അമേരിക്കയുടെ പുറംതള്ളൽ തെളിയിക്കുന്നു, കാര്യങ്ങൾ അത്ര സുഖകരമല്ല മോദിയുടെ ഗുജറാത്തിൽ

Follow the FOURTH PILLAR LIVE channel on WhatsApp 

ഗാന്ധിനഗർ: അമേരിക്കയിൽ നിന്നുള്ള നാടുകടത്തൽ ചർച്ചാവിഷയമാവുമ്പോൾ ഏറ്റവും മുന്നിലുയർന്നു വരുന്ന സംസ്ഥാനം ഗുജറാത്ത്. 2023ലെ കണക്കുകള്‍ പ്രകാരം അമേരിക്കയിലെ അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരിലെ 70 ശതമാനവും ഗുജറാത്തില്‍ നിന്നുള്ളവരാണ്. 2023ല്‍ അമേരിക്കയിലുണ്ടായിരുന്ന 67391 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരില്‍ 41,330 പേരും ഗുജറാത്തില്‍ നിന്നുള്ളവരായിരുന്നു.

കഴിഞ്ഞ ആഴ്ച അമേരിക്കയില്‍ നിന്നും യുദ്ധവിമാനത്തില്‍ വിലങ്ങണിയിച്ച് ഇന്ത്യയിലേക്ക് നാടുകടത്തിയ ഇന്ത്യക്കാരില്‍ 33 പേരും ഗുജറാത്തില്‍ നിന്നുള്ളവരായിരുന്നു. തൊഴില്‍ സ്ഥിരതയും മെച്ചപ്പെട്ട വേതനവും അവസരങ്ങളും ഇല്ലാത്തതിനാല്‍ ഗുജറാത്തില്‍ നിന്നുള്ള കുടിയേറ്റം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഇന്ത്യയിലെ സമ്പന്നവും ആളോഹരി വരുമാനം കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗുജറാത്ത് എന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടാറുള്ളതെങ്കിലും യാഥാര്‍ത്ഥ്യം മറ്റൊന്നാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഗുജറാത്തിലെ 74 ശതമാനം കരാര്‍ തൊഴിലാളികള്‍ക്കും രേഖാമൂലമുള്ള കരാര്‍ ഇല്ലെന്നാണ് 2022ലെ ലേബര്‍ ഫോഴ്‌സ് സര്‍വേ പറയുന്നത്. ഇക്കാരണത്താല്‍ തന്നെ കുറഞ്ഞ വേതനത്തിന് തൊഴിലെടുക്കാന്‍ ഗുജറാത്തിലെ കരാര്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരാകുന്നു.

ദിവസവേതനത്തിന്റെ കാര്യത്തിലും ഗുജറാത്ത് ദേശീയ ശരാശരിക്ക് താഴെയാണ്. 438 രൂപയാണ് ഇന്ത്യയിലെ ദിവസവേതനത്തിന്റെ ദേശീയ ശരാശരിയെങ്കില്‍ ഗുജറാത്തിലിത് 375 രൂപയാണ്. കേരളമാണ് ദിവസ വേതനത്തിന്റെ കാര്യത്തില്‍ രാജ്യത്ത് ഏറ്റവും മുന്നിലുള്ള സംസ്ഥാനം. കേരളത്തില്‍ 836 രൂപയാണ് ശരാശരി ദിവസ വേതനം. ഛത്തീസ്ഗഢ് മാത്രമാണ് ഇക്കാര്യത്തില്‍ ഗുജറാത്തിന് പിന്നിലുള്ളത്.

2020-21 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഗുജറാത്തില്‍ 11.66 ശതമാനം അതിദരിദ്രരുണ്ട്. 38 ശതമാനം പേര്‍ക്കും ആവശ്യമുള്ള ഭക്ഷണം ലഭിക്കുന്നില്ല. വേതനം കുറവാണെന്നതുപോലെ തന്നെ ഗുജറാത്തിലെ പ്രതിശീര്‍ഷ ചെലവും കൂടുതലാണ്. ഇത്തരത്തിലുള്ള തൊഴില്‍ അരക്ഷിതത്വവും കൂറഞ്ഞവരുമാനവും ഉയര്‍ന്ന ജീവിത ചെലവും ഗുജറാത്തില്‍ നിന്നുള്ള കുടിയേറ്റം വര്‍ധിക്കാന്‍ കാരണമായതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

Recent Articles

Related Articles

Special