Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ(എയിംസ്) രക്തം, മൂത്രം, കഫം, ലാബോറട്ടറി ജൈവമാലിന്യങ്ങൾ തുടങ്ങിയവ സംസ്കരിക്കാനുള്ള സാങ്കേതികവിദ്യ തിരുവനന്തപുരത്തു നിന്ന്. എയിംസ് ആശുപത്രിയിലെ മെഡിക്കൽ ജൈവമാലിന്യങ്ങൾ ഘടകമാക്കി മാറ്റുന്ന റിഗ് സംവിധാനം തിരുവനന്തപുരത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻ്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (നീസ്റ്റ്) ആണ് വികസിപ്പിച്ചത്.
പരീക്ഷണാടിസ്ഥാനത്തിൽ തയ്യാറാക്കിയ റിഗിന് ‘സൃജനം’ എന്നാണ് പേരിട്ടിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച സംവിധാനം കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ് ഉദ്ഘാടനം ചെയ്തു. ഈ സാങ്കേതികവിദ്യയിലൂടെ രോഗകാരികളായ ബയോമെഡിക്കൽ മാലിന്യങ്ങൾ സുരക്ഷിതവും ചെലവുകുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ രീതിയിൽ സംസ്കരിക്കുന്നതിനുള്ള നൂതന ബദൽ പരിഹാരമാണ് ലക്ഷ്യമിടുന്നത്.
ആശുപത്രി മാലിന്യങ്ങൾ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതും കടുത്ത വെല്ലുവിളിയാണ്. ഈ സാഹചര്യത്തിൽ നീസ്റ്റ് വികസിപ്പിച്ചെടുത്ത മാലിന്യ സംസ്ക്കരണ സംവിധാനം വലിയ സംഭാവനയാണ് നൽകുന്നതെന്ന് മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. എയിംസിലെ പ്രാരംഭ ഉപയോഗത്തിന് ശേഷം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയോടെ ഇത് മറ്റ് സ്ഥലങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കേണ്ടതുണ്ട്. ഇത്തരം ഗവേഷണ ഫലങ്ങൾ പ്രായോഗികതലത്തിലെത്തിക്കാൻ മറ്റ് സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന വകുപ്പ് സെക്രട്ടറി തന്മയ് കുമാർ, നീതി ആയോഗ് അംഗം ഡോ.വി.കെ.പോൾ, എയിംസ് ഡയറക്ടർ ഡോ.എം.ശ്രീനിവാസ്, നീസ്റ്റ് ഡയറക്ടർ ഡോ.സി.അനന്തരാമകൃഷ്‌ണൻ, ഡോ രാജീവ് ബഹ്‌ൽ, ഡോ.എൻ.കലൈശെൽവി എന്നിവരും ഉദ്‌ഘാടന സംബന്ധിച്ചു.