29 C
Trivandrum
Thursday, February 6, 2025

സ്കൂട്ടർ തട്ടിപ്പ്: അന്വേഷണം കോൺഗ്രസ് നേതാക്കളിലേക്ക്; നടന്നത് 1,000 കോടിയുടെ തട്ടിപ്പ്

കൊച്ചി: പാതിവിലയ്ക്ക് ഇരുചക്ര വാഹനങ്ങളും വീട്ടുപകരണങ്ങളും നല്‍കുമെന്ന് വിശ്വസിപ്പിച്ച് നടത്തിയ സാമ്പത്തികത്തട്ടിപ്പില്‍ കൈമറിഞ്ഞത് 1,000 കോടിക്കുമേല്‍. വിവിധ സംഘടനകളുടെ പിന്‍ബലത്തോടെ ഏകദേശം 2 ലക്ഷത്തോളം പേരില്‍നിന്ന് പണം സമാഹരിച്ചതായാണ് സൂചന. കേസ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. ഇതിനുള്ള ശുപാര്‍ശ പൊലീസ് മേധാവിയുടെ പരിഗണനയിലുണ്ട്.

Follow the FOURTH PILLAR LIVE channel on WhatsApp 

മുഖ്യപ്രതി ഇടുക്കി തൊടുപുഴ കുടയത്തൂര്‍ കോളപ്ര ചൂരകുളങ്ങര വീട്ടില്‍ അനന്തു കൃഷ്ണനെ (27) അറസ്റ്റുചെയ്ത മൂവാറ്റുപുഴ പൊലീസ് ഇതിനോടകം 450 കോടിയുടെ ബാങ്ക് വിനിയമം പരിശോധിച്ചിട്ടുണ്ട്. 2 വര്‍ഷംകൊണ്ട് അനന്തു കൃഷ്ണന്റെ 3 കമ്പനി അക്കൗണ്ടുകളിലൂടെ കടന്നുപോയ തുകയാണിത്. നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്റെ പേരിലായിരുന്നു തട്ടിപ്പ്. ഇതിന്റെ കോ-ഓർഡിനേറ്ററാണ് അനന്തു കൃഷ്ണന്‍.

എറണാകുളത്ത് മാത്രം 5000 പേരിലേറെയാണ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. 20 കോടിയില്‍ അധികം രൂപയുടെ തട്ടിപ്പ് സംബന്ധിച്ച് മൂവാറ്റുപുഴയിലും കോതമംഗലത്തുമായി 4 സംഘടനകള്‍ പരാതി നല്‍കി. വയനാട്ടില്‍ 1200ഓളം പേര്‍ കബളിപ്പിക്കപ്പെട്ടതായാണ് വിവരം. മാനന്തവാടി താലൂക്കില്‍ 200 പേര്‍ പരാതിനല്‍കി. കണ്ണൂരില്‍ ഒരു കേസില്‍ 350 പേരാണ് പരാതി നല്‍കിയിരിക്കുന്നത്. 3 കോടിയാണ് ഇവര്‍ക്ക് നഷ്ടം.

പാലക്കാട് 2 കേസുകളിലായി 519 പരാതിക്കാരാണ് നിലവിലുള്ളത്. ആലപ്പുഴയില്‍ 3 കേസുകളിലായി 500 പേര്‍ പരാതി നല്‍കി. കോട്ടയത്ത് ഒരു പരാതിയാണ് വന്നത്. ഇടുക്കിയില്‍ വിവിധ സ്റ്റേഷനുകളിലായി 18 കേസുകളും 303 പരാതികളുമുണ്ട്. കോഴിക്കോട് 98 ആളുകളില്‍ നിന്നായി 72,51,300 രൂപ തട്ടിയെടുത്തതായി പരാതിയുണ്ട്. മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ പണമടച്ച് കാത്തിരിക്കുന്നവരുണ്ടെങ്കിലും പരാതിയിലേക്ക് കടന്നിട്ടില്ല.

സ്കൂട്ടർ തട്ടിപ്പു കേസിൽ റിമാന്‍ഡിലായ മുഖ്യപ്രതി അനന്തു കൃഷ്ണന്റെ പേരില്‍ 5 വര്‍ഷം മുന്‍പും സാമ്പത്തിക തട്ടിപ്പ് കേസുണ്ടെന്നു കണ്ടെത്തി. ഇടുക്കി തൊടുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

വിശ്വാസവഞ്ചന നടത്തി 5,85,000 രൂപ കബളിപ്പിച്ചെന്ന തൊടുപുഴ സ്വദേശിനിയുടെ പരാതിയിലാണ് 2019ല്‍ കേസെടുത്തത്. തിരുവനന്തപുരത്തെ ഭാരത് സേവക് സമാജിന് കീഴിലുള്ള നൈപുണി വികസന സ്ഥാപനമായ നാഷണല്‍ സ്‌കില്‍ ഇന്ത്യ മിഷന്‍ വഴി ഇന്റഗ്രേറ്റഡ് അപ്പാരല്‍ മാനേജ്മെന്റ് ട്രെയ്നിങ് സെന്റര്‍ അനുവദിച്ചുതരാമെന്ന് പറഞ്ഞ് 2,05,000 രൂപ കൈപ്പറ്റി വഞ്ചിച്ചെന്നാണ് പരാതി. സ്ഥാപനം തുടങ്ങുന്നതിനായി 3,80,000 രൂപ ചെലവായതായും പരാതിയിലുണ്ട്. രണ്ടാംപ്രതി കല വഞ്ചനയ്ക്ക് കൂട്ടുനിന്നതായും പരാതിയുണ്ട്.

Recent Articles

Related Articles

Special

Enable Notifications OK No thanks