29 C
Trivandrum
Wednesday, March 12, 2025

സെലൻസ്‌കിക്ക് യൂറോപ്പിൻ്റെ പിന്തുണ

Follow the FOURTH PILLAR LIVE channel on WhatsApp 

വാഷിങ്ടണ്‍: വൈറ്റ് ഹൗസില്‍ അമേരിക്കന്‍ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപും യുക്രൈന്‍ പ്രസിഡൻ്റ് വൊളോദിമിര്‍ സെലന്‍സ്‌കിയും നടത്തിയ കൂടിക്കാഴ്ച രൂക്ഷമായ വാക്പോരില്‍ കലാശിച്ചതിന് പിന്നാലെ സെലന്‍സ്‌കിക്ക് പിന്തുണയറിയിച്ച് വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ധാതുകരാറില്‍ ഒപ്പുവെക്കാതെ സെലന്‍സ്‌കി മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് റഷ്യയുമായുള്ള യുദ്ധത്തില്‍ യുക്രൈനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്തെത്തിയത്. സെലന്‍സ്‌കി മടങ്ങിയതിന് പിന്നാലെ അദ്ദേഹം അമേരിക്കയെ അനാദരിച്ചെന്ന ആരോപണവുമായി ട്രംപ് രംഗത്തെത്തുകയും ചെയ്തിരുന്നു.

നല്ല സമയത്തും പരീക്ഷണഘട്ടത്തിലും യുക്രൈനൊപ്പം നിലയുറപ്പിക്കുമെന്ന് നിയുക്ത ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് എക്സിൽ വ്യക്തമാക്കി. സ്ഥാനമൊഴിയുന്ന ചാന്‍സലര്‍ ഒലാഫ് ഷോള്‍സും യുക്രൈന് പിന്തുണയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ജര്‍മ്മനിയേയും യൂറോപ്പിനെയും യുക്രൈന് എല്ലാ കാലത്തും ആശ്രയിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവല്‍ മക്രോണും യുക്രൈനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഒരേയൊരു ആക്രമണകാരിയേ ഉള്ളൂ, അത് റഷ്യയാണ്. അക്രമിക്കപ്പെടുന്ന ഒരു ജനതയേ ഉള്ളൂ അത് യുക്രൈനാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡൻ്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നും സെലന്‍സ്‌കിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. യുക്രൈന്‍ ജനതയുടെ ധീരത പ്രകടമാക്കുന്നതാണ് താങ്കളുടെ കുലീനമായ പെരുമാറ്റം. ശക്തനായി നിലകൊള്ളുക, ധീരനും ഭയരഹിതനും ആയിരിക്കുക – അവര്‍ എക്സില്‍കുറിച്ചു. യുക്രൈന്‍ ജനത എല്ലാലവും നിലനില്‍ക്കുന്ന സമാധാനം കൈവരിക്കുന്നതുവരെ ആ രാജ്യത്തിനൊപ്പം നിലകൊള്ളുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. യുക്രൈനിലെ പ്രധാനമന്ത്രിയും പാര്‍ലമെൻ്റ് സ്പീക്കറും അടക്കമുള്ളവരും സെലന്‍സ്‌കിയെ പിന്തുണച്ചിട്ടുണ്ട്.

പോളിഷ് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക്, ജര്‍മ്മന്‍ വിദേശകാര്യമന്ത്രി അന്നലെന ബര്‍ബോക്ക്, അയര്‍ലന്‍ഡ് ഉപ പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്, സ്വീഡിഷ് പ്രധാനമന്ത്രിയുടെ ഓഫീസ്, എസ്തോണിയയുടെ വിദേശകാര്യമന്ത്രി, ഡച്ച് വിദേശകാര്യമന്ത്രി, നോര്‍വീജിയന്‍ പ്രധാനമന്ത്രി, ചെക്ക് റിപ്പബ്ലിക്ക് പ്രസിഡൻ്റ് എന്നിവര്‍ യുക്രൈനെ പിന്തുണച്ച് എക്‌സില്‍ പോസ്റ്റുകളിട്ടു. യുക്രൈനിലെ നേതാക്കള്‍ സെലന്‍സ്‌കിയ പിന്തുണച്ച് രംഗത്തെത്തി.

Recent Articles

Related Articles

Special

Enable Notifications OK No thanks