കോഹ്ലി നയിച്ചു, ഇന്ത്യ ജയിച്ചു, സെമി ഉറപ്പിച്ചു

Follow the FOURTH PILLAR LIVE channel on WhatsApp 

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തില്‍ പാകിസ്താനെതിരേ 6 വിക്കറ്റിന്റെ അനായാസ ജയവുമായി സെമി ഉറപ്പിച്ച് ഇന്ത്യ. പാകിസ്താന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം 42.3 ഓവറില്‍ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ടൂർണമെന്‍റിലെ രണ്ടാം തോൽവിയോടെ പാകിസ്താന്‍റെ സെമി സാധ്യതകൾ ഏറെക്കുറേ അവസാനിച്ചു. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമെ പാകിസ്താന് ഇനി സെമിയിലെത്താനാകു. സ്കോര്‍: പാകിസ്താൻ 49.4 ഓവറില്‍ 241ന് പുറത്ത്. ഇന്ത്യ 42.3 ഓവറില്‍ 4ന് 244.

വിരാട് കോഹ്ലിയുടെ സെഞ്ചുറിയും ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ ഇന്നിങ്‌സുകളുമാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്. ഗില്ലിനൊപ്പവും ശ്രേയസിനൊപ്പവും മികച്ച കൂട്ടുകെട്ടുകൾ തീര്‍ത്ത കോഹ്ലി വിജയത്തില്‍ നിര്‍ണായക സാന്നിധ്യമായി. ഏകദിനത്തില്‍ 51ാം സെഞ്ചുറി നേടിയ കോഹ്ലി 111 പന്തില്‍ നിന്ന് 7 ഫോറടക്കം 100 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

വ്യക്തിഗത സ്‌കോര്‍ 15 റണ്‍സിലെത്തിയതോടെ വിരാട് കോഹ്ലി ഏകദിനത്തില്‍ 14,000 റണ്‍സ് തികച്ചു. സച്ചിനെ മറികടന്ന് ഏറ്റവും വേഗത്തില്‍ 14,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോഡും കോഹ്ലിക്ക് സ്വന്തമായി. സച്ചിനും ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയ്ക്കും ശേഷം ഏകദിനത്തില്‍ 14,000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ താരമാണ് കോഹ്ലി.

15 പന്തില്‍ നിന്ന് 1 സിക്‌സും 3 ഫോറുമടക്കം 20 റണ്‍സെടുത്ത് ടീമിന് മികച്ച തുടക്കം സമ്മാനിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍നിരയില്‍ ആദ്യം പുറത്തായത്. ഷഹീന്‍ അഫ്രീദിയുടെ യോർക്കർ രോഹിത്തിൻ്റെ കുറ്റി പിഴുതു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ഗില്‍ – കോഹ്ലി സഖ്യം 69 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്നിങ്‌സ് ട്രാക്കിലാക്കി. പിന്നാലെ ഗില്ലിനെ പുറത്താക്കി അബ്രാര്‍ അഹമ്മദ് ഈ കൂട്ടുകെട്ട് പൊളിച്ചു. 52 പന്തില്‍ നിന്ന് 7 ഫോറടക്കം 46 റണ്‍സെടുത്താണ് ഗില്‍ പുറത്തായത്.

ഗില്‍ പുറത്തായ ശേഷം 3ാം വിക്കറ്റില്‍ ശ്രേയസ് അയ്യര്‍ക്കൊപ്പം കോഹ്ലി 114 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. മധ്യ ഓവറുകളില്‍ ഇന്ത്യക്കായി നിര്‍ണായക റണ്‍സ് നേടിയത് ഈ സഖ്യമാണ്. 67 പന്തില്‍ നിന്ന് 1 സിക്‌സും 5 ഫോറുമടക്കം 56 റണ്‍സെടുത്ത ശ്രേയസിനെ 39ാം ഓവറില്‍ ഖുഷ്ദില്‍ ഷായുടെ പന്തില്‍ ഇമാം ഉള്‍ ഹഖ് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ഇമാമിൻ്റെ കൈയിൽ നിന്ന് പന്ത് നിലത്ത് തട്ടിയതായി റീപ്ലേകളിൽ വ്യക്തമയിരുന്നുവെങ്കിലും അപ്പോഴേക്കും ശ്രേയസ് പവലിയനിൽ മടങ്ങിയെത്തിയതിനാൽ അമ്പയർ ക്യാച്ച് പുനഃപരിശോധിച്ചില്ല.

