Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: കോണ്‍ഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കി ഡോ.ശശി തരൂര്‍ എം.പി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന മുന്നറിയിപ്പാണ് അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിൽ അദ്ദേഹം നല്കിയിരിക്കുന്നത്. കേരളത്തിലെ പാര്‍ട്ടിക്ക് നേതൃപ്രതിസന്ധിയുണ്ട്. കഠിനാധ്വാനം ചെയ്തില്ലെങ്കില്‍ മൂന്നാമതും തിരിച്ചടി നേരിടും. തന്റെ കഴിവുകള്‍ പാര്‍ട്ടി വിനിയോഗിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.
‘പാര്‍ട്ടി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ താന്‍ പാര്‍ട്ടിക്ക് വേണ്ടി ഉണ്ടാകുമെന്നും ഇല്ലെങ്കില്‍ തനിക്ക് തന്റേതായ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും തരൂർ വ്യക്തമാക്കി. കോണ്‍ഗ്രസിനെ എതിര്‍ക്കുന്നവര്‍പോലും തിരുവനന്തപുരത്ത് തനിക്ക് വോട്ടുചെയ്തിട്ടുണ്ടെന്ന് തരൂര്‍ അഭിമുഖത്തില്‍ പറഞ്ഞു. തന്റെ സംസാരവും പെരുമാറ്റവുമെല്ലാം തിരുവനന്തപുരംകാര്‍ക്ക് ഇഷ്ടമാണ്. ആ രീതിയിലുള്ള ഇടപെടലാണ് 2026ലും പാര്‍ട്ടിക്ക് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ നേതൃപദവിക്ക് അനുയോജ്യനാണെന്ന് പല ഏജന്‍സികള്‍ നടത്തിയ സര്‍വേകളും ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് തരൂര്‍ പറഞ്ഞു. ‘അതുകൊണ്ട് എന്റെ കഴിവുകള്‍ പാര്‍ട്ടി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. അങ്ങനെയെങ്കില്‍ പാർട്ടിക്കൊപ്പം ഞാനുണ്ടാവും. ഇല്ലെങ്കില്‍ എനിക്ക് എന്റേതായ കാര്യങ്ങള്‍ ചെയ്യാനുണ്ട്. എനിക്ക് വേറെ വഴിയില്ലെന്ന് നിങ്ങള്‍ കരുതരുത്. പുസ്തകമെഴുതാനും പ്രഭാഷണങ്ങള്‍ നടത്താന്‍ ലോകമെമ്പാടുനിന്നും ക്ഷണമുണ്ട്. സോണിയാ ഗാന്ധിയും മന്‍മോഹന്‍ സിങ്ങും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടതുകൊണ്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നത്’ ശശി തരൂര്‍ പറഞ്ഞു.
വോട്ടുചെയ്ത ജനം തനിക്ക് അഭിപ്രായ സ്വാതന്ത്ര്യംകൂടിയാണ് തന്നിരിക്കുന്നത്. കോണ്‍ഗ്രസിലെ മറ്റുള്ളവരും തന്റെ അതേ അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ട്. കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു നേതാവിന്റെ അഭാവമുണ്ടെന്ന് നിരവധി പ്രവര്‍ത്തകര്‍ കരുതുന്നുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.
എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ വ്യവസായരംഗത്തെ പുകഴ്ത്തി ലേഖനമെഴുതിയെന്ന വിവാദം കെട്ടടങ്ങും മുമ്പാണ് പുതിയ പരാമര്‍ശങ്ങളുമായി ശശി തരൂര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ തൃപ്തിയില്ലെന്നാണ് ശശി തരൂരിന്റെ പുതിയ പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നത്.
Discover more from Fourth Pillar
Subscribe to get the latest posts sent to your email.























