നിലപാടിലുറച്ച് ശശി തരൂർ: സർക്കാർ നല്ല കാര്യങ്ങൾ ചെയ്താൽ പിന്തുണയ്ക്കും

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ചുള്ള ലേഖനത്തിൽ നിലപാടിലുറച്ച് കോണ്‍ഗ്രസ് എം.പി. ഡോ.ശശി തരൂര്‍. നിലപാടിൽ മാറ്റമില്ലെന്നും സര്‍ക്കാർ നല്ല കാര്യങ്ങള്‍ ചെയ്താൽ പിന്തുണയ്ക്കുമെന്നും അത്തരം കാര്യങ്ങള്‍ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലേഖനം വായിക്കുന്നതിൽ സന്തോഷമുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.

കുട്ടികളുടെ നല്ല ഭാവിക്ക് നിക്ഷേപം വേണമെന്നാണ് ലേഖനത്തിന്‍റെ അവസാന ഭാഗത്ത് പറയുന്നത്. രാഷ്ട്രീയത്തിന് അതീതമായി നല്ല കാര്യങ്ങളെ കാണണം. സര്‍ക്കാർ നല്ല കാര്യങ്ങള്‍ ചെയ്താൽ അംഗീകരിക്കണം. തന്‍റെ നിലപാടിൽ മാറ്റമില്ല. വര്‍ഷങ്ങളായി താൻ പറയുന്ന കാര്യമാണിത്. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് താൻ ലേഖനമെഴുതിയത്.

കണക്ക് ഏതെന്ന് അറിയാൻ പ്രതിപക്ഷ നേതാവ് ലേഖനം വായിക്കണം. വ്യവസായ സൗഹൃദത്തിൽ കേരളം ഒന്നാമതായെങ്കിൽ കാരണം സി.പി.എം. നൽകിയ റാങ്കിങ് അല്ലെന്നും ദേശീയ റാങ്കിങ് ആണെന്നും തരൂര്‍ പറഞ്ഞു. ലേഖനത്തെ അനുകൂലിച്ച് കോണ്‍ഗ്രസിൽ നിന്ന് ചിലര്‍ വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വികസനത്തിന് വേണ്ടി ആര് പ്രവർത്തിച്ചാലും സ്വീകരിക്കണം. ജനങ്ങൾ രാഷ്ട്രീയം ഒരുപാട് കണ്ടിട്ടുള്ളതാണ്. ഭരണപക്ഷം എന്ത് ചെയ്യുന്നതും തെറ്റാണെന്ന് കരുതരുത്. വിഷയാടിസ്ഥാനത്തിലാണ് താൻ കാര്യങ്ങള്‍ പറഞ്ഞത്. കുറെ വര്‍ഷങ്ങളായി കേരളത്തിന്‍റെ അവസ്ഥ വളരെ മോശമാണ്. ഇപ്പോള്‍ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കാൻ ആര് തയ്യാറായോ അത് സ്വീകരിക്കണം.

അവരുടെ തെറ്റുകളെ നമ്മള്‍ ചൂണ്ടികാണിക്കണം. ചില വിഷയങ്ങളിൽ ജനങ്ങളുടെ താല്‍പര്യം പരിഗണിച്ച് അതിനെ രാഷ്ട്രീയത്തിനതീതമായി പിന്തുണയ്ക്കണമെന്നും ശശി തരൂര്‍ പറഞ്ഞു. തന്‍റെ പ്രസ്താവനയോട് യോജിക്കാത്ത നേതാക്കളുടെ അഭിപ്രായത്തിൽ യാതൊരു പ്രശ്നവുമില്ല. താൻ പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവല്ല. വ്യക്തിപരമായാണ് താൻ കാര്യങ്ങള്‍ പറയുന്നത്. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Recent Articles

Related Articles

Special