29 C
Trivandrum
Wednesday, February 5, 2025

തൃണമൂലിൽ ചേർന്നു; അൻവറിന് എം.എൽ.എ. സ്ഥാനം നഷ്ടമാവും

കൊൽക്കത്ത: പി.വി.അൻവർ തൃണമൂൽ കോണ്‍​ഗ്രസില്‍ ചേർന്നു. തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയാണ് അൻവറിന് അംഗത്വം നൽകി സ്വീകരിച്ചത്. തൃണമൂലിൽ അംഗത്വമെടുത്തതോടെ അൻവറിന് നിലമ്പൂരിലെ എം.എൽ.എ. സ്ഥാനം നഷ്ടമാകും എന്നുറപ്പായി.

Follow the FOURTH PILLAR LIVE channel on WhatsApp 

ഇടതുമുന്നണി സ്വതന്ത്രനായാണ് അൻവർ വിജയിച്ചത്. അൻവറുമായി എല്ലാ ബന്ധവും ഉപേക്ഷിക്കുന്നതായി സി.പി.എം. തന്നെ പ്രഖ്യാപിച്ചതോടെ അൻവർ പൂർണ തോതിൽ സ്വതന്ത്രനായിരുന്നു. എങ്കിലും അൻവറിന് വേറൊരു പാർട്ടിയിലോ മുന്നണിയിലോ ചേരാനാവില്ല.

കൂറുമാറ്റ നിരോധന നിയമപ്രകാരം തിരഞ്ഞെടുക്കപ്പെട്ട ശേഷം ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേരാൻ തീരുമാനിച്ചാൽ സ്വതന്ത്ര എം.എൽ.എയ്ക്ക് ആ സീറ്റ് നഷ്ടപ്പെടും. അങ്ങനെ വരുമ്പോൾ അൻവറിന് എം.എൽ.എ. സ്ഥാനം നിലനിർത്താൻ ഈ നിയമസഭയുടെ കാലാവധി കഴിയുന്നതു വരെ സ്വതന്ത്ര വേഷം തന്നെ അണിയേണ്ടതായി വരുന്നു. എന്നാൽ, അൻവർ തൃണമൂൽ കുടുംബത്തിൽ അംഗമായതായി ആ പാർട്ടി തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ കൂറുമാറ്റത്തിൻ്റെ പരിധിയിൽ അൻവർ പെട്ടുകഴിഞ്ഞതായാണ് വിലയിരുത്തൽ.

അൻവറിന്‍റെ അംഗത്വം സ്ഥിരീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. അൻവറിനെ സ്വാഗതം ചെയ്ത് അഭിഷേക് ബാനർജിയും ട്വീറ്റ് ചെയ്തു. പൊതുപ്രവർത്തനത്തിനായുള്ള പി.വി.അൻവറിന്‍റെ അർപ്പണവും ജനങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടവും തങ്ങളുടെ ലക്ഷ്യത്തോട് ചേർന്നുനില്‍ക്കുന്നതെന്ന് ബാനർജി ട്വിറ്ററില്‍ കുറിച്ചു.

അൻവറിൻ്റെ എം.എൽ.എ. സ്ഥാനം കളയിക്കുന്നതിനായി അദ്ദേഹത്തെ യു.ഡി.എഫിലെത്തിക്കാൻ സി.പി.എം. കഴിവിൻ്റെ പരമാവധി ശ്രമിച്ചിരുന്നു. അൻവറിൻ്റെ അറസ്റ്റു പോലും ആ ലക്ഷ്യമിട്ടുള്ളതാണെന്ന വ്യാഖ്യാനമുണ്ടായി. എന്നാൽ, സ്വയം തൃണമൂലിൽ പോയി കയറി അൻവർ ഏവരെയും ഞെട്ടിച്ചു.

തമിഴ്നാട്ടിലെത്തി ഡി.എം.കെയിൽ ചേരാനാണ് അൻവർ ആദ്യം ശ്രമിച്ചത്. സി.പി.എമ്മുമായുള്ള അടുത്ത ബന്ധം പറഞ്ഞ ഡി.എം.കെ. അൻവറിനെ ഓടിച്ചുവിട്ടു. ഉത്തർ പ്രദേശിലെ സമാജ്വാദി പാർട്ടിയിൽ ചേരാനായി പിന്നീടുള്ള നീക്കം. അവിടെയും അഖിലേഷ് യാദവുമായുള്ള കൂടിയാലോചനകൾ വിജയിച്ചില്ല. അങ്ങനെയാണ് തൃണമൂൽ അഭയകേന്ദ്രമാവുന്നത്.

യു.ഡി.എഫിൽ പ്രവേശനം നേടാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ അൻവറിന് വേറെ വഴിയില്ലാതായി. അൻവർ പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളെയും പിന്നീട് പി.കെ.കുഞ്ഞാലിക്കുട്ടിയെയും കണ്ടിരുന്നു. മുസ്‍ലിം ലീഗ് ആദ്യം താല്പര്യം പ്രകടിപ്പിച്ചുവെങ്കിലും അൻവറിനെ യു.ഡി.എഫുമായി സഹകരിപ്പിക്കുന്ന വിഷയത്തിൽ കോൺഗ്രസ് എടുക്കുന്ന ഏതു തീരുമാനത്തിനുമൊപ്പവും നിൽക്കുമെന്ന് പിന്നീട് നിലപാട് മാറ്റി.

ഇതനുസരിച്ച് കോൺഗ്രസ് നേതാക്കളെ കാണാൻ അൻവർ തിരുവനന്തപുരത്തു കഴിഞ്ഞദിവസം എത്തിയെങ്കിലും ആരും സമയം നൽകിയിരുന്നില്ല. സമരത്തിന്റെ പേരിൽ എം.എൽ.എയെ അറസ്റ്റ് ചെയ്ത രീതിയോടുള്ള പ്രതികരണത്തെ അൻവറിനു പിന്തുണ നൽകുന്നതായി ദുർവ്യാഖ്യാനം ചെയ്തെന്നാണു യു.ഡി.എഫ്. നേതാക്കൾ പറയുന്നത്.

പഴയ അനുയായി എന്ന നിലയിൽ കെ.പി.സി.സി. പ്രസിഡൻ്റ് കെ.സുധാകരന് അൻവറിനോടു താല്പര്യമുണ്ടായിരുന്നു. എന്നാൽ, രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ചിട്ടുള്ള അൻവറിനെ സ്വീകരിക്കുന്നതിൽ കോൺഗ്രസിൽ അഭിപ്രായ സമന്വയം ഉണ്ടായിരുന്നില്ല. അൻവറിനെ മുന്നണിയിലെടക്കുന്ന കാര്യത്തിൽ വ്യക്തമായൊരു തീരുമാനം പറയാതെ കോൺഗ്രസും ലീഗും തട്ടിക്കളിക്കുന്നതിനിടെയാണ് നിലമ്പൂരിൽ നിന്ന് കൊൽക്കത്തയിലേക്ക് ഹോട്ട്ലൈൻ ബന്ധം വരുന്നത്. മമതയെ അന്‍വര്‍ കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

Recent Articles

Related Articles

Special

Enable Notifications OK No thanks