Follow the FOURTH PILLAR LIVE channel on WhatsApp
കല്പറ്റ: വയനാട് ഡി.സി.സി ട്രഷർ എൻ.എം.വിജയൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസിനെതിരെ കുടുംബം. എൻ.എം.വിജയന്റെ മരണശേഷം കോൺഗ്രസ് ബന്ധപ്പെട്ടിട്ടില്ലെന്ന് മകൻ വിജേഷ് പറഞ്ഞു. കോൺഗ്രസ് നേതാക്കൾ കത്തുണ്ടോ എന്ന് ചോദിച്ച് ആദ്യഘട്ടത്തിൽ പിന്നാലെ കൂടിയിരുന്നു. എന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യമെന്ന് അദ്ദേഹം പറഞ്ഞു.
കെ.സുധാകരനും വി.ഡി.സതീശനും നേരിട്ടാണ് കത്ത് നൽകിയത് എന്ന് വിജേഷ് പറഞ്ഞു. നമുക്ക് നോക്കാം എന്ന് സുധാകരൻ മറുപടി നൽകിയിരുന്നു. എന്നാഷ സതീശനിൽ നിന്ന് ലഭിച്ച പ്രതികരണം നല്ല നിലയിൽ ആയിരുന്നില്ലെന്ന് മകൻ പറഞ്ഞു. ഇത് വ്യക്തികൾ തമ്മിലുള്ള പ്രശ്നം എന്നുള്ള രീതിയിലാണ് പറഞ്ഞത്. എം.എൽ.എയും ഡി.സി.സി. പ്രസിഡന്റും വ്യക്തികൾ ആണോ, പാർട്ടിയല്ലേ? കത്തിനെക്കുറിച്ച് അറിയില്ല എന്നു പറയുന്നത് ന്യായമല്ലെന്ന് വിജേഷ് പറഞ്ഞു.
മരണം ഉണ്ടായിട്ട് ഒരു നേതാക്കളും തിരിഞ്ഞുനോക്കിയില്ല. അച്ഛൻ മരിച്ചിട്ടും നീതി കിട്ടിയിട്ടില്ലെന്ന് മരുമകൾ പത്മജ പ്രതികരിച്ചു. ആദ്യം തന്നെ ഇത് കുടുംബ പ്രശ്നമാക്കാൻ ശ്രമം നടന്നു. ഇക്കാര്യത്തിൽ വനിതാ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്. ബന്ധുക്കളെ പോലും നേതാക്കൾ തെറ്റിദ്ധരിപ്പിച്ചു. പ്രശ്നം വഴിതിരിച്ചുവിടാൻ ശ്രമിച്ചു. നിലവിലെ അന്വേഷണം തൃപ്തികരമാണ്. വിജിലൻസിന് ചൊവ്വാഴ്ച മൊഴി നൽകുമെന്ന് പത്മജ പറഞ്ഞു.
സാമ്പത്തിക ബാധ്യതയ്ക്ക് പാർട്ടി തന്നെയാണ് ഉത്തരവാദിയെന്ന് വിജേഷ് പറഞ്ഞു. പിതാവിന്റെ വ്യക്തിപരമായ കടത്തെക്കുറിച്ച് കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. പാർട്ടിക്ക് വേണ്ടിയാണ് ഇത്രയും കടം വരുത്തിവെച്ചിട്ടുള്ളത്. ആ കടം പാർട്ടി തന്നെ ഏറ്റെടുക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.