Follow the FOURTH PILLAR LIVE channel on WhatsApp
വാഷിങ്ടൺ: യുക്രൈനുള്ള യു.എസ്. സൈനിക സഹായം പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് മരവിപ്പിച്ചു. സമാധാന ചര്‍ച്ചകളില്‍ പുരോഗതിയില്ലാത്തതിനാലാണ് ട്രംപ് അതൃപ്തി പ്രകടിപ്പിച്ചത്. യുക്രൈൻ പ്രസിഡൻ്റ് വൊളോദിമിർ സെലന്‍സ്കിയുമായുണ്ടായ വാക്പോരിന് പിന്നാലെയാണ് തീരുമാനം. സമാധാനം സ്ഥാപിക്കലാണ് ട്രംപിന്‍റെ ലക്ഷ്യമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
റഷ്യന്‍ ആക്രമണം തുടരുന്നതിനിടെയുള്ള തീരുമാനം യുക്രൈന് കനത്ത തിരിച്ചടിയാണ്. റഷ്യ–യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ സമ്മർദ്ദമാണിതെന്നാണ് വിലയിരുത്തല്‍.
യുക്രൈൻ പ്രസിഡൻ്റ് വൊളോദിമിർ സെലന്‍സ്കിയും യു.എസ്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായുള്ള ചർച്ച കഴിഞ്ഞ ദിവസം അലസിപ്പിരിഞ്ഞിരുന്നു. ഓവൽ ഓഫിസിൽ നടന്ന നാടകീയമായ ചർച്ചയ്ക്കിടെ സെലന്‍സ്കിയെ ട്രംപ് ഇറക്കിവിട്ടു. സെലന്‍സ്കി യു.എസിനെ അപമാനിച്ചെന്നാണ് ട്രംപ് അന്ന് ആരോപിച്ചത്. രാഷ്ട്ര നേതാക്കളുടെ പതിവു ചർച്ചകളിൽ നിന്നു മാറി പരസ്പരം വാക്കുതകർക്കത്തിലേക്കു നീണ്ടതോടെയാണു ചർച്ച അവസാനിപ്പിച്ചത്.
യുദ്ധത്തിൽ യു.എസിനു ചെലവായ പണത്തിനു പകരമായി യുക്രൈൻ സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള പ്രകൃതിവിഭവ വ്യവസായങ്ങളുടെ 50 ശതമാനം വരുമാനം യു.എസുമായി പങ്കിടുന്ന കരാറിൽ സെലന്‍സ്കി ഒപ്പു വച്ചിരുന്നില്ല.
മുന്നാം ലോക യുദ്ധമുണ്ടായേക്കാവുന്ന നടപടികളാണു സെലന്‍സ്കിയുടേതെന്ന് ട്രംപ് ആരോപിച്ചിരുന്നു. റഷ്യയ്ക്കെതിരായ യുദ്ധത്തിൽ ജോ ബൈഡൻ ഭരണകൂടം യുക്രൈനിനു സാമ്പത്തികസഹായവും ആയുധങ്ങളും നൽകിയിരുന്നുവെങ്കിലും റഷ്യ അനുകൂല നിലപാടാണു ട്രംപ് സ്വീകരിച്ചിട്ടുള്ളത്. സെലന്‍സ്കിയെ രൂക്ഷമായി വിമർശിച്ച ട്രംപ് റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ നീക്കം ആരംഭിക്കുകയും ചെയ്തിരുന്നു.