തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ അടുത്ത മുഖ്യമന്ത്രിയാര് എന്നതിനെക്കുറിച്ചുള്ള ചര്‍ച്ച അനുവദിക്കില്ലെന്ന് ഹൈക്കമാന്‍ഡ്. കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ ഭിന്നത രൂക്ഷമാണെന്ന് എ.ഐ.സി.സി. അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കേരളത്തിൻ്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി റിപ്പോർട്ട് നല്കി. കേരളത്തിൻ്റെ കാര്യങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലുമായും ദീപ ദാസ് മുൻഷി കൂടിക്കാഴ്ച നടത്തും.
Follow the FOURTH PILLAR LIVE channel on WhatsApp
കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമിടയില്‍ തര്‍ക്കം രൂക്ഷമെന്നാണ് കേന്ദ്ര നേതൃത്ത്വത്തിൻ്റെ വിലയിരുത്തല്‍. ഡല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയ ശേഷം ദീപാദാസ് മുന്‍ഷി സമവായ ചര്‍ച്ചകള്‍ തുടരും. സുധാകരനും സതീശനും സംയുക്ത വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ട്. ഹൈക്കമാന്‍ഡ് നിര്‍ദേശങ്ങള്‍ നേതാക്കള്‍ അവഗണിക്കുന്നുവെന്ന കാര്യം ഗൗരവത്തോടെ കാണുന്നുണ്ട്. ഐക്യസന്ദേശം നല്‍കാനായി കെ.പി.സി.സിയില്‍ നടത്താന്‍ എ.ഐ.സി.സി. നിര്‍ദേശിച്ച സംയുക്ത വാര്‍ത്താസമ്മേളനം നടന്നിരുന്നില്ല.
തിരഞ്ഞെടുപ്പില്‍ സംയുക്തനേതൃത്വം പാര്‍ട്ടിയെ നയിക്കുമെന്നതാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാടെന്ന് സംസ്ഥാന നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന നേതൃകലഹം അനവസരത്തിലുള്ളതാണ്. അത് പാര്‍ട്ടിയോട് അനുഭാവമുള്ളവരില്‍പ്പോലും അവമതിപ്പുണ്ടാക്കുമെന്ന വികാരവും അവര്‍ പങ്കുവെച്ചു. സാധാരണനിലയില്‍ അധികാരം കിട്ടിയാല്‍ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയായി മാറുന്നതാണ് കോണ്‍ഗ്രസില്‍ കുറച്ചുകാലമായുള്ള സമ്പ്രദായം. ഈ വിഭാഗത്തില്‍ നിലവിലുള്ള പ്രതിപക്ഷനേതാവ് വി.ഡി.സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉള്‍പ്പെടുന്നുവെന്നതാണ് പ്രശ്‌നം.
കഴിഞ്ഞപ്രാവശ്യം പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറ്റപ്പെട്ട രമേശിനെ അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്നതാണ് ഒരാവശ്യം. സ്വാഭാവികമായും നിലവിലുള്ള പ്രതിപക്ഷ നേതാവെന്ന നിലയില്‍ സതീശനാണ് ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടേണ്ടതെന്ന താത്പര്യക്കാരുമുണ്ട്.
നേതൃമാറ്റം വേണോയെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കട്ടെയെന്നും വേണമെങ്കില്‍ തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പുതന്നെ വേണമെന്നും രാഷ്ട്രീയകാര്യസമിതിയില്‍ ആവശ്യമുയര്‍ന്നിരുന്നു. മാറുന്നെങ്കില്‍ രണ്ടുപേരും മാറട്ടെയെന്ന ആവശ്യവും ഇതിനിടയില്‍ ചില കോണുകളില്‍നിന്ന് നിര്‍ദേശമായുയര്‍ന്നെങ്കിലും പ്രതിപക്ഷ നേതാവിനെ മാറ്റുന്ന കാര്യം ഹൈക്കമാന്‍ഡ് ഗൗരവമായെടുത്തിട്ടില്ല. തര്‍ക്കം മുറുകിയതോടെ തദ്ദേശ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാരംഭിച്ച മിഷന്‍-25ഉം ഏതാണ്ട് സ്തംഭനാവസ്ഥയിലായി.