Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: സി.പി.ഐ. മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും എം.എൽ.എയുമായിരുന്ന പി.രാജു (73) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ആറോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഏതാനും ദിവസം മുമ്പ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.
1991ലും 96ലും പറവൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്കു ജയിച്ചു കയറി. എ.ഐ.എസ്.എഫിലൂടെ പൊതുരംഗത്ത് എത്തിയ രാജു എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡൻറായും സംസ്ഥാന സഹ ഭാരവാഹിയായും പ്രവർത്തിച്ചു. രണ്ടു തവണ സി.പി.ഐ. എറണാകുളം ജില്ലാ സെക്രട്ടറിയായി.
സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗമായും ജനയുഗം കൊച്ചി യൂണിറ്റ് മാനേജരായും പ്രവർത്തിച്ചു. നിലവിൽ എ.ഐ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡൻറാണ്. മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. വിവിധ ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയുമാണ്.
സ്വാതന്ത്ര്യസമര സേനാനിയും മുൻ എം.എൽ.എയുമായിരുന്ന ശിവൻ പിള്ളയുടെയും ചെല്ലമ്മയുടെയും മകനാണ്.
ഭാര്യ: ലതിക. മകൾ: സിന്ധു (കരുനാഗപ്പള്ളി എസ്.വി.എച്ച്.എസ്. സ്കൂൾ അധ്യാപിക). മരുമകൻ : ഡോ.ജയകൃഷ്ണൻ.
വെള്ളിയാഴ്ച രാവിലെ 9 മുതൽ 11 വരെ പറവൂർ മുനിസിപ്പൽ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെയ്ക്കുന്ന മൃതദേഹം വൈകിട്ട് 4ന് വീട്ടുവളപ്പിൽ സംസ്കരിക്കും.
