പിന്നീടെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയെ(8) ഷഹീന്‍ അഫ്രീദിയും പുറത്താക്കിയെങ്കിലും വൈകിപ്പോയിരുന്നു. പിന്നീട് കോഹ്ലി സെഞ്ചുറിയിലെത്തുമോ എന്നതില്‍ മാത്രമായിരുന്നു ആരാധകര്‍ക്ക് നോട്ടം. 96ല്‍ നില്‍ക്കെ ഖുഷ്ദില്‍ ഷായെ കവര്‍ ഡ്രൈവിലൂടെ ബൗണ്ടറി കടത്തി കോഹ്ലി 51ാം ഏകദിന സെഞ്ചുറിയും ഇന്ത്യൻ വിജയവും പൂര്‍ത്തിയാക്കി. പാകിസ്താനു വേണ്ടി ഷഹീന്‍ അഫ്രീദി 8 ഓവറില്‍ 74 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള്‍ അബ്രാര്‍ അഹമ്മദും കുഷ്ദില്‍ ഷായും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഹാരിസ് റൗഫ് 7 ഓവറില്‍ 52 റണ്‍സ് വഴങ്ങി.

നേരത്തേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 49.4 ഓവറില്‍ 241 റണ്‍സിന് ഓള്‍ഔട്ടായി. സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍, ഖുഷ്ദില്‍ ഷാ എന്നിവരുടെ ഇന്നിങ്‌സുകളാണ് പാകിസ്താന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ശ്രദ്ധയോടെ ഇന്നിങ്‌സ് ആരംഭിച്ച പാകിസ്താന് പക്ഷേ, ആദ്യ 10 ഓവറിനിടെ തന്നെ ഓപ്പണര്‍മാരായ ബാബര്‍ അസം (26 പന്തിൽ 23), ഇമാം ഉള്‍ ഹഖ് (26 പന്തില്‍ 10) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ബാബറിനെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കിയപ്പോള്‍ ഇമാമിനെ അക്‌സർ പട്ടേല്‍ റണ്ണൗട്ടാക്കി.

എന്നാല്‍ 3ാം വിക്കറ്റില്‍ ഒന്നിച്ച സൗദ് ഷക്കീല്‍ – മുഹമ്മദ് റിസ്വാന്‍ സഖ്യം 104 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെയാണ് പാക് ഇന്നിങ്‌സ് 150 കടന്നത്. 34ാം ഓവറില്‍ റിസ്വാന്റെ ക്ലീൻ ബൗൾഡാക്കി അക്‌സർ പട്ടേല്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 77 പന്തില്‍ നിന്ന് മൂന്ന് ഫോറടക്കം 46 റണ്‍സായിരുന്നു റിസ്വാന്റെ സമ്പാദ്യം. പിന്നാലെ നിലയുറപ്പിച്ച സൗദ് ഷക്കീലിനെ ഹാര്‍ദിക് പാണ്ഡ്യയും പുറത്താക്കിയതോടെ അവര്‍ പ്രതിസന്ധിയിലായി. 76 പന്തില്‍ നിന്ന് 5 ഫോറടക്കം 62 റണ്‍സെടുത്തുനില്‍ക്കെയാണ് ഷക്കീലിനെ ഹാര്‍ദിക് മടക്കിയത്.

