Follow the FOURTH PILLAR LIVE channel on WhatsApp
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലിഖാനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദ് (30) എന്ന ബംഗ്ലാദേശി പൗരനാണ് പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെ പൊലീസ് താനെയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. അനധികൃതമായാണ് ഇയാള്‍ ഇന്ത്യയിലെത്തിയതെന്നും മോഷണം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് സെയ്ഫ് അലി ഖാന്റെ ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കടന്നതെന്നും വ്യക്തമായിട്ടുണ്ട്.
ബംഗ്ലാദേശി പൗരനാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഇയാളുടെ പക്കല്‍നിന്ന് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. ബംഗ്ലാദേശിലെ ജലോക്തി ജില്ലക്കാരനാണ് ഷെഹ്സാദ്. 30കാരനായ ഇയാള്‍ വിജയ് ദാസെന്ന പേരിലാണ് ഇന്ത്യയിലേക്ക് പ്രവേശിച്ചത്. ബിജോയ് ദാസ് എന്നും മുഹമ്മദ് ഇല്യാസ് എന്നും വ്യാജപേരുകള്‍ ഇയാള്‍ ഉപയോഗിച്ചിരുന്നു. മുംബൈയിലെ ഒരു ഹൗസ് കീപ്പിങ് ഏജന്‍സി വഴി ഇയാള്‍ വിവിധ ഇടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ഒരു ബാറിൽ ജോലിചെയ്തിരുന്ന പ്രതി ആക്രമണത്തിന് ഒരാഴ്ച മുന്‍പ് ജോലി ഉപേക്ഷിച്ചിരുന്നതായും പൊലീസ് പറയുന്നു. പ്രതി മുന്‍കാലങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആളാണെന്ന് വ്യക്തമായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.
ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ വീടാണെന്ന കാര്യം അറിയാതെയാണ് ഇയാള്‍ വീട്ടില്‍ അതിക്രമിച്ച് കടന്നതെന്നും അദ്ദേഹത്തെ കുത്തിപ്പരിക്കേല്പ്പിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. വീട് കൊള്ളയടിക്കുക എന്ന ഉദ്ദേശമായിരുന്നു ഉണ്ടായിരുന്നത്. ഇതിനായി മുന്‍കൂട്ടി തയ്യാറെടുത്താണ് ഇയാള്‍ വീട്ടില്‍ അതിക്രമിച്ച് കയറിയതെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്. ഇയാള്‍ക്ക് എവിടെനിന്നൊക്കെ സഹായങ്ങള്‍ ലഭിച്ചു എന്നകാര്യം വ്യക്തമാകേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു.
അവിവാഹിതനായ ഇയാള്‍ വോര്‍ളിയിലെ ഒരു വാടകവീട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. കുറച്ച് നാളുകളായി ഇയാള്‍ക്ക് സ്ഥിരമായി ജോലിയൊന്നും ഉണ്ടായിരുന്നില്ലെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെയാണ് പ്രതിയായ ഷെഹ്സാദിനെ മുംബൈ പൊലീസ് പിടികൂടിയത്. താനെയില്‍ മെട്രോ നിര്‍മാണ തൊഴിലാളികള്‍ക്കൊപ്പമായിരുന്നു ഇയാള്‍ ജോലിചെയ്തിരുന്നത്. അവിടുത്തെ ഒരു ലേബര്‍ ക്യാമ്പില്‍നിന്നാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 5 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. തുടര്‍ ചോദ്യംചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. കുട്ടികളുടെ മുറിയില്‍ കള്ളന് കയറിയെന്ന് സഹായികളില്‍ ഒരാള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സെയ്ഫ് മുറിയിലെത്തിയത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് പ്രതി സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ശരീരത്തില്‍ ആറ് തവണയാണ് കുത്തേറ്റത്. ആക്രമണം നടത്തിയ പ്രതിയുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
ടി.വിയിലും യൂട്യൂബിലും തന്റെ ചിത്രം പ്രചരിക്കുന്നതുകണ്ട പ്രതി പേടിച്ചാണ് താനെയിലേക്ക് കടന്നുകളഞ്ഞതെന്ന് മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. താനെയില്‍ ഒരുബാറില്‍ നേരത്തേ ജോലിചെയ്തിരുന്നതിനാല്‍ ഇയാള്‍ക്ക് സ്ഥലങ്ങള്‍ പരിചിതമായിരുന്നു.































