തിരുവനന്തപുരം: കെ.പി.സി.സി. യോഗം ബഹിഷ്കരിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് യു.ഡി.എഫ്. യോഗത്തിൽനിന്ന് വിട്ടുനിന്ന് കെ.സുധാകരന്റെ തിരിച്ചടി. കൂടാതെ ഞായറാഴ്ചത്തെ രാഷ്‌ട്രീയകാര്യ സമിതി യോഗവും മാറ്റിവെയ്‌പ്പിച്ചു. വെള്ളിയാഴ്ച കണ്ണൂരിലേക്കുപോയ സുധാകരൻ രാഷ്‌ട്രീയകാര്യ സമിതി യോഗം മാറ്റിവെയ്ക്കുന്നതായി അറിയിപ്പ് നൽകുകയായിരുന്നു.
രാഷ്ട്രീയകാര്യ സമിതിയിൽ പങ്കെടുക്കാനെത്തിയ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും സംഭവവികാസങ്ങളിൽ ക്ഷുഭിതനാണ്. സതീശനാണ് പ്രശ്നങ്ങൾക്ക് തുടക്കമിടുന്നതെന്ന വിലയിരുത്തലിലാണ് കേരളത്തിന്റെ ചുമതലയുള്ള ദീപദാസ് മുൻഷിയും. ആലപ്പുഴയിലുള്ള വേണുഗോപാൽ ഞായറാഴ്ച തിരുവനന്തപുരത്തെത്തി യോഗം കഴിഞ്ഞ് വൈകിട്ട് ഡൽഹിയിലേക്ക് മടങ്ങാനായിരുന്നു പരിപാടി. മുന്നറിയിപ്പില്ലാതെ യോഗം മാറ്റിയതിലുള്ള അതൃപ്തി അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു.
പഞ്ചായത്ത് തിരഞ്ഞെടുപ്പെങ്കിലും ജയിച്ചിട്ടുമതി മുഖ്യമന്ത്രിക്കസേര കണ്ടുള്ള അടിയെന്ന് മുതിർന്ന നേതാവ് എ.കെ.ആന്റണി മുന്നറിയിപ്പു നൽകിയതിന് തൊട്ടുപിന്നാലെയാണ് പ്രധാന കോൺഗ്രസ് നേതാക്കൾ പരസ്പരം അനിഷ്ടം പ്രകടിപ്പിച്ച് പ്രധാനയോഗങ്ങൾ ബഹിഷ്കരിച്ചത്. സതീശൻ വെള്ളിയാഴ്ച തിരുവനന്തപുരത്തുണ്ടായിട്ടും കെ.പി.സി.സി. ഭാരവാഹി യോഗത്തിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു.
പുനഃസംഘടന ഉടൻ നടപ്പാക്കി കെ.പി.സി.സി. അധ്യക്ഷനെ മാറ്റണമെന്ന നിർബന്ധത്തിലാണ് സതീശൻ. പുനഃസംഘടന നീട്ടുന്നുവെന്ന പരാതി പലകുറി എ.ഐ.സി.സി. നേതൃത്വത്തെ അറിയിച്ചിരുന്നു. സുധാകരനുമായി ഒന്നിച്ചിരുന്ന് സംസാരിക്കാനാകാത്തത്ര അകന്നുവെന്നാണ് സതീശന്റെ വിട്ടുനിൽക്കൽ സൂചിപ്പിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് ചർച്ചചെയ്യാൻ ചേർന്ന ഭാരവാഹിയോഗം വന്നുപോകാൻ സൗകര്യമുണ്ടായിട്ടും സതീശൻ ബഹിഷ്കരിച്ചതാണ് സുധാകരനെ ചൊടിപ്പിച്ചത്. സ്വയം മുഖ്യമന്ത്രി ചമയുന്നയാൾ പാർടിയിലെ എല്ലാവരേയും ഒരുമിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നില്ലെന്നും ശത്രുക്കളോടെന്നപോലെ കടുത്ത വാശി കാണിക്കുന്നുവെന്നും ആരോപണമുണ്ട്.