Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: നടി ഹണി റോസിനെ അപമാനിച്ച കേസില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ ജയിലിൽ വഴിവിട്ട് സഹായിച്ച ജയില്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാവും. നടപടി ശുപാർശയുമായി റിപ്പോർട്ട് ജയിൽ ഡി.ജി.പി. ബൽറാം കുമാർ ഉപാദ്ധ്യായ സർക്കാരിനു കൈമാറി. ജയില്‍ ആസ്ഥാനത്തെ ഡി.ഐ.ജി. എം.കെ.വിനോദ് കുമാർ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് ജയിൽ മധ്യമേഖലാ ഡി.ഐ.ജി. പി.അജയകുമാർ, എറണാകുളം ജില്ലാ ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവർക്കെതിരെ നടപടിയെടുക്കണമെന്ന തീരുമാനമുണ്ടായത്.
സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും വിനോദ് കുമാറിൻ്റെ റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നേരത്തെ ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു. സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുകയായിരുന്ന ഡി.ഐ.ജി. അജയകുമാർ, ബോബിചെമ്മണ്ണൂരിനെ കാണാൻ ജയിലിലേക്ക് പാഞ്ഞെത്തുകയായിരുന്നുവെന്നാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. ഡി.ഐ.ജിക്ക് ഒപ്പമുണ്ടായിരുന്നത് തൃശ്ശൂരിലെ ‘പവർ ബ്രോക്കർ’ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സൂപ്രണ്ടിന്റെ ശൗചാലയം ഉൾപ്പെടെ ബോബി ചെമ്മണ്ണൂരിന് ഉപയോഗിക്കാൻ സൗകര്യമൊരുക്കി.

കാക്കനാട് ജില്ലാ ജയിലിൽ ബോബി ചെമ്മണ്ണൂർ റിമാൻഡിൽ കഴിയുമ്പോൾ ജയിൽ ഡി.ഐ.ജി. പി.അജയകുമാർ ഇടപെട്ട് വഴിവിട്ട സഹായങ്ങൾ ചെയ്തു എന്നാണ് ആരോപണം. അജയകുമാർ ബോബി ചെമ്മണ്ണൂരിൻ്റെ സുഹൃത്തുക്കളുമായി ജയിലിൽ എത്തിയിരുന്നു. തൃശ്ശൂര്‍ സ്വദേശി ബാലചന്ദ്രനുള്‍പ്പെടെ മൂന്ന് വി.ഐ.പികള്‍ ബോബി ചെമ്മണ്ണൂരിനെ സന്ദര്‍ശിച്ചുവെന്നും രജിസ്റ്ററില്‍ അവര്‍ പേര് രേഖപ്പെടുത്തിയില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജയിലിലെ ചട്ടങ്ങൾക്ക് വിരുദ്ധമായി സുഹൃത്തുക്കളുമായി 2 മണിക്കൂറിലധികം സമയം ചെലവിടാൻ ബോബിക്ക് ജയിൽ ഡി.ജി.പി. അവസരം ഉണ്ടാക്കി നൽകിയിരുന്നു.
സൂപ്രണ്ടിന്റെ മുറിയിലേക്ക് ബോബി ചെമ്മണ്ണൂരിനെ വിളിച്ചു വരുത്തിയെന്നും ജയിലിലെ പ്രോപ്പർട്ടി രജിസ്റ്ററിൽ തിരുത്തൽ വരുത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തി. ജയിൽ സൂപ്രണ്ട് ഒഴികെയുള്ള ഉദ്യോഗസ്ഥരെല്ലാം ജയിൽ ഡി.ഐ.ജിക്കെതിരെ അന്വേഷണ സംഘത്തിന് മൊഴി നൽകി. അജയകുമാറിനും രാജു എബ്രഹാമിനുമെതിരെ 20 ജയില്‍ ജീവനക്കാരാണ് മൊഴി നല്‍കിയത്. അവരെ സ്വാധീനിക്കാനുള്ള ശ്രമവും നടന്നിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ബോബി ചെമ്മണ്ണൂരിന് ജയിലിൽ വഴിവിട്ട സഹായം ലഭിച്ചതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. അതേസമയം മെയ് മാസത്തിൽ വിരമിക്കാനിരിക്കുന്ന ജയിൽ ഡി.ഐ.ജി. അജയകുമാർ ഫെബ്രുവരി ഒന്ന് മുതൽ തനിക്ക് അവധി വേണമെന്ന അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്.