Follow the FOURTH PILLAR LIVE channel on WhatsApp
കണ്ണൂര്‍: സി.പി.എം. കണ്ണപുരം ചുണ്ട ബ്രാഞ്ചംഗം കണ്ണപുരത്തെ അലിച്ചിവീട്ടില്‍ റിജിത്ത് ശങ്കരനെ (25) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി-3 ആണ് വിധി പ്രസ്താവിച്ചത്. കേസില്‍ 9 ബി.ജെ.പി.-ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ആകെ 10 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ ഒരാള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. 19 കൊല്ലം മുമ്പ് നടന്ന കൊലപാതകത്തിലാണ് ഇപ്പോൾ കോടതിയുടെ ന്യായവിധി.
ചുണ്ടയിലും പരിസരത്തുമുള്ള ആര്‍.എസ്.എസ്.-ബി.ജെ.പി. പ്രവര്‍ത്തകരായ വയക്കോടന്‍ വീട്ടില്‍ വി.വി.സുധാകരന്‍, കോത്തല താഴെവീട്ടില്‍ കെ.ടി.ജയേഷ്, വടക്കേ വീട്ടില്‍ വി.വി.ശ്രീകാന്ത്, പുതിയപുരയില്‍ പി.പി.അജീന്ദ്രന്‍, ഹൈവേ അനിൽ എന്ന ഇല്ലിക്കല്‍ വളപ്പില്‍ ഐ.വി.അനില്‍കുമാര്‍, പുതിയ പുരയില്‍ പി.പി.രാജേഷ്, ചാക്കുള്ള പറമ്പില്‍ സി.പി.രഞ്ജിത്ത്, വടക്കേ വീട്ടില്‍ വി.വി.ശ്രീജിത്ത്, തെക്കേ വീട്ടില്‍ ടി.വി.ഭാസ്‌കരന്‍ എന്നിവരാണ് പ്രതികള്‍. 3ാം പ്രതി കോത്തല താഴെവീട്ടില്‍ അജേഷ് വിചാരണയ്ക്കിടെ വാഹനാപകടത്തില്‍ മരിച്ചു. കേസുമായി ബന്ധപ്പെട്ട 28 സാക്ഷികളെ കോടതി വിസ്തരിച്ചു. 59 രേഖകളും 50 തൊണ്ടിമുതലും പ്രോസിക്യൂഷന്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കി.
2005 ഒക്ടോബര്‍ 3നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചുണ്ട തച്ചന്‍കണ്ടി ക്ഷേത്രത്തിനടുത്തുവെച്ചാണ് റിജിത്തിനെ കൊലപ്പെടുത്തിയത്. കിണറിനുപിറകില്‍ ഒളിച്ചിരുന്ന 10 പേര്‍ ആയുധവുമായി ചാടിവീണ് അക്രമിക്കുകയായിരുന്നു. ഒന്നാം പ്രതി സുധാകരന്‍ അക്രമത്തിന് തുടക്കമിട്ടു. ഒന്നിച്ചുണ്ടായിരുന്ന നികേഷിനെ കുത്തുന്നത് തടഞ്ഞ റിജിത്തിനെ രണ്ടാം പ്രതി ജയേഷ് കഠാരകൊണ്ട് കുത്തി. ശരീരത്തിന്റെ പിറകിലാണ് കുത്തേറ്റത്. റിജിത്തിന് ചെറുകുന്ന് സെൻ്റ് മാര്‍ട്ടിന്‍ ഡി പോറസ് ആസ്പത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കി കണ്ണൂര്‍ എ.കെ.ജി. ആസ്പത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചു.
സംഭവത്തിന്റെ തലേദിവസം വൈകീട്ട് ആര്‍.എസ്.എസ്. ശാഖ നടത്തുന്നതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് അക്രമ കാരണം. ആര്‍.എസ്.എസ്. ശാഖ അക്രമിക്കാന്‍ എത്തിയപ്പോള്‍ അപരിചിതരായ ആളുകള്‍ അക്രമിച്ചെന്നായിരുന്നു പ്രതിഭാഗ വാദം. സംഭവം നടന്ന സ്ഥലം ശാഖയുടെ അടുത്തല്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.
രാത്രി 9 മണിയോടെ സുഹൃത്തുക്കള്‍ക്കൊപ്പം നടന്നുപോകുമ്പോഴാണ് അക്രമം. സുഹൃത്തുക്കളായ കെ.വി. നികേഷ്, ആര്‍.എസ്. വികാസ്, കെ.എന്‍. വിമല്‍ എന്നിവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. നികേഷിന്റെ പരാതിയാണ് കേസെടുത്തത്. വാക്കത്തി, കഠാര, വടിവാള്‍, വലിയ കഠാര, സ്റ്റീല്‍പൈപ്പ്, ഉറയോടുകൂടിയ വാള്‍ എന്നിവ ഉപയോഗിച്ചാണ് അക്രമിച്ചത്.
അക്രമിക്കാന്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍ മൂന്നിടത്തുനിന്ന് അന്വേഷണ സംഘം കണ്ടെത്തി. കണ്ണപുരം റെയില്‍വേ സ്റ്റേഷന്‍ പരിസരം, ഒരു വീട്ടിലെ മടല്‍ കൂമ്പാരം, നീലിയാര്‍കോട്ടം മരത്തിന് സമീപം എന്നിവിടങ്ങളില്‍നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. വളപട്ടണം സി.ഐ.യായിരുന്ന ടി.പി. പ്രേമരാജനാണ് അന്വേഷണം നടത്തിയത്.