29 C
Trivandrum
Saturday, March 15, 2025

കേന്ദ്രത്തിന്റെ സാമ്പത്തിക വിവേചനങ്ങൾക്കിടയിലും ജീവിതക്ഷേമം ശക്തിപ്പെടുത്തുന്ന ബജറ്റ്

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ലക്ഷ്യമാക്കിയിട്ടുള്ള നവകേരള നിര്‍മാണത്തിന് ആവേശകരമായ പുതിയ കുതിപ്പു നല്‍കാന്‍ പോരുന്ന ക്രിയാത്മക ഇടപെടലാണ് കേരളത്തിന്റെ ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനങ്ങള്‍ക്കിടയിലും കഠിന പരിശ്രമങ്ങളിലൂടെ കേരളത്തിന്റെ വികസനത്തെയും കേരളീയരുടെ ജീവിതക്ഷേമത്തെയും ശക്തിപ്പെടുത്തി മുമ്പോട്ടു കൊണ്ടുപോവുന്ന സമീപനമാണ് 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ കേരളം സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം ‌വ്യക്തമാക്കി.

ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള ക്ഷേമ ആശ്വാസങ്ങള്‍ക്കും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനത്തിനും ബജറ്റ് ഒരുപോലെ ഊന്നല്‍ നല്‍കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനജീവിതത്തെ ഞെരുക്കാതെ വിഭവസമാഹരണം നടത്തുന്നു. വിഭവസമാഹണത്തിനായി പുതിയ മേഖലകള്‍ കണ്ടെത്തുന്നു. അര്‍ഹതപ്പെട്ടതു കേന്ദ്രം തരാതിരിക്കുന്ന സാഹചര്യത്തിലും ജനജീവിതവും നാടിന്റെ വികസനവും ഉപേക്ഷിക്കപ്പെടില്ല എന്നത് ഉറപ്പാക്കുന്നു ഈ ബജറ്റ്. വിലക്കയറ്റത്തിന്റെ ദേശവ്യാപക അന്തരീക്ഷത്തിലും സാധാരണ ഉപഭോക്താക്കളുടെ താല്പര്യങ്ങളെ സംരക്ഷിക്കുന്നു. നവകേരള നിര്‍മിതിക്കും വിജ്ഞാന സമ്പദ്ഘടനാ വികസനത്തിനും അടിസ്ഥാന വികസന വിപുലീകരണത്തിനും പുതുതലമുറയുടെ ഭാവി ഭദ്രമാക്കലിനും അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും ബജറ്റ് പ്രത്യേക ശ്രദ്ധ വെച്ചിരിക്കുന്നു- മുഖ്യമന്ത്രി പറഞ്ഞു

വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉന്നത നിലവാരത്തിലാക്കുന്നതിനും പൊതുജനാരോഗ്യ സംവിധാനത്തെ കൂടുതല്‍ മികവുറ്റതാക്കുന്നതിനും സഹായകമാകുന്ന പ്രഖ്യാപനങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സമസ്ത മേഖലകളെയും വികസനോന്മുഖമായി സ്പര്‍ശിക്കുന്നതും സമതുലിതമായ ഉണര്‍വ് എല്ലാ മേഖലകളിലും ഉറപ്പാക്കുന്നതുമായ ബജറ്റാണിത്. സമഗ്ര വികസനത്തിനായുള്ള കേരളത്തിന്റെ സാമ്പത്തിക രേഖയാണിത്. അവകാശപ്പെട്ടതു നിഷേധിക്കുന്നതിലൂടെ കേരളത്തെ സാമ്പത്തികമായി ഞെരുക്കിക്കളയാമെന്നു കരുതുന്ന രാഷ്ട്രീയ നിലപാടുകളെ ബദല്‍ വിഭവസമാഹണത്തിന്റെ വഴികള്‍ കണ്ടെത്തി കേരളം അതിജീവിക്കും എന്നതിന്റെ പ്രത്യാശാനിര്‍ഭരമായ തെളിവുരേഖ കൂടിയാണ് ഈ ബജറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Recent Articles

Related Articles

Special

Enable Notifications OK No thanks