നികുതിവിഹിതം കുറയ്ക്കും, ക്ഷേമ പെൻഷനുകൾ നിർത്തിക്കും; സംസ്ഥാനങ്ങളെ പൂട്ടാൻ കേന്ദ്ര സർക്കാർ

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം വെട്ടിക്കുറയ്ക്കാൻ നരേന്ദ്ര മോദി സർക്കാർ തീരുമാനിച്ചു. ക്ഷേമ പെൻഷനുകൾ അടക്കമുള്ള ആനുകൂല്യങ്ങൾ ജനങ്ങൾക്കു നല്കുന്ന സംസ്ഥാന സർക്കാരുകൾക്കുള്ള കേന്ദ്ര ഗ്രാൻ്റുകൾ തടയാനും തീരുമാനിച്ചിട്ടുണ്ട്. ക്ഷേമ പെൻഷനുകൾ പോലുള്ള ‘സൗജന്യങ്ങൾ’ രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ചില സംസ്ഥാന സർക്കാരുകൾ ഉപയോഗിക്കുന്നു എന്ന പേരിലാണ് നടപടി.

മോദി സർക്കാരിൻ്റെ പുതിയ നീക്കം ഏറ്റവും വലിയ തിരിച്ചടിയാകാൻ പോകുന്നത് കേരളത്തിനാണ്. കേരളം നടപ്പാക്കിയിട്ടുള്ള ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള ജനക്ഷേമ നടപടികൾ നിർത്തിക്കുക എന്നതു തന്നെയാണ് കേന്ദ്രത്തിൻ്റെ ലക്ഷ്യം. സംസ്ഥാന നികുതി വരുമാനത്തിലെ കുറവ് നികത്താൻ സംസ്ഥാനങ്ങൾക്ക് നൽകുന്ന കേന്ദ്ര ഗ്രാൻ്റുകൾ ചില വ്യവസ്ഥകൾ പാലിക്കുന്നതുമായി ബന്ധിപ്പിക്കുക എന്നതാണ് മോദി സർക്കാർ പരിഗണിക്കുന്ന മാർഗ്ഗം. ആ വ്യവസ്ഥകൾ പാലിച്ചതിനുശേഷം മാത്രമേ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ഗ്രാന്‍റിന് അർഹതയുണ്ടാവുകയുള്ളൂ. ജനക്ഷേമ പദ്ധതികൾ നടപ്പാക്കുന്ന കേരളം ഉൾപ്പെടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളെ പൂട്ടുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കടം എഴുതിത്തള്ളൽ, പെൻഷൻ, മറ്റ് സൗജന്യങ്ങൾ തുടങ്ങിയവയെല്ലാം ഈ പട്ടികയിൽപ്പെടുത്താനാണ് നീക്കം.

നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് നികുതി വിഹിതത്തിൻ്റെ 41 ശതമാനമാണ് ലഭിക്കുന്നത്. ഇനി അത് 40 ശതമാനമായി കുറയ്ക്കാനാണ് നിര്‍ദ്ദേശം. 16ാം ധനകാര്യ കമ്മീഷൻ അദ്ധ്യക്ഷനായ അരവിന്ദ് പനഗരിയയുടെ നേതൃത്വത്തിലാണ് നിർദ്ദേശങ്ങൾ തയ്യാറാക്കിയത്. ഇത് കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചതിന് ശേഷം നികുതി വിഹിതത്തില്‍ 1 ശതമാനം കുറവ് വരുത്തണമെന്ന ശുപാര്‍ശ മാർച്ച് അവസാനത്തോടെ ഔദ്യോഗികമായി ധനകാര്യ കമ്മീഷന് മടക്കി നല്‍കും. വരുന്ന ഒക്ടോബറില്‍ ഇതുമായി ബന്ധപ്പെട്ട സമ്പൂര്‍ണ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കുന്നതോടെ നടപ്പാക്കാനാണ് പരിപാടി.

2026-27 സാമ്പത്തിക വര്‍ഷം നടപ്പാകുന്ന രീതിയിലാണ് സംസ്ഥാന നികുതി വിഹിതം കുറയ്ക്കൽ നിർദ്ദേശം തയ്യാറായിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന നികുതി വിഹിതത്തില്‍ നിന്ന് 1 ശതമാനം കുറയ്ക്കുന്നതോടെ കേന്ദ്രത്തിന് 35,000 കോടിയോളം അധികമായി ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് ഓരോ വര്‍ഷവും വ്യത്യാസപ്പെടാം.

