29 C
Trivandrum
Saturday, March 15, 2025

കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപനം

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ച് സൂചന നല്‍കിയും കേന്ദ്രത്തില്‍നിന്നുള്ള വിഹിതം ലഭിക്കാത്തത് പരാമര്‍ശിച്ചും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകറുടെ നയപ്രഖ്യാപന പ്രസംഗം. ആരിഫ് മുഹമ്മദ് ഖാന് പകരം ഗവർണറായി ചുമതലയേറ്റെടുത്ത ആർലേകറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗമാണിത്. നവകേരള സൃഷ്ടിക്ക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

1 മണിക്കൂർ 57 മിനിറ്റ് നീണ്ടുനിന്ന നയപ്രഖ്യാപന പ്രസംഗം നവ കേരള നിർമ്മാണത്തിൽ ഊന്നിയും കേന്ദ്രസർക്കാരിൻറെ തെറ്റായ നയങ്ങളെ വിമർശിക്കുന്നതുമായിരുന്നു. സാമ്പത്തിക മേഖലയിൽ കേന്ദ്ര നയങ്ങൾ വെല്ലുവിളിയാകുന്നു എന്ന് നയപ്രഖ്യാപനത്തിൽ വിമർശമുണ്ടായി. വിഴിഞ്ഞം വി.ജി.എഫ്. ഗ്രാൻഡ് ആയി അനുവദിക്കാനുള്ള കേന്ദ്ര നീക്കത്തിനെയും വിമർശിച്ചു. അതേസമയം നവ കേരള സാക്ഷാത്കാരത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഗവർണർ വ്യക്തമാക്കി.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് അഭിമാനമാകുന്നു എന്ന് വ്യക്തമാക്കിയ ഗവർണർ എന്നാൽ വി.ജി.എഫ്. വായ്പയായി അനുവദിക്കാനുള്ള കേന്ദ്ര നീക്കത്തെയും നയപ്രഖ്യാപനത്തിൽ പരാമർശിച്ചു. കേരളത്തിൻറെ വികസനം ലോകശ്രദ്ധ ആകർഷിക്കുന്നതാണ്. നവകേരള സാക്ഷാത്കാരത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും നയപ്രഖ്യാപനത്തിൽ ഗവർണർ പറഞ്ഞു.

നവകേരള നിർമ്മാണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഉയര്‍ന്ന നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങള്‍, അറിവ് അടിസ്ഥാനമാക്കിയ സമ്പദ്‌വ്യവസ്ഥ, നിലവാരമുള്ള വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം എന്നിവയിലൂന്നിക്കൊണ്ടായിരിക്കും ഇത്. എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പാക്കുമെന്നും അതിദാരിദ്ര്യം ഇല്ലാതാക്കുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തിന്റെ പക്കലുള്ള വിഭവങ്ങള്‍ പരിമിതമാണെങ്കിലും അവ ഉപയോഗിച്ച് സാധ്യമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും തന്റെ പ്രഥമ നയപ്രഖ്യാപന പ്രസംഗത്തില്‍ ആര്‍ലേക്കര്‍ പറഞ്ഞു.

സമൂഹത്തിലെ ഡിജിറ്റല്‍ വേര്‍തിരിവ് ഇല്ലാതാക്കും. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉറപ്പാക്കും. ധനസമാഹരണത്തിനുള്ള ശ്രമം സംസ്ഥാന സര്‍ക്കാര്‍ നടത്തുമ്പോഴും കേന്ദ്രവിഹിതം ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും അദ്ദേഹം നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

അതിശക്തമായ സാമൂഹിക സുരക്ഷാ ശൃംഘലയാണ് കേരളത്തിന്റേത്. 62 ലക്ഷം വയോജനങ്ങള്‍ക്കാണ് പ്രതിമാസം പെന്‍ഷന്‍ നല്‍കുന്നത്. കഴിഞ്ഞ പതിറ്റാണ്ടില്‍ പ്രളയം ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങളെ സംസ്ഥാനത്തിന് നേരിടേണ്ടിവന്നു. ഈ വെല്ലുവിളികള്‍ക്കിടയിലും കേരളത്തിന്റെ ദുരന്തനിവാരണ മാനേജ്‌മെന്റ് മാതൃക അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടി.

മേപ്പാടി ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗണ്‍ഷിപ്പ് ഒരുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കും. കാര്‍ഷികമേഖലയെ പരിസ്ഥിതിസൗഹൃദമായി പുനരുജ്ജീവിപ്പിക്കും. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കും -ഗവര്‍ണര്‍ പറഞ്ഞു.

പി.ഡബ്ല്യൂ.ഡിയുടെ കീഴിലുള്ള 60 ശതമാനത്തോളം റോഡുകളും ബി.എം, ബി.സി. നിലവാരത്തിലേക്ക് ഉയര്‍ത്തി. മനുഷ്യ-വന്യജീവി സംഘര്‍ഷം പരിഹരിക്കാന്‍ 9 ദ്രുതപ്രതികരണ സംഘങ്ങള്‍ (ആര്‍.ആര്‍.ടി.)ക്ക് കഴിഞ്ഞകൊല്ലം രൂപംനല്‍കി. ഇതോടെ ഈ പ്രശ്‌നത്തിനായി രൂപവത്കരിക്കപ്പെട്ട ആര്‍.ആര്‍.ടികളുടെ എണ്ണം 228 ആയെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

ബി.ജെ.പിയെ പരോക്ഷമായി വിമർശിച്ച് ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും ഗവർണർ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.

Recent Articles

Related Articles

Special

Enable Notifications OK No thanks