29 C
Trivandrum
Wednesday, February 5, 2025

ചരിത്ര നേട്ടവുമായി ഐ.എസ്.ആർ.ഒ.; സ്പേഡെക്സ് ദൗത്യം വിജയം

ബംഗളൂരു: രാജ്യത്തിന്റെ ആദ്യ സ്‌പേസ് ഡോക്കിങ് പരീക്ഷണമായ സ്‌പേഡെക്‌സ് വിജയമായി. വിക്ഷേപണത്തിന് ശേഷമുള്ള മൂന്നാം പരിശ്രമത്തിലാണ് ഇരട്ട ഉപഗ്രഹങ്ങളായ ടാർഗറ്റും ചേസറും ബഹിരാകാശത്ത് കൂട്ടിച്ചേർത്ത്‌ സ്‌പേസ്‌ ഡോക്കിങ്‌ വിജയകരമായി പൂർത്തിയാക്കാന്‍ കഴിഞ്ഞത്. എസ്.‍ഡി.എക്‌സ്. 01- ചേസര്‍, എസ്.‍ഡി.എക്‌സ്. 02- ടാര്‍ഗറ്റ് എന്നിങ്ങനെയായിരുന്നു 220 കിലോഗ്രാം വീതം ഭാരമുള്ള ഈ ഉപഗ്രഹങ്ങളുടെ പേരുകള്‍.‍

Follow the FOURTH PILLAR LIVE channel on WhatsApp 

ഡോക്കിങ്ങിനു ശേഷം 2 ഉപഗ്രഹങ്ങളെ ഒരൊറ്റ വസ്തുവായി നിയന്ത്രിക്കുന്നത് വിജയകരമായെന്ന് ഐ.എസ്.ആർ.ഒ. അറിയിച്ചു. വരും ദിവസങ്ങളിൽ അൺഡോക്കിങ്ങും പവർ ട്രാൻസ്ഫർ പരിശോധനകളും നടക്കും.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് 2024 ഡിസംബര്‍ 30നാണ് പി.എസ്.എൽ.വി.-സി60 ലോഞ്ച് വെഹിക്കിളില്‍ 2 സ്‌പേഡെക്‌സ് ഉപഗ്രഹങ്ങൾ ഐ.എസ്.ആർ.ഒ. വിക്ഷേപിച്ചത്. വ്യാഴാഴ്ച രാവിലെ ‌പേഡെക്‌സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് ഒന്നായി മാറി. ഉപഗ്രഹങ്ങൾ തമ്മിലുള്ള ദൂരം കുറച്ച് ആണ് ദൗത്യം വിജയകരമാക്കിയത്.‌

ദൗത്യം സാങ്കേതിക കാരണങ്ങളാൽ മുൻപ് രണ്ട് തവണ മാറ്റിവെച്ചിരുന്നു. ഉപഗ്രഹങ്ങളുടെ വേഗം പ്രതീക്ഷിച്ചതിലും കൂടുതലായതിനാലാണ് മാറ്റിവെയ്ക്കേണ്ടി വന്നത്. 66 ദിവസം നീണ്ടുനിൽക്കുന്ന ദൗത്യത്തിൽ ഏത് ദിവസം വേണമെങ്കിലും ഡോക്കിങ് നടക്കാമെന്നായിരുന്നു നേരത്തെ അറിയിച്ചത്.

ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ അടക്കമുള്ള പദ്ധതികള്‍ക്ക് ഐ.എസ്‌.ആർ.ഒയ്ക്ക് അനിവാര്യമായ സാങ്കേതികവിദ്യയാണ് സ്പേസ് ഡോക്കിങ്. ഡോക്കിങ് പരീക്ഷണം വിജയിച്ചതോടെ ഈ സാങ്കേതിക വിദ്യ സായത്തമാക്കുന്ന നാലാമത്തെ ബഹിരാകാശ ഏജൻസിയായി ഐ.എസ്‌.ആർ.ഒ. മാറി. റഷ്യ, യു.എസ്., ചൈന എന്നീ രാജ്യങ്ങളിലെ ഏജൻസികളാണ്‌ നേരത്തേ ഈ നേട്ടം കൈവരിച്ചവർ.

Recent Articles

Related Articles

Special

Enable Notifications OK No thanks