സംസ്ഥാനങ്ങൾക്കു നീക്കിവെച്ചിരിക്കുന്ന വിഹിതത്തിൽ വെറും 1.925 ശതമാനമാണ് കേരളത്തിന് ലഭിക്കുന്നത്. അതായത് കേന്ദ്രം ആകെ പിരിക്കുന്ന നികുതിയുടെ വെറും 0.78925 ശതമാനം മാത്രം. അടുത്ത വർഷത്തേക്ക് കേന്ദ്രത്തിൽ നിന്നുള്ള കേരളത്തിൻ്റെ പ്രതീക്ഷിത നികുതി വിഹിതം 28,616 കോടി രൂപയാണ്. നടപ്പുവർഷത്തേക്കുള്ള പുതുക്കിയ നികുതി അടങ്കൽ 25,550 കോടി രൂപ വരും. ഇതു തന്നെ പല കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രം വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്. മാറിയ സാഹചര്യത്തിൽ കേരളത്തിനുള്ള ഈ വിഹിതത്തിൽ ഗണ്യമായ കുറവുണ്ടാകും എന്നുറപ്പാണ്. കേരളത്തിൽ നിന്ന് നികുതി പിരിച്ച് കേന്ദ്രത്തിന് കൃത്യമായി കൊടുക്കുകയും തിരികെ ഒന്നും കിട്ടാതിരിക്കുകയും ചെയ്യാതിരിക്കുക എന്ന അവസ്ഥയാണ് ഫലത്തിൽ സംജാതമാവുക.

നികുതി വിഹിതം കുറയ്ക്കുന്നത് കേന്ദ്ര- സംസ്ഥാന ബന്ധങ്ങളില്‍ കൂടുതല്‍ പിരിമുറുക്കമുണ്ടാക്കും. പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വലിയ പ്രതിഷേധം ഉയർന്നുവരും എന്നത് ഉറപ്പാണ്. മുമ്പ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന നികുതി വിഹിതം 20 ശതമാനമായിരുന്നു. അത് പിന്നീട് 1980ലാണ് 41 ശതമാനമായി വര്‍ധിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരുകളുടെ ചെലവും ആനുപാതികമായി വർദ്ധിച്ചിട്ടുണ്ട്.

സമ്പദ്‌വ്യവസ്ഥയില്‍ സര്‍ക്കാര്‍ ചെലവഴിക്കലിൻ്റെ 60 ശതമാനവും സംസ്ഥാനങ്ങളുടെ വിഹിതമാണ്. ആരോഗ്യം, അടിസ്ഥാനസൗകര്യ വികസനം എന്നീ മേഖലകളിലാണ് ഇത് കൂടുതൽ. അതേസമയം കേന്ദ്ര സർക്കാരിൻ്റെ ചെലവ് ഭൗതിക അടിസ്ഥാന സൗകര്യങ്ങളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2017 ജൂലൈയിൽ ദേശീയ ചരക്ക് സേവന നികുതി നടപ്പാക്കിയതിനുശേഷം സംസ്ഥാനങ്ങൾക്ക് വരുമാനം വർദ്ധിപ്പിക്കുന്നതിൽ പരിമിതമായ വിവേചനാധികാരമേയുള്ളൂ.

കേന്ദ്രം പിരിക്കുന്ന നികുതികൾ പങ്കുവെയ്ക്കുമ്പോൾ ആ സംസ്ഥാനത്തിൻ്റെ ജനസാന്ദ്രതകൂടി കണക്കാക്കണമെന്ന് ധനകാര്യ കമ്മിഷൻ അധ്യക്ഷൻ അരവിന്ദ് പന​ഗാരിയയോട് കേരളം ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യം മറ്റു സംസ്ഥാനങ്ങളുടെ ഭാ​ഗത്തുനിന്നും ഉണ്ടായി. അപ്പോഴാണ് സംസ്ഥാനങ്ങൾക്കുള്ള നികുതിവിഹിതം കുറയ്ക്കാനുള്ള കേന്ദ്ര നീക്കം.

Recent Articles

Related Articles

Special