ന്യൂഡൽഹി: അക്കാദമിക പരിചയമില്ലാത്തവരെയും ഇനി സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരാക്കാമെന്ന് യു.ജി.സി. മാര്‍ഗരേഖ. വ്യവസായം, പൊതുഭരണം, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നീ രംഗങ്ങളിലെ ഉന്നതരെ വി.സിമാരാക്കാം. അധ്യാപന പരിചയം നിര്‍ബന്ധമില്ല. അതതു മേഖലകളില്‍ പ്രാഗല്ഭ്യവും പാണ്ഡിത്യവും തെളിയിച്ചിരിക്കണം എന്നു മാത്രമാണ് മാനദണ്ഡം.
ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ പ്രൊഫസറായോ ഗവേഷണ-അക്കാദമിക ഭരണനിര്‍വഹണ സ്ഥാപനത്തിലെ ഉന്നതനായോ 10 വർഷത്തെ പരിചയസമ്പത്തുമുള്ളവരെ വി.സിമാരായി പരിഗണിക്കാമെന്നാണ് യു.ജി.സി. മാര്‍ഗരേഖയിലെ ആദ്യ 2 വ്യവസ്ഥകള്‍. ഇതിനുപുറമേയാണ്, 10 വര്‍ഷത്തെ അനുഭവസമ്പത്തുമാത്രം അടിസ്ഥാനമാക്കി അക്കാദമിക മേഖലയ്ക്ക് പുറത്തുള്ളവരെയും നിയമിക്കാനുള്ള വ്യവസ്ഥ.
അക്കാദമിക മേഖലയ്ക്ക് പുറത്തുള്ളവരെ കോളേജ് അധ്യാപകരാക്കാനും ശുപാര്‍ശചെയ്തിട്ടുണ്ട്. ഇതിനായി, വിദഗ്ധരെ നിയമിക്കാവുന്ന ‘പ്രൊഫസര്‍ ഓഫ് പ്രാക്ടീസ്’ നടപ്പാക്കാമെന്നാണ് നിര്‍ദേശം. വിദഗ്ധര്‍, പ്രൊഫഷണലുകള്‍, വ്യവസായികള്‍ എന്നിവരെയൊക്കെ അധ്യാപകരാക്കാം. അനുവദിക്കപ്പെട്ട തസ്തികയില്‍ 10 ശതമാനംവരെ ഇത്തരത്തിലുള്ള നിയമനം നടത്താമെന്നാണ് യു.ജി.സി. പറയുന്നത്.