പിന്നാലെ നിലയുറപ്പിക്കും മുമ്പ് തയ്യബ് താഹിറിനെ രവീന്ദ്ര ജഡേജയും പുറത്താക്കിയതോടെ പാകിസ്താന്‍ 5ന് 165 റണ്‍സെന്ന നിലയിലായി. വെറും 4 റണ്‍സ് മാത്രമാണ് താഹിറിന് നേടാനായത്. തുടര്‍ന്ന് 6ാം വിക്കറ്റില്‍ ഒന്നിച്ച സല്‍മാന്‍ ആഗ – ഖുഷ്ദില്‍ ഷാ സഖ്യം പാകിസ്താനെ 200 റണ്‍സിലെത്തിച്ചു. പിന്നാലെ കുല്‍ദീപ് യാദവിനെ കടന്നാക്രമിക്കാനുള്ള സല്‍മാന്റെ ശ്രമം പാളി, പന്ത് രവീന്ദ്ര ജഡേജയുടെ കൈകളില്‍. 24 പന്തില്‍ നിന്ന് ഒരു ബൗണ്ടറിപോലുമില്ലാതെ 19 റണ്‍സെടുത്താണ് താരം പുറത്തായത്. നസീം ഷാ 16 പന്തില്‍ നിന്ന് 14 റണ്‍സെടുത്തു.

അവസാന ഓവറുകളില്‍ 39 പന്തില്‍ നിന്ന് 38 റണ്‍സെടുത്ത ഖുല്‍ദില്‍ ഷായാണ് പാക് സ്‌കോര്‍ 241-ല്‍ എത്തിച്ചത്. ഇന്ത്യക്കായി കുല്‍ദീപ് മൂന്നും ഹാര്‍ദിക് പാണ്ഡ്യ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. അക്ഷറും ജഡേജയും ഹര്‍ഷിത് റാണയും ഓരോ വിക്കറ്റെടുത്തു.

വലിയ സ്കോര്‍ നേടാതെ പുറത്തായെങ്കിലും രോഹിത് ശ‍‍‌‍ർമ്മ ഞായറാഴ്ച ഒരു ലോക റെക്കോഡിനുടമയായി. ഏകദിന ക്രിക്കറ്റില്‍ ഓപ്പണറെന്ന നിലയില്‍ 9,000 റണ്‍സ് തികച്ച രോഹിത് അതിവേഗം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബാറ്ററുമായി. ഇന്ത്യൻ ഇന്നിങ്സിലെ ആദ്യ ഓവറില്‍ തന്നെ ഓപ്പണറെന്ന നിലയില്‍ 9,000 പിന്നിട്ട രോഹിത് നസീം ഷാ എറിഞ്ഞ അടുത്ത ഓവറില്‍ ഫോറും സിക്സും പറത്തി പ്രതീക്ഷ നല്‍കിയിരുന്നു.

ഓപ്പണറെന്ന നിലയില്‍ 181 ഇന്നിംഗ്സില്‍ നിന്നാണ് രോഹിത് 9,000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ടത്. 197 ഇന്നിംഗ്സില്‍ 9,000 റണ്‍സ് പിന്നിട്ട ബാറ്റിങ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോഡാണ് രോഹിത് മറികടന്നത്. ഓപ്പണറായി 231 ഇന്നിംഗ്സില്‍ 9,000 പിന്നിട്ട സൗരവ് ഗാംഗുലിയാണ് ഈ നേട്ടത്തില്‍ മൂന്നാം സ്ഥാനത്തുള്ളത്. കരിയറിന്‍റെ തുടക്കകാലത്ത് മധ്യനിരയില്‍ ബാറ്റ് ചെയ്തിരുന്ന രോഹിത്തിനെ 2013ലെ ചാമ്പ്യൻസ് ട്രോഫിയില്‍ ധോണിയാണ് ഓപ്പണറായി പരീക്ഷിച്ചത്. പിന്നീട് ഇതുവരെ രോഹിത്തിന് ആ സ്ഥാനം നഷ്ടമായിട്ടില്ല.

Recent Articles

Related Articles

Special