Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: കൊല്ലത്ത് നടക്കാനിരിക്കുന്ന സി.പി.എം. സംസ്ഥാന സമ്മേളനം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അറിയിച്ചു. ഒറ്റക്കെട്ടായി സമ്മേളനത്തിലേക്ക് പാർട്ടി നീങ്ങുകയാണ്. ആവശ്യമായ തിരുത്തലുകൾ വരുത്തിയാണ് ജില്ലാ സമ്മേളനങ്ങൾ പൂർത്തിയായത് എന്നും അദ്ദേഹം പറഞ്ഞു.
നവ കേരളത്തിനുള്ള പുതുവഴികൾ എന്ന രേഖ പിണറായി വിജയൻ സമ്മേളനത്തിൽ അവതരിപ്പിക്കും. മൂന്നാം എൽ.ഡി.എഫ്. സർക്കാരിൻ്റെ ദിശാബോധം നിശ്ചയിക്കുന്ന കാഴ്ചപ്പാടുകൾ ചർച്ചയിലൂടെ ഉയർന്നു വരും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശാവർക്കർമാർ തങ്ങൾക്ക് ശത്രുക്കളല്ല എന്ന് ഗോവിന്ദൻ വ്യക്തമാക്കി. അവരോട് തങ്ങൾക്ക് ശത്രുതാമനോഭാവം ഉണ്ട് എന്ന് വരുത്തി തീർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. അവരോട് എല്ലാം ചർച്ച ചെയ്തിട്ടുണ്ട്. ഇനിയും ചർച്ച ചെയ്യാം. കേന്ദ്ര സർക്കാറിൻ്റെ തെറ്റായ നിലപാടാണ് അവരുടെ പ്രതിസന്ധിക്ക് കാരണം എന്നും അദ്ദേഹം പ്രതികരിച്ചു.
100 കോടി കേന്ദ്രത്തിൻ്റെ കുടിശ്ശിക നിലനിൽക്കുന്നു. സംസ്ഥാന സർക്കാർ ആകട്ടെ എല്ലാ കുടിശ്ശികകളും നൽകി. യു.ഡി.എഫ്. സർക്കാറിൻ്റെ സമയത്ത് വർദ്ധിപ്പിച്ചത് കേവലം 100 രൂപ. എൽ.ഡി.എഫ്. സർക്കാർ വന്നതിനുശേഷം വലിയ രീതിയിൽ മാറ്റം വന്നു. ആ പ്രശ്നം പരിഹരിക്കണം എന്നത് തന്നെയാണ് ഇടതുപക്ഷത്തിൻ്റെയും ആവശ്യം എന്നും അദ്ദേഹം പറഞ്ഞു.
സമരവും സമരത്തിന് നേതൃത്വം നൽകുന്നവരും തമ്മിൽ വലിയ വ്യത്യാസമുണ്ട്. അരാജകവാദികളായ നിരവധിപേർ നേതൃത്വം നൽകുന്നുണ്ട്. എസ്.യു.സി.ഐ., എസ്.ഡി.പി.ഐ., ജമാ അത്തെ ഇസ്ലാമി എന്നിവർ ആ സമരത്തിന് നേതൃത്വം നൽകുന്നുണ്ട്. കേരളത്തിൻറെ വികസനത്തിന് എതിര് നിന്നത് ഇതെ ടീമാണ് എന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
























