ന്യൂഡൽഹി: പോക്സോ കേസിൽ മുൻകൂർ ജാമ്യം തേടി നടൻ കൂട്ടിക്കൽ ജയചന്ദ്രൻ സുപ്രീം കോടതിയെ സമീപിച്ചു. 4 വയസുകാരിയെ പീഡിപ്പിച്ച കേസിൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ കേരള പൊലീസ് നടനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അഭിഭാഷകൻ എ.കാർത്തിക്കാണ് ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.
കസബ പൊലീസാണ് നടൻ ജയചന്ദ്രന് എതിരേ പോക്സോ കേസെടുത്തത്. കുട്ടിയുടെ ബന്ധു ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റ് മുഖേന നൽകിയ പരാതി പൊലീസിനു കൈമാറുകയായിരുന്നു. കസബ പൊലീസ് കുട്ടിയുടെ മൊഴിയെടുത്തു. കുട്ടിയുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യ അപേക്ഷ കേരള ഹൈക്കോടതി തള്ളിയത്.