തിരുവനന്തപുരം: ബാലരാമപുരത്ത് കാണാതായ 2 വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീതു, ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു(2) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് കാട്ടായിക്കോണം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നിലെ കിണറ്റിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
Follow the FOURTH PILLAR LIVE channel on WhatsApp
രാവിലെ 5.15ഓടെയാണ് ദേവേന്ദുവിനെ കാണാതായതായി പരാതി ഉയർന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ കാണാതായി എന്നായിരുന്നു പരാതി. സംഭവത്തിൽ, മാതാപിതാക്കളേയും ബന്ധുക്കളേയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. വീട്ടില്‍ തീ പിടിച്ചുവെന്നും അത് അണയ്ക്കുന്നതിനിടെയാണ് കുഞ്ഞിനെ കാണാതായത് എന്നുമാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍ പറഞ്ഞത്.
കിണറിന് കരയിൽനിന്ന് മൂന്നര അടിയിലേറെ ഉയരമുണ്ട്. രണ്ടര വയസ്സുള്ള കുട്ടിക്ക് തനിയെ കിണറ്റിലേക്ക് ചാടാൻ കഴിയില്ല. കുട്ടിയുടെ അച്ഛനും അമ്മയും അമ്മാവനും മുത്തശ്ശിയും ബുധനാഴ്ച വീട്ടിൽ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ കുട്ടിയെ കൊലപ്പെടുത്തി കിണറ്റിൽ ഇട്ടതാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്.
കുടുംബം പദ്ധതിയിട്ടത് കൂട്ട ആത്മഹത്യയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കുരുക്കിട്ട നിലയിൽ മൂന്ന് കയറുകൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ബാലവകാശ കമ്മീഷൻ കേസെടുത്തു. വിഷയത്തിൽ കമ്മീഷൻ പൊലീസിനോട് റിപ്പോർട്ട് തേടി.
സംഭവത്തിൽ ബന്ധുക്കളുടെ മൊഴിൽ വൈരുധ്യമുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ പറഞ്ഞു. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പൊലീസിന് മൊഴി നൽകിയത്. മതിൽ ചാടികടന്ന് ഒരാൾ വന്നെന്ന് അമ്മയും മുത്തശ്ശിയും മൊഴി നൽകിയെന്നും സുരേഷ് കുമാർ പറഞ്ഞു.