തിരുവനന്തപുരം റെയിൽവേ ഡിവിഷന് 1,716 കോടി രൂപയുടെ വരുമാനം; 8.10 കോടി യാത്രക്കാർ

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ 2023-24ൽ 1,716.42 കോടി രൂപയുടെ വരുമാനം നേടിയതായി തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ ഡോ.മനീഷ് ധപ്ല്യാല്‍ പറഞ്ഞു. റെയിൽവേയിലെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യാത്രക്കാരുടെ എണ്ണത്തിൽ മുൻ വര്‍ഷത്തെക്കാള്‍ 9 ശതമാനം വര്‍ധനയുണ്ട്. 8.10 കോടി പേരാണ് തിരുവനന്തപുരം റെയില്‍വേ ഡിവിഷനിലെ വിവിധ സ്റ്റേഷനുകളിൽ നിന്ന് 2023-24ൽ യാത്ര ചെയ്തത്. ചരക്കുകടത്തില്‍ 305.19 കോടി രൂപയും ടിക്കറ്റിതര വിഭാഗത്തില്‍ 24.38 കോടി രൂപയും വരുമാനം നേടി.

റെയിൽവേ സ്റ്റേഷനുകളിൽ പുനർവികസനം നടപ്പാക്കുകയും ഏറ്റവും കൂടുതൽ പ്രത്യേക തീവണ്ടികൾ ഓടിക്കുകയും ചെയ്തതിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് ധപ്ല്യാൽ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം സെൻട്രൽ, എറണാകുളം ജംഗ്ഷൻ, കൊല്ലം ജംഗ്ഷൻ, വർക്കല എന്നിവിടങ്ങളിലെല്ലാം പുനർവികസനം നടക്കുകയാണ്. കൊച്ചുവേളിയെ തിരുവനന്തപുരം നോർത്തെന്നും നേമത്തെ തിരുവനന്തപുരം സൗത്തെന്നും പുനർനാമകരണം ചെയ്തു.

32 സ്റ്റേഷനുകളില്‍ ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സിസ്റ്റത്തിലൂടെ സിഗ്‌നല്‍ നവീകരിച്ചു. ഇതോടെ തീവണ്ടികള്‍ക്ക് കൂടുതല്‍ വേഗമെടുക്കാന്‍ കഴിയും. 75 കിലോമീറ്റര്‍ പാത നവീകരിക്കുകയും 10 പ്രധാന പാലങ്ങള്‍ പുനര്‍നിര്‍മിക്കുകയും ചെയ്തതോടെ തിരുവനന്തപുരം-എറണാകുളം പാതയില്‍ 100 കിലോമീറ്റര്‍ വേഗമെടുക്കാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല മണ്ഡലകാല പ്രത്യേക തീവണ്ടികളില്‍ 5 ലക്ഷം യാത്രക്കാരാണുണ്ടായിരുന്നത്. അപകടങ്ങളുണ്ടാകാതിരുന്നതും സുരക്ഷാസംവിധാനങ്ങളുടെ നേട്ടമാണെന്ന് ഡിവിഷണൽ മാനേജ‌ർ പറഞ്ഞു.

Recent Articles

Related Articles

Special