി ഇത് ചരിത്രത്തിൽ രേഖപ്പെടുത്തും.
ഇന്ത്യൻ വംശജയായ സുനിത വില്യംസ് 1998ലാണ് നാസയുടെ ഭാഗമായത്. 2006 ഡിസംബറിൽ ആയിരുന്നു ആദ്യ ബഹിരാകാശ യാത്ര. കന്നി യാത്രയിൽ 195 ദിവസമാണ് സുനിത ബഹിരാകാശ നിലയത്തിൽ കഴിഞ്ഞത്. 2012ൽ ആയിരുന്നു രണ്ടാമത്തെ ബഹിരാകാശ യാത്ര. 2 തവണകളിലായി 322 ദിവസം ബഹിരാകാശത്ത് കഴിഞ്ഞു. 50 മണിക്കൂറും 40 മിനിറ്റും സ്പേസ് വാക്ക് നടത്തി. വിൽമോർ ആകട്ടെ, 2 ദൗത്യങ്ങളിലായി 178 ദിവസം ബഹിരാകാശത്ത് കഴിഞ്ഞതിൻ്റെ അനുഭവ സമ്പത്തുമായാണ് സ്റ്റാർ ലൈനർ ദൗത്യത്തിൻ്റെ ഭാഗമായത്.
സെപ്റ്റംബർ 23ന് ഇൻ്റർനാഷണൽ സ്പേസ് സ്റ്റേഷൻ്റെ കമാൻഡറായി സുനിത വില്യംസ് ചുമതലയേറ്റു. ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിതയെന്ന നേട്ടം സ്വന്തമാക്കിക്കൊണ്ട് സുനിത വില്യംസ് 2025 ഫെബ്രുവരി 21ന് മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. 9 തവണയായി 62 മണിക്കൂറും 6 മിനിറ്റുമാണ് സുനിത വില്യംസ് ബഹിരാകാശത്ത് നടന്നത്. 3 ദാത്യങ്ങളിലൂടെ ബഹിരാകാശത്ത് 600ലേറെ ദിവസങ്ങളും പിന്നിട്ടിരിക്കുകയാണ് സുനിത വില്യംസ് 59ാം വയസിൽ.
ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ടാണ് സുനിത വില്യംസ് ഭൂമിയിൽ വീണ്ടും കാലുകുത്തുക. ഈ അതിജീവനം ബഹിരാകാശ രംഗത്ത് മാത്രമല്ല, ലോകമെമ്പാടുമുള്ള മനുഷ്യർക്ക് പ്രതിസന്ധികളെ തരണം ചെയ്യാനുള്ള പ്രചോദനമാകുമെന്ന് ഉറപ്പ